അഴിമതിയില്‍ മുങ്ങി വഴിവിളക്കുകളും; ഏറ്റുമാനൂര്‍ നഗരസഭ ഇരുട്ടിലേക്ക്
text_fieldsഏറ്റുമാനൂര്‍: നഗരസഭയിലെ നിരത്തുകളില്‍ വഴിവിളക്കുകള്‍ തെളിയിക്കുന്നതില്‍ വന്‍ അഴിമതിയെന്ന് ആരോപണം. കേടായ വിളക്കുകള്‍ മാറ്റിസ്ഥാപിക്കുന്നതില്‍ സംഭവിച്ച വീഴ്ചകള്‍ വെള്ളിയാഴ്ച നടന്ന നഗരസഭ കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യവെ സി.പി.എം അംഗം എന്‍.വി. ബിനീഷാണ് അഴിമതി ആരോപിച്ചത്. അഴിമതി അന്വേഷിക്കാന്‍ ചെയര്‍മാന്‍ തയാറാണോ എന്നും അദ്ദേഹം വെല്ലുവിളിച്ചു.
കഴിഞ്ഞ സാമ്പത്തികവര്‍ഷം വഴിവിളക്കുകള്‍ മാറ്റിസ്ഥാപിച്ച വകയില്‍ രണ്ടരലക്ഷം രൂപ കരാറുകാരന് നല്‍കാനുണ്ട്. ഈ പണം ലഭിക്കാതായതോടെ കരാര്‍ ഏറ്റെടുത്തയാള്‍ സേവനം നിര്‍ത്തി. നാലരലക്ഷം രൂപക്കാണ് വഴിവിളക്കുകള്‍ മാറ്റിയിടുന്ന പ്രവൃത്തി കരാര്‍ നല്‍കിയത്. ട്യൂബ് ലൈറ്റിന് 150 രൂപയും സാധാരണ ബള്‍ബിന് 100 രൂപയും എന്നതായിരുന്നു കരാര്‍. ഒരു വാര്‍ഡില്‍ നൂറില്‍ താഴെ വഴിവിളക്കുകളാണ് ഈ തുകക്ക് പരമാവധി മാറ്റാന്‍ പറ്റുക. രണ്ട് ഘട്ടങ്ങളായി കരാര്‍ പ്രകാരമുള്ള ജോലി തീര്‍ത്ത് കഴിഞ്ഞ നവംബറില്‍ ബില്‍ നല്‍കുകയും ചെയ്തു.
ബന്ധപ്പെട്ട ക്ലര്‍ക്കിനെ ഏല്‍പിച്ചെങ്കിലും അവര്‍ ഫയല്‍ മാറ്റിവെച്ചുവെന്നാണ് പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷ വിജി ഫ്രാന്‍സിസ് കൗണ്‍സില്‍ യോഗത്തില്‍ വെളിപ്പെടുത്തിയത്. ഇതോടെയാണ് അഴിമതി ആരോപണവും അന്വേഷണം വേണമെന്ന ആവശ്യവും ഉയര്‍ന്നത്. കമീഷന്‍ കൈപ്പറ്റി മുന്‍വര്‍ഷങ്ങളില്‍ വന്‍ വെട്ടിപ്പാണ് വഴിവിളക്കുകളും അനുബന്ധ സാമഗ്രികളും വാങ്ങുന്നതില്‍ നടന്നിട്ടുള്ളതെന്ന് മുന്‍ ചെയര്‍മാന്‍ ജോര്‍ജ് പുല്ലാട്ടും സമ്മതിക്കുന്നു.
കൗണ്‍സില്‍ അറിയാതെ 84 ലക്ഷം രൂപയാണ് സാമഗ്രികള്‍ വാങ്ങാന്‍ തിരുകികയറ്റിയത്. ഫയല്‍ സെക്രട്ടറി കാണാതെ പൊതുമരാമത്ത് വിഭാഗത്തിന് കൈമാറി. എന്നാല്‍, എൻജിനീയര്‍ ഇത് കണ്ടെത്തി കൗണ്‍സിലില്‍ അവതരിപ്പിച്ചതോടെ ഇതിനുപിന്നില്‍ കളിച്ച കൗണ്‍സിലര്‍മാരുടെ പദ്ധതി പാളിയെന്നും സര്‍ക്കാര്‍ അംഗീകൃത ഏജന്‍സിയില്‍നിന്ന് ഗുണനിലവാരമുള്ള സാമഗ്രികള്‍ വാങ്ങാനായെന്നും ജോര്‍ജ് പുല്ലാട്ട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.