എസ്റ്റേറ്റ് വിലയ്ക്കെടുക്കൽ: മറ്റു ഭൂമികളിലെ ഉടമസ്ഥത സർക്കാറിനു നഷ്ടമാകാൻ സാധ്യത
text_fieldsകൽപറ്റ: സർക്കാറിൽ നിക്ഷിപ്തമാകേണ്ട എസ്റ്റേറ്റ് ഭൂമിതന്നെ മുണ്ടക്കൈ ഉരുൾ ദുരന്തബാധിതരുടെ പുനരധിവാസത്തിന് വിലകൊടുത്തുവാങ്ങുന്നത്, ഇത്തരത്തിലുള്ള മറ്റു സ്ഥലങ്ങളുടെ ഉടമസ്ഥാവകാശവും സർക്കാറിന് നഷ്ടപ്പെടാൻ ഇടയാക്കും.
ഉരുൾ പുനരധിവാസത്തിന് വയനാട്ടിലെ രണ്ട് എസ്റ്റേറ്റുകളും ഏറ്റെടുക്കാമെന്ന കഴിഞ്ഞ ദിവസത്തെ ഹൈകോടതി വിധിയിൽ നിലവിലെ കൈവശക്കാർ അതിന്റെ ഉടമസ്ഥരാണ് എന്ന തരത്തിലുള്ള പരാമർശമുണ്ട്. ഇതു ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു. ലാൻഡ് റിസംപ്ഷൻ ഓഫിസറായി സംസ്ഥാന സർക്കാർ നിയമിച്ച എം.ജി. രാജമാണിക്യം വൻകിടക്കാരുടെ കൈവശമുള്ള കേരളത്തിലെ 1,40,000 ഏക്കർ ഭൂമി സർക്കാറിന്റേതാണെന്ന് കണ്ടെത്തിയിരുന്നു. ഇവയിൽ സർക്കാറിന്റെ ഉടമസ്ഥത നഷ്ടമാകാൻ ഈ വിധി ഇടയാക്കുമെന്നാണ് ആശങ്ക.
ടൗൺഷിപ് പദ്ധതിക്കായി കല്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്റെ പുല്പാറ ഡിവിഷനിലെ 78.73 ഏക്കറും ഹാരിസണ്‍സ് മലയാളം പ്ലാന്റേഷന്റെ നെടുമ്പാല എസ്റ്റേറ്റിലെ 65.41 ഏക്കര്‍ ഭൂമിയുമാണ് സർക്കാർ ഏറ്റെടുക്കുന്നത്.
ഇതിനെതിരെ എസ്റ്റേറ്റ് ഉടമകൾ നൽകിയ കേസിൽ സർക്കാറിന് ഭൂമിയേറ്റെടുക്കാൻ പരമാധികാരമുണ്ടെന്നും തോട്ടം ഉടമകൾക്ക് നിയമപ്രകാരം നഷ്ടപരിഹാരം നൽകണമെന്നുമാണ് ഹൈകോടതി ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് ഉത്തരവിട്ടത്. തോട്ടം കൈവശം വെച്ചിരിക്കുന്നവർക്ക് അതിൽ ഉടമസ്ഥതയുണ്ടെന്ന് ഹൈകോടതി ഡിവിഷൻ െബഞ്ച് നേരത്തേ കണ്ടെത്തിയിട്ടുണ്ടെന്ന തരത്തിൽ ഉത്തരവിൽ പരാമർശവുമുണ്ട്. പാട്ടക്കാലാവധി കഴിഞ്ഞതും സര്‍ക്കാറില്‍ നിക്ഷിപ്തമാകേണ്ടതുമായ വിവിധ തോട്ടംഭൂമികളുടെ ഉടമസ്ഥത സംബന്ധിച്ച സിവിൽ കോടതികളിലെ കേസുകളിൽ ഈ പരാമർശം സർക്കാറിന് തിരിച്ചടിയാകും.
വയനാട്, പത്തനംതിട്ട, തിരുവനന്തപുരം, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇത്തരത്തിൽ കേസുകളുണ്ട്. പത്തനംതിട്ടയിലെ ശബരിമല വിമാനത്താവളവുമായി ബന്ധപ്പെട്ട ചെറുവള്ളി എസ്റ്റേറ്റ് സംബന്ധിച്ചും കേസുണ്ട്.
1947ന് മുമ്പ് വിദേശകമ്പനികളും ബ്രിട്ടീഷ് പൗരന്മാരും കൈവശം വെച്ചിരുന്ന ഏക്കർകണക്കിന് ഭൂമിയാണ് കേരളത്തിലുള്ളത്. രാജ്യത്തിന് സ്വാതന്ത്യം കിട്ടിയതോടെ വിദേശക്കമ്പനികൾ അവരുടെ ഭൂസ്വത്തുക്കൾ ഇന്ത്യൻ സർക്കാറിന് കൈമാറണമെന്നാണ് നിയമം. ഇതിലുൾപ്പെട്ട ഭൂമിയാണ് എൽസ്റ്റൺ എസ്റ്റേറ്റും നെടുമ്പാല എസ്റ്റേറ്റും. സമാനമായ ഹാരിസൺസ് കേസിൽ മുമ്പ് ഹൈകോടതി ജസ്റ്റിസ് വിനോദ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള ഡിവിഷൻ ബെഞ്ച് പറഞ്ഞത് ഇത്തരം ഭൂമികളുടെ ഉടമസ്ഥത സംബന്ധിച്ചുള്ള വിധിക്ക് ഹൈകോടതിക്ക് അധികാരമില്ലെന്നാണ്. തുടർന്നാണ് 2019ൽ ഭൂമികളുടെ ഉടമസ്ഥത സംബന്ധിച്ച് അതത് ജില്ലകളിലെ സിവിൽ കോടതികളിൽ കേസ് നൽകണമെന്ന് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ജില്ല കലക്ടർമാരോട് ഉത്തരവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.