ആറുകോടി രൂപക്ക് നിർമിക്കുന്നത് ഒരു കിലോമീറ്റർ റോഡ്; എസ്റ്റിമേറ്റ് കണ്ട് കണ്ണുതള്ളി നാട്ടുകാർ
text_fieldsഇരിട്ടി: മലയോരത്തിെൻറ വികസനത്തിന് വഴിതുറന്ന് എടൂർ- കമ്പനിനിരത്ത്- ആനപ്പന്തി- അങ്ങാടിക്കടവ്- കച്ചേരിക്കടവ് പാലത്തിൻ കടവ് മലയോര പാതയെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുന്ന പദ്ധതിക്ക് തുടക്കം കുറിച്ചെങ്കിലും പദ്ധതി ചെലവിൽ സംശയം ഉന്നയിച്ച് ജനകീയ കമ്മിറ്റി രംഗത്ത്.
21.45 കിലോമീറ്റർ റോഡിെൻറ നവീകരണത്തിനായി 128.43 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. അതിനാൽ ഒരു കിലോമീറ്റർ റോഡിന് ശരാശരി ആറു കോടിയിൽ അധികം വരും. റോഡിന് പുതുതായി സ്ഥലംപോലും ഏറ്റെടുക്കാതെയാണ് ഇത്രയും വലിയ തുകയുടെ എസ്റ്റിമേറ്റ് അംഗീകരിച്ചിരിക്കുന്നത്. നേരത്തെ ഇതിന് 220 കോടിയുടെ എസ്റ്റിമേറ്റായിരുന്നു നിർണയിച്ചിരുന്നത്. ഇതിൽ 40 ശതമാനത്തോളം കുറവിലാണ് പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്. കെ.എസ്.ടി.പി മുഖാന്തരം നടപ്പിലാക്കുന്ന പ്രവൃത്തിക്ക് പുതുതായി സ്ഥലം ഏറ്റെടുക്കില്ലെന്ന് പറയുന്നുമുണ്ട്. ലോകബാങ്ക് സഹായത്തോടെയുള്ള റീബിൽഡ് കേരള പദ്ധതിയിൽപെടുത്തിയാണ് 21.45 കിലോമീറ്റർ ദൈർഘ്യത്തിൽ റോഡ് പുനർനിർമിക്കുന്നത്.
പുതുതായി സ്ഥലം ഏറ്റെടുക്കാതെ നിലവിലുള്ള വീതിക്ക് ആനുപാതികമായി അഞ്ചു മീറ്റർ മെക്കാഡം ടാറിങ്ങും റോഡിെൻറ ഇരുവശങ്ങളിലും ഒന്നര മീറ്റർ വീതിയിൽ കോൺക്രീറ്റുമാണ് എസ്റ്റിമേറ്റിൽ പറയുന്നത്. സ്ഥലം ഏറ്റെടുക്കാതെ റോഡ് 11 മീറ്ററാക്കാനുള്ള ശ്രമം നടക്കുന്നതാണ് ഒരു വിഭാഗം നാട്ടുകാരിൽ സംശയം ഉയർത്തിയിരിക്കുന്നത്. വീതികൂട്ടുമ്പോൾ നഷ്ടപ്പെടുന്നതിൽ ഭൂരിഭാഗവും കർഷകരുടെ ഭൂമിയാണ്. ഇത്രയും ഭീമമായ തുകയുടെ എസ്റ്റിമേറ്റ് അംഗീകരിക്കുമ്പോൾ, ഭൂമി നഷ്ടപ്പെടുന്ന കർഷകെൻറ കാര്യം പരിഗണിക്കപ്പെടാതെ പോയതാണ് പ്രതിഷേധത്തിനിടയാക്കിയിരിക്കുന്നത്. കരാർ വ്യവസ്ഥയിൽ പറയാത്ത വീതികൂട്ടൽ പ്രവൃത്തി താൽക്കാലികമായി നിർത്തിവെക്കാൻ ഹൈകോടതി ഉത്തരവിട്ടു.
പ്രദേശവാസികളായ 37 പേർ നൽകിയ ഹരജിയിലാണ് സർക്കാർ പ്ലീഡറിൽനിന്ന് വിശദീകരണം കേട്ടശേഷം ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഈ മാസം 29 വരെ നിലവിലുള്ള സ്ഥിതി തുടരാൻ ഉത്തരവിട്ടത്. റോഡ് പ്രവൃത്തിയുടെ ചെലവുമായി ബന്ധപ്പെട്ട സംശയം ദൂരീകരിക്കാൻ നടപടി വേണമെന്ന് ജനകീയ കമ്മിറ്റി ഭാരവാഹികളായ സി.എം.ഫിലിപ്പ്, ജോസഫ് സ്കറിയ, അഡ്വ. മനോജ് എം.പീറ്റര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.