മതങ്ങളെ തമ്മിലടിപ്പിച്ച് രാജ്യത്ത് വിഷം കലക്കാൻ ശ്രമിക്കുന്നു; അനുവദിക്കില്ലെന്ന് ഇ.ടി. മുഹമ്മദ് ബഷീർ
text_fieldsന്യൂഡൽഹി: മോദി സർക്കാർ ലോക്സഭയിൽ അവതരിപ്പിച്ച വഖഫ് ഭേദഗതി ബില്ലിനെതിരെ രൂക്ഷ വിമർശനവുമായി മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി. മതങ്ങളെ തമ്മിലടിപ്പിച്ച് രാജ്യത്ത് വിഷം കലക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നുവെന്നും അത്തരം നീക്കം അനുവദിക്കില്ലെന്നും ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞു.
വഖഫ് ബിൽ ഭരണഘടനാവിരുദ്ധവും മൗലികാവകാശത്തിന്‍റെ ലംഘനവുമാണ്. ആർട്ടിക്ൾ 14, 15, 25, 26, 30 എന്നിവയുടെ ലംഘനമാണ്. കേന്ദ്ര സർക്കാറിന്‍റെ വൃത്തിക്കെട്ട അജണ്ടയാണ് നടപ്പാക്കുന്നത്. വിവാദ ബിൽ പാസാക്കിയാൽ രാജ്യത്തെ വഖഫ് സംവിധാനം തകർക്കപ്പെടുമെന്നും ഇ.ടി ചൂണ്ടിക്കാട്ടി.
വഖഫ് ബോർഡിനും വഖഫ് കൗൺസിലിനും യാതൊരു പ്രധാന്യവും ഇല്ലാതാകും. വഖഫ് ബോർഡിന്‍റെ എല്ലാ അധികാരങ്ങൾ കവർന്നെടുത്ത് ജില്ല കലക്ടർമാർക്ക് നൽകപ്പെടും. വഖഫ് ബോർഡ് ചെയർമാന്‍റെ അധികാരത്തിന് മുകളിൽ കലക്ടർ വരുന്ന സാഹചര്യമുണ്ടാകും.
പല വിധത്തിൽ രാജ്യത്ത് വിഷം കലർത്താൻ കേന്ദ്ര സർക്കാർ ശ്രമിക്കുകയാണ്. രാജ്യത്തിന്‍റെ മതേതര സ്വഭാവത്തെ തകർക്കും. ഹിന്ദു-മുസ്ലിം ഐക്യം തകർക്കുകയാണ് സർക്കാറിന്‍റെ ലക്ഷ്യമെന്നും ഇ.ടി മുഹമ്മദ് ബഷീർ ചൂണ്ടിക്കാട്ടി.
കേന്ദ്രസർക്കാർ അവതരിപ്പിച്ച വിവാദ വഖഫ് ഭേദഗതി ബില്ലിനെതിരെ ലോക്സഭയിൽ രൂക്ഷവിമർശനമാണ് ഉയർന്നത്. ബില്ലിനെ ചൊല്ലി ലോക്സഭയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാക്പോര് അരങ്ങേറിയിരുന്നു. ബില്ലിനെ എതിർക്കുന്ന ഇൻഡ്യ സഖ്യ നേതാക്കൾ ക്ഷേത്രഭരണത്തിൽ മുസ്‍ലിംകളെ ഉൾപ്പെടുത്താറുണ്ടോ എന്ന ചോദ്യവും ഉന്നയിച്ചു.
ബിൽ മതപരമായ വിഷയത്തിലുള്ള ഇടപെടലാണെന്ന് കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാൽ ചൂണ്ടിക്കാട്ടി. അമുസ്‍ലിംകളെ വഖഫ് ബോർഡിൽ ഉൾപ്പെടുത്തുന്നത് മതത്തിലുള്ള കടന്നുകയറ്റമാണ്. നാളെ മറ്റ് മതങ്ങളിലും ഇതേ നിലയിൽ കടന്നുകയറ്റമുണ്ടാകും. ഈ വിഭജന രാഷ്ട്രീയം ജനം അംഗീകരിക്കില്ല. അയോധ്യ രാമക്ഷേത്രത്തിലും ഗുരുവായൂർ ക്ഷേത്രത്തിലുമെല്ലാം അഹിന്ദുക്കളെ ഭരണസമിതിയിൽ അംഗങ്ങളാക്കുമോയെന്നും അദ്ദേഹം ചോദിച്ചു.
ഭരണഘടനാപരമായ നിരവധി പിഴവുകൾ ബില്ലിലുണ്ടെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയതിന് പിന്നാലെ ഭേദഗതി ബിൽ വിശദ പരിശോധനക്കായി സംയുക്ത പാർലമെന്ററി കമ്മിറ്റിക്ക് വിട്ടിരിക്കുകയാണ്.
രാജ്യത്തെ വഖഫ് സ്വത്തുക്കളുടെ ഉടമസ്ഥതയിലും പരിപാലനത്തിലും വഖഫ് ബോർഡുകളുടെ ഘടനയിലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്കും വഖഫ് കൈയേറ്റങ്ങൾക്കും ഇടയാക്കുന്ന വഖഫ് നിയമ ഭേദഗതി ബിൽ 2024 കേന്ദ്ര സർക്കാർ പുറത്തുവിട്ടിരിക്കുകയാണ്. പാർലമെന്റിൽ അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് വിവാദ ബില്ലിന്റെ പകർപ്പ് ബുധനാഴ്ച എം.പിമാർക്ക് വിതരണം ചെയ്തത്. ബില്ലിലെ പ്രധാന വ്യവസ്ഥകൾ താഴെപ്പറയുന്നവയാണ്.
ബില്ലിലെ പ്രധാന വ്യവസ്ഥകൾ
- വഖഫ് തർക്കങ്ങളിൽ വഖഫ് ബോർഡിന്‍റെ തീരുമാനം അന്തിമമായിരിക്കും എന്നത് നീക്കം ചെയ്തു. ഇതോടെ വഖഫ് സ്വത്തുക്കൾ തീരുമാനിക്കുന്ന കാര്യത്തിൽ അവസാന വാക്ക് സർക്കാറിന്റേതാകും.
- വഖഫ് തർക്കങ്ങളിൽ വഖഫ് ട്രൈബ്യൂണലുകളുടെ തീരുമാനം അന്തിമമായിരിക്കും എന്ന വ്യവസ്ഥയും എടുത്തുകളഞ്ഞു.
- ഏത് വ്യക്തിക്കും അവനവന്റെ സ്ഥാവര ജംഗമ വസ്തുക്കൾ വഖഫ് ചെയ്യാമെന്ന വ്യവസ്ഥ മാറ്റി പുതിയ ബിൽ പ്രകാരം അഞ്ച് വർഷമായി മതം അനുഷ്ഠിക്കുന്ന ഒരാൾക്ക് മാത്രമേ വഖഫ് ചെയ്യാനാകൂ.
- ‘വഖഫ് അലൽ ഔലാദ്’ എന്ന പേരിൽ കുടുംബത്തിനായി വഖഫ് ചെയ്തത് വേണ്ടെന്നുവെക്കാൻ സ്ത്രീകൾ അടക്കമുള്ള അനന്തരാവകാശികൾക്ക് പിൽക്കാലത്ത് അവകാശമുണ്ടാകും.
- ഇസ്ലാമിക നിയമപ്രകാരം സ്വത്തുക്കൾ വഖഫ് ചെയ്യുന്നത് കൂടുതലായും വാക്കാലായിരുന്നുവെങ്കിലും വാക്കാലുള്ള വഖഫ് ഇനി അംഗീകരിക്കില്ല. രജിസ്ട്രേഷൻ നിർബന്ധമാക്കി.
- സ്വത്തോ വസ്തുവകയോ ഉപയോഗത്തിലൂടെ വഖഫ് ആകുന്നതും പൂർണമായും പുതിയ ബില്ലിൽ ഒഴിവാക്കി. നമസ്കാരം നടക്കുന്ന പള്ളി ‘വഖഫ്നാമ’ ഇല്ലെങ്കിലും വഖഫായി പരിഗണിക്കുന്ന നിലവിലുള്ള രീതി ഇനി അനുവദിക്കില്ല. അത് വഖഫല്ലെന്ന അവകാശവാദമുന്നയിക്കാൻ വ്യവസ്ഥ അവസരമൊരുക്കും.
- സുന്നി വഖഫും ശിയാ വഖഫും ആഗാഖാനി വഖഫും ബോറ വഖഫും വെവ്വേറെ ഉൾപ്പെടുത്തണം. സംസ്ഥാന സർക്കാറുകൾക്ക് വേണമെങ്കിൽ ശിയാക്കൾക്കും ബോറകൾക്കും ആഗാഖാനികൾക്കും വ്യത്യസ്ത വഖഫ് ബോർഡ് ഉണ്ടാക്കാം.
- ഭേദഗതിക്ക് മുമ്പുള്ള എല്ലാ വഖഫ് സ്വത്തുക്കളുടെയും വിശദാംശങ്ങൾ കേന്ദ്ര സർക്കാർ പുതുതായി തയാറാക്കുന്ന പോർട്ടലിൽ ആറ് മാസത്തിനകം സമർപ്പിക്കണം.
- ഈ നിയമഭേദഗതിക്ക് മുമ്പോ പിമ്പോ ഏതെങ്കിലും സർക്കാർ സ്വത്ത് വഖഫ് സ്വത്താണെന്ന് കണ്ടെത്തുകയോ പ്രഖ്യാപിക്കുകോ ചെയ്താലും അത് വഖഫ് സ്വത്തായിരിക്കില്ല.
- നിയമ ഭേദഗതി നിലവിൽ വരുന്ന സമയത്ത് സർവേ കമീഷണറുടെ മുമ്പാകെ തീർപ്പാകാത്ത സർവേ ഫയലുകൾ കലക്ടർക്ക് കൈമാറണം. കലക്ടർ സർവേ നടത്തി റിപ്പോർട്ട് സമർപ്പിക്കണം.
- ഗസറ്റിലെ വഖഫ് സ്വത്ത് വിശദാംശങ്ങൾ 15 ദിവസത്തിനകം സം സ്ഥാന സർക്കാർ പോർട്ടലിൽ ഉൾപ്പെടുത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.