എസ്റ്റേറ്റ് ഭൂമി ഉടമസ്ഥത; സർക്കാറിന് തിരിച്ചടിയാകുന്നത് സിവിൽ കേസുകളോടുള്ള അനിഷ്ടം
text_fieldsകൊച്ചി: എസ്റ്റേറ്റ് ഭൂമികളുടെ ഉടമസ്ഥതക്കായി കാലങ്ങളായി സിവിൽ കേസുകൾ നൽകാതിരുന്നത് സർക്കാറിന് തിരിച്ചടിയാവുന്നു. വയനാട് പുനരധിവാസ ഭൂമിയുടെ കാര്യത്തിലും സർക്കാറിനെ വെട്ടിലാക്കിയത് ഇതാണ്. എസ്റ്റേറ്റുകളുടെ യഥാർഥ ഉടമ തങ്ങളാണെന്ന സർക്കാർ വാദത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും അവകാശം സ്ഥാപിച്ചെടുക്കാവുന്ന സിവിൽ നടപടികൾ മുമ്പൊന്നും ഉണ്ടാകാതിരുന്നതും അനുകൂല തീർപ്പുകൾ ഇല്ലാത്തതുമാണ് കേസുകൾ പ്രതികൂലമാവാൻ കാരണം. ഹാരിസണ്‍ മലയാളം ലിമിറ്റഡ് അടക്കം കമ്പനികളുടെ 38,000 ഏക്കര്‍ ഭൂമി തിരിച്ചുപിടിക്കാൻ സർക്കാർ 2013ൽ എ.ജി. രാജമാണിക്യത്തെ സ്പെഷല്‍ ഓഫിസറായി നിയമിച്ചെങ്കിലും അദ്ദേഹം സ്വീകരിച്ച നടപടികളെല്ലാം ഹൈകോടതി റദ്ദാക്കിയിരുന്നു. കേരള ഭൂസംരക്ഷണ നിയമപ്രകാരം ഭൂമിയുടെ ഉടമസ്ഥാവകാശം സിവിൽ കോടതിയാണ് തീരുമാനിക്കേണ്ടതെന്നും സ്പെഷൽ ഓഫിസര്‍ക്ക് ഇതിന് അധികാരമില്ലെന്നും വ്യക്തമാക്കിയാണ് നടപടികൾ അന്ന് ഡിവിഷന് ബെഞ്ച് റദ്ദാക്കിയത്. കൈയേറിയ സര്‍ക്കാര്‍ ഭൂമി ഒഴിപ്പിക്കാന്‍ മാത്രമേ നിയമപ്രകാരം സ്പെഷല്‍ ഓഫിസര്‍ക്ക് അധികാരമുള്ളൂവെന്നും കോടതി വ്യക്തമാക്കി.
സ്പെഷൽ ഓഫിസർ നിയമനത്തിനുശേഷം ഇത്തരം ഭൂമി സർക്കാറിന്റേതാണെന്ന നിഗമനത്തിൽ റവന്യൂ അധികൃതർ കരം തീർത്ത് നൽകാതിരുന്നപ്പോഴും കോടതിയുടെ ഇടപെടലുണ്ടായി. സിവിൽ കോടതി ഉത്തരവുകളുടെ പിൻബലമില്ലാതെ സർക്കാറിന് ഏകപക്ഷീയ നടപടി സ്വീകരിക്കാനാവില്ലെന്നായിരുന്നു കോടതി വ്യക്തമാക്കിയത്. തുടർന്ന് 2019ൽ സിവിൽ കേസുകൾ നൽകാൻ കലക്ടർമാർക്കടക്കം നിർദേശം നൽകി. ഓരോ തോട്ടങ്ങളും വ്യത്യസ്ത ഭരണകാലങ്ങളില്‍ വ്യത്യസ്ത നിയമങ്ങളുടെ അടിസ്ഥാനത്തില്‍ അനുവദിച്ചതായതിനാല്‍ അവയെ ഒറ്റയടിക്ക് നേരിടാനാവില്ല. അതി സങ്കീര്‍ണമായ നിയമനടപടികള്‍ക്കുശേഷം ഇതിൽ തീർപ്പുണ്ടാവാൻ വർഷങ്ങൾ വേണ്ടിവരും.
നിലവിലെ സാഹചര്യത്തിൽ കൈവശാവകാശവുമായി ബന്ധപ്പെട്ട് താലൂക്ക് ലാൻഡ് ബോർഡോ റവന്യൂ അധികൃതരോ നൽകിയ രേഖകളടക്കം എസ്റ്റേറ്റ് ഉടമകളുടെ പക്കലുണ്ട്. സർക്കാറിന്റെ ഭാഗത്താകട്ടെ അവകാശവാദം മാത്രമാണുള്ളത്. വ്യാജ രേഖകളിലോ കൈയേറ്റത്തിലോ മാത്രമേ നടപടിയെടുത്ത് ഭൂമി തിരിച്ചുപിടിക്കാൻ സർക്കാറിന് കഴിയുന്നുള്ളൂ. ഉടമസ്ഥാവകാശം സ്ഥാപിക്കപ്പെട്ടിട്ടില്ലാത്ത സാഹചര്യത്തിൽ കൈവശക്കാരിൽനിന്ന് ഭൂമി ഏറ്റെടുക്കണമെങ്കിൽ മുഴുവൻ തുകയും നൽകണമെന്ന സുപ്രീംകോടതിയുടേതടക്കം ഉത്തരവുകൾ പരിഗണിച്ചാണ് നിലവിൽ കോടതികൾ ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നത്. വയനാട് പുനരധിവാസ ഭൂമിയുടെ കാര്യത്തിലും അതാണ് സംഭവിച്ചത്. ഈ സാഹചര്യത്തിലാണ് ഭൂമി ഏറ്റെടുക്കാൻ നൽകിയ തുക സിവിൽ കേസുകളുടെ തീർപ്പിന് വിധേയമായി തിരിച്ചു നൽകണമെന്ന ഉപാധിപോലും സർക്കാറിന് ആശ്വാസമാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.