ഇനിയില്ല യാത്രകൾ; ശോകനാശിനിയുടെ തീരത്ത് അവർക്ക് നിത്യവിശ്രമം
text_fieldsചിറ്റൂർ (പാലക്കാട്): നിറമുള്ള ഒരുപിടി സ്വപ്നങ്ങൾ ബാക്കിവെച്ച് യാത്രയായ അവർ നാലുപേർക്കും ശോകനാശിനി പുഴയുടെ തീരത്ത് നിത്യവിശ്രമം. യാത്രകളിലെല്ലാം ഒപ്പമായിരുന്ന അവർക്ക് തൊട്ടടുത്തുതന്നെയായിരുന്നു ചിതയൊരുക്കിയതും. ശ്രീനഗര്‍ -ലേ ദേശീയപാതയില്‍ കഴിഞ്ഞ ചൊവ്വാഴ്ചയുണ്ടായ വാഹനാപകടത്തില്‍ മരിച്ച ചിറ്റൂര്‍ നെടുങ്ങോട് സ്വദേശികളായ എസ്. സുധീഷ് (32), ആര്. അനില്‍ (33), രാഹുല്‍ (28), എസ്. വിഗ്നേഷ് (22) എന്നിവരുടെ അന്ത്യകർമ നിമിഷങ്ങൾ വികാരനിർഭരമായിരുന്നു.
വെള്ളിയാഴ്ച പുലര്‍ച്ച മൂന്നോടെയാണ് വിമാനമാർഗം മൃതദേഹങ്ങൾ നെടുമ്പാശേരിയിലെത്തിച്ചത്. തുടർന്ന് ആംബുലൻസിൽ പൊതുദർശനത്തിനായി ചിറ്റൂര്‍ ടെക്നിക്കല്‍ സ്കൂളിലെത്തിച്ചു. വൻ ജനാവലിയാണ് അവിടെ കാത്തുനിന്നത്. രാവിലെ എട്ടിന് പൊതുദർശനം അവസാനിപ്പിക്കാമെന്ന് കരുതിയിരുന്നെങ്കിലും വിങ്ങിപ്പൊട്ടി വരിനിന്നവർക്ക് അവസാനമായി കാണാൻ കുറച്ച് സമയംകൂടി അവസരം നൽകി. പിന്നീട് വീട്ടിലേക്ക് കൊണ്ടുപോയി.
മരണാനന്തര കർമങ്ങൾക്കു ശേഷം ഒമ്പതോടെ ചിറ്റൂർ മന്തക്കാട് ശോകനാശിനി പുഴയുടെ തീരത്ത് സംസ്കരിച്ചു. വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടി, എം.എൽ.എമാരായ പി. മമ്മിക്കുട്ടി, ഷാഫി പറമ്പിൽ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ, ചിറ്റൂർ തത്തമംഗലം നഗരസഭ ചെയർപേഴ്സൻ കെ.എൽ. കവിത, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുജാത, പെരുമാട്ടി പഞ്ചായത്ത് പ്രസിഡന്റ് റിഷ പ്രേംകുമാർ, നല്ലേപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് അനിഷ, കെ.എസ്.ഇ.ബി ഡയറക്ടർ ബോർഡ് അംഗം അഡ്വ. മുരുകദാസ്, സി.പി.എം ജില്ല സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു, ഏരിയ സെക്രട്ടറി ശിവപ്രകാശ് തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവർ അന്തിമോപചാരമർപ്പിക്കാനെത്തി.
നവംബര്‍ 30നാണ് ചിറ്റൂര്‍ നെടുങ്ങോട്ടുനിന്നുള്ള 13 അംഗ സംഘം കശ്മീരിലേക്ക് വിനോദയാത്രക്ക് പുറപ്പെട്ടത്. മരിച്ചവരെയും പരിക്കേറ്റവരെയും കൂടാതെ അജിത്, ഷിജു, സുനിൽ, സുജീബ്, ശ്രീജിഷ്, ബാലൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.നിമാത സോജിലാ പാസില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന എസ്.യു.വി വാഹനം റോഡിലെ മഞ്ഞില്‍ തെന്നി കൊക്കയിലേക്ക് മറിയുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.