എഥനോൾ ലോറി അപകടത്തിൽപ്പെട്ടു; മുൾമുനയിൽ മണിക്കൂറുകൾ
text_fieldsതൃപ്പൂണിത്തുറ: കാക്കനാട് സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ ഇരുമ്പനം ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന് സമീപം എഥനോളുമായി എത്തിയ ലോറി ഒരു വശത്തേക്ക് ചരിഞ്ഞു. ബുധനാഴ്ച രാവിലെ 9.30 ഓടെയായിരുന്നു സംഭവം. കര്‍ണാടകയില്‍നിന്നും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനിലേക്ക് എഥനോളുമായി വന്ന മഹാരാഷ്ട്ര രജിസ്‌ട്രേഷൻ ലോറി കമ്പനിക്ക് സമീപത്തായി റോഡരികില്‍ പാര്‍ക്ക് ചെയ്യുന്നതിനായി തിരിക്കുന്നതിനിടെ റോഡരികിലെ താഴ്ചയുള്ള ഭാഗത്തേക്ക് ചരിയുകയായിരുന്നു.
റോഡിന്‍റെ പ്രതലവും റോഡരികും തമ്മിലുള്ള താഴ്ച വ്യത്യാസവും സമീപത്ത് കുഴി കാടുകയറിക്കിടന്നിരുന്നതുമാണ് അപകടത്തിന് ഇടയാക്കിയത്.ഇതറിയാതെ വാഹനം തിരിക്കുന്നതിനിടെ കുഴിയിലേക്ക് ടയര്‍ ഇറങ്ങിയതോടെ ചരിയുകയായിരുന്നു. ഇതോടെ പ്രദേശമാകെ മണിക്കൂറുകളോളം മുള്‍മുനയിലായി.
40,000 ലിറ്റര്‍ എഥനോള്‍ ലോറിയില്‍ ഉണ്ടായിരുന്നു. ഏറെ അപകടകരവും ചോര്‍ച്ചയുണ്ടായാല്‍ വേഗത്തില്‍ കത്തിപ്പടരുന്നതുമാണ് എഥനോള്‍. അതിനാല്‍ തന്നെ പ്രദേശത്ത് ആശങ്ക പരന്നു.ഉടന്‍ തന്നെ തൃപ്പൂണിത്തുറയില്‍ നിന്നെത്തിയ ഫയര്‍ ആൻഡ് റസ്‌ക്യൂ സംഘം വാഹനം മറിയാതിരിക്കാന്‍ സുരക്ഷ നടപടികള്‍ സ്വീകരിച്ചു.
തുടര്‍ന്ന് റോഡിലൂടെയുള്ള ഗതാഗതം താല്‍ക്കാലികമായി നിർത്തി. ക്രെയിന്‍ കൊണ്ടുവന്ന് ലോറി ഉയര്‍ത്താനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് വലിയ ക്രെയിന്‍ കൊണ്ടുവന്ന് ബെല്‍റ്റ് ഉപയോഗിച്ച് ലോറി ഉയര്‍ത്തി മാറ്റുകയായിരുന്നു.ഒരു മണിയോടെയാണ് നടപടികള്‍ പൂര്‍ത്തിയായത്. മൂന്നു മണിക്കൂറോളം ഇരുമ്പനം-കാക്കനാട് റോഡില്‍ വാഹനങ്ങളുടെ നീണ്ടനിരയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.