മീഡിയവൺ വിലക്കിനെതിരെ ലോക്സഭയിൽ ആഞ്ഞടിച്ച് ഇ.ടി മുഹമ്മദ് ബഷീർ
text_fieldsന്യൂഡൽഹി: മീഡിയവൺ വിലക്കിനെതിരെ ലോക്സഭയിൽ നടന്ന രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ചയിൽ ആഞ്ഞടിച്ച് മുസ്ലിം ലീഗ് പാർലമെന്‍ററി പാർട്ടി നേതാവ് ഇ.ടി. മുഹമ്മദ് ബഷീർ. കേരളത്തിൽ മീഡിയവൺ ചാനലിന് സമ്പൂർണമായ സംപ്രേഷണ വിലക്കാണ് ഏർപ്പെടുത്തിയതെന്ന് ഇ.ടി മുഹമ്മദ് ബഷീർ കുറ്റപ്പെടുത്തി.
ഒരു ന്യായീകരണവുമില്ലാതെയാണിത്. ഒരു നോട്ടീസ് പോലും നൽകാതെയാണ് മീഡിയാവൺ ചാനലിന്‍റെ സംപ്രേഷണം നിർത്തിവെക്കാൻ ഉത്തരവിട്ടത്. എന്താണ് സർക്കാറിന്‍റെ മാധ്യമങ്ങളോടുള്ള നിലപാട് എന്ന് വ്യക്തമാക്കണം. കേന്ദ്ര സർക്കാർ മാധ്യമങ്ങൾക്ക് മേൽ ഉരുക്കുമുഷ്ടി പ്രയോഗിക്കുകയാണെന്നും ബഷീർ പറഞ്ഞു.
മാധ്യമങ്ങളെ നിശബ്ദരാക്കാനാണ് സർക്കാർ ആഗ്രഹിക്കുന്നത്. വിമർശനങ്ങളോട് ഒട്ടും അസഹിഷ്ണുത കാണിക്കുന്നില്ല. അത് ജനാധിപത്യത്തിന് ഭൂഷണമല്ല. മാധ്യമങ്ങൾ ഫോർത്ത് എസ്റ്റേറ്റാണ്. ജനാധിപത്യത്തിന്‍റെ തൂണാണ്. അതിന് പരിക്കേൽപിച്ചാൽ ജനാധിപത്യത്തിനേൽക്കുന്ന പരിക്കാണത്. ജനാധിപത്യത്തെ ഈ വിധത്തിലാക്കരുതെന്നും ബഷീർ ആവശ്യപ്പെട്ടു.
മീഡിയവൺ വിലക്കിനുള്ള കാരണം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് എം.പി പി.വി അബ്ദുൽ വഹാബ് നൽകിയ അടിയന്തര ചോദ്യം രാജ്യസഭ നീട്ടിവെച്ചു. രാജ്യസഭാ നടപടി ചട്ടം 58(1) പ്രകാരം ചോദ്യം അടിയന്തര സ്വഭാവത്തിലുള്ളതല്ലെന്നും മാർച്ച് പത്തിന് ആരംഭിക്കുന്ന ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാം ഘട്ടത്തിൽ സാധാരണ ചോദ്യമായി അനുവദിക്കാമെന്നും രാജ്യസഭാ സെക്രട്ടേറിയേറ്റ് വഹാബിന് രേഖാമൂലം മറുപടി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.