ദുബൈയിൽ കുടുങ്ങിയ യാത്രക്കാരുടെ കാര്യത്തിൽ ഇടപെടണമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി
text_fieldsന്യൂഡൽഹി: സൗദി അറേബ്യ അപ്രതീക്ഷിതമായി ഏര്‍പ്പെടുത്തിയ യാത്രവിലക്കിനെ തുടര്‍ന്ന് ദുബൈയിൽ കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരുടെ കാര്യത്തില്‍ അടിയന്തര പരിഹാരം ഉണ്ടാക്കണമെന്ന്് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി വിദേശകാര്യ സഹമന്ത്രി വി. മുരളീധരനെ നേരില്‍ കണ്ട് ആവശ്യപ്പെട്ടു. നയതന്ത്ര തലങ്ങളില്‍ ഇടപെട്ട് പരിഹാരം കാണുമെന്ന് മന്ത്രി എം.പിയെ അറിയിച്ചു.
ഇന്ത്യയില്‍നിന്ന് നേരിട്ട് വിമാനമില്ലാത്ത സാഹചര്യത്തില്‍ ദുബൈ വഴി സൗദിയിലെത്താന്‍ യാത്ര തിരിച്ച് അവിടെ 14 ദിവസം ക്വാറൻറീനിൽ കഴിഞ്ഞ സ്ത്രീകളും കുട്ടികളും അടക്കമുള്ള നൂറുകണക്കിന് ആളുകളാണ് അപ്രതീക്ഷിത യാത്രാവിലക്കില്‍ കുടുങ്ങിയത്. താൽക്കാലിക യാത്രവിലക്ക് എന്നാണ് അറിയിച്ചതെങ്കിലും എത്ര ദിവസം നീളുമെന്ന കാര്യത്തില്‍ ധാരണയില്ലാത്തതിനാല്‍ യാത്രക്കാര്‍ ആശങ്കയിലാണ്. നാട്ടിലുള്ള ട്രാവല്‍ ഏജന്‍സികള്‍ ഏര്‍പ്പെടുത്തുന്ന പ്രത്യേക പാക്കേജിലാണ് ആളുകള്‍ ദുബൈ വഴി സൗദിയിലേക്കു പുറപ്പെട്ടത്.
ഈ പാക്കേജില്‍ ദുബൈയിലേക്കുള്ള വിമാന ടിക്കറ്റ്, 14 ദിവസം ദുൈബയിലെ താമസം, ഭക്ഷണം, കോവിഡ് ടെസ്റ്റ്, അതിനുശേഷം ദുൈബയില്‍നിന്ന് സൗദിയുടെ വിവിധ നഗരങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് എന്നിവയാണ് നല്‍കുന്നത്. ഇവരുടെ യാത്രക്ക് സൗകര്യം ഒരുക്കിയ ഏജന്‍സികള്‍ക്കാകട്ടെ ക്വാറൻറീൻ കാലാവധി കഴിഞ്ഞാല്‍ അവരെ അവിടെ നിര്‍ത്താന്‍ പറ്റാത്ത സാഹചര്യമാണ്.
ക്വാറൻറീന് കാലാവധിയായ 14 ദിവസം കഴിഞ്ഞാല്‍ പാക്കേജിലെ താമസം തീരും. പിന്നീട് താമസിക്കുന്ന ഹോട്ടലുകളില്‍ വന്‍തുക ദിന വാടക നല്കിയാല് മാത്രമേ തുടരാന്‍ കഴിയൂ. താമസത്തിനും ഭക്ഷണത്തിനും എന്തു ചെയ്യുമെന്നറിയാതെ ഏറെ ആശങ്കയിലാണെന്നും പലരും രോഗികളാകുന്ന സാഹചര്യവുമുണ്ടെന്നും എം.പി കത്തില്‍ ചൂണ്ടിക്കാട്ടി.
ഇവരുടെ യു.എ.ഇ വിസ കാലാവധി ഒരു മാസവും അതില്‍ കുറവും മാത്രമാണുള്ളത്. സൗദിയുടെ നിയമങ്ങളില്‍ വന്നിട്ടുള്ള മാറ്റം കണക്കിലെടുത്തുകൊണ്ട് വിസ കാലാവധി കഴിയുന്ന ആളുകള്‍ക്ക് അത് നീട്ടിക്കൊടുക്കാനും കഴിയുന്നതും വേഗം അവരെ ലക്ഷ്യസ്ഥാനത്ത് എത്താന്‍ പറ്റുന്ന വിധത്തില്‍ സഹായം നല്‍കാനും നയതന്ത്രതലത്തില്‍ ഇടപെടല്‍ ഉണ്ടാകണമെന്ന് എം.പി നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. യാതൊരു നിലയിലും പോകാന്‍ കഴിയാത്തവര്‍ക്ക്് തിരിച്ച് നാട്ടിലേക്ക് എത്താൻ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.