ഏറ്റുമാനൂര്‍ സീറ്റ്: കോണ്‍ഗ്രസിൽ അമർഷം, ലതിക സുഭാഷിനെ പിന്തുണച്ച് അണികൾ
text_fieldsഏറ്റുമാനൂർ: നിയമസഭ തെരഞ്ഞെടുപ്പിൽ ഏറ്റുമാനൂർ സീറ്റ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് വിട്ടുകൊടുത്തതിൽ കോൺഗ്രസിൽ അമർഷം പുകയുന്നു.
നാട്ടുകാരിയായ മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ലതിക സുഭാഷ് ഏറ്റുമാനൂരിൽ മത്സരിക്കണമെന്ന ആവശ്യമാണ് കോൺഗ്രസുകാർ ഉയർത്തുന്നത്.
കേരള കോൺഗ്രസ് മാണി വിഭാഗം യു.ഡി.എഫിൽ ഉണ്ടായിരുന്ന സമയത്തെല്ലാം അവർക്കാണ് ഏറ്റുമാനൂർ സീറ്റ് ലഭിച്ചിരുന്നത്. ഇത്തവണ ജോസ് വിഭാഗം യു.ഡി.എഫിൽനിന്ന് പുറത്തുപോയിട്ടും ഏറ്റുമാനൂർ സീറ്റ് കോൺഗ്രസിന് ലഭിക്കാത്തതിൽ പ്രവർത്തകര്‍ നിരാശയിലാണ്.
യു.ഡി.എഫിെൻറ കോട്ടയായ അതിരമ്പുഴയിൽ കോൺഗ്രസ് പ്രവർത്തകരുടെ യോഗം ഞായറാഴ്ച നടന്നു. യോഗത്തില്‍ തങ്ങളുടെ അമര്‍ഷം പ്രവര്‍ത്തകര്‍ രേഖപ്പെടുത്തുകയും ചെയ്തു.
അതിരമ്പുഴ പഞ്ചായത്തിലെ വോട്ടാണ് യു.ഡി.എഫ് സ്ഥാനാർഥിയുടെ വിജയത്തിന് മണ്ഡലത്തില്‍ പലപ്പോഴും നിര്‍ണായകമായി മാറുന്നത്. ഇതിെൻറ ഭാഗമായാണ് കഴിഞ്ഞദിവസം ഡി.സി.സി ഓഫിസിന് മുന്നിൽ ഉപരോധം നടന്നത്.
ലതിക സുഭാഷിനെ പിന്തുണച്ച് നേതാക്കളും അണികളും സമൂഹമാധ്യമങ്ങളിലും സജീവമാണ്. നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് വളരെമുന്നേ ലതിക സുഭാഷ് ഏറ്റുമാനൂരിലെ പരിപാടികളില്‍ വളരെ സജീവമായി പങ്കെടുത്തിരുന്നു. കെ.പി.സി.സി സെക്രട്ടറി കുഞ്ഞ് ഇല്ലമ്പള്ളി, മുൻ ഡി.സി.സി പ്രസിഡൻറ് അഡ്വ. ടോമി കല്ലാനി തുടങ്ങിയവരും നിയോജകമണ്ഡലത്തിൽ സജീവമായിരുന്നു.
എന്നാൽ, നിയമസഭ സീറ്റ് തങ്ങള്‍ക്ക് തന്നെ ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തിൽ ജോസഫ് വിഭാഗം ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പ് മുതലേ വൻ പ്രചാരണമാണ് നടത്തിയത്. ഏറ്റുമാനൂർ നഗരസഭ വൈസ് ചെയർപേഴ്സൻ സ്ഥാനം നീണ്ട തർക്കത്തിനൊടുവിൽ അവർ കോൺഗ്രസിൽനിന്ന് കരസ്ഥമാക്കുകയും ചെയ്തു.
നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നിരവധി സമരങ്ങളാണ് അടുത്തകാലത്ത് ഏറ്റുമാനൂരിൽ ജോസഫ് ഗ്രൂപ്പുകാർ നടത്തിയത്.പ്രിൻസ് ലൂക്കോസ്, അഡ്വ. മൈക്കിൾ ജയിംസ് തുടങ്ങിയവരുടെ പേരുകളാണ് മത്സരരംഗത്ത് കേൾക്കുന്നത്. ഇതിൽ അന്തിമ തീരുമാനം പാർട്ടി ചെയർമാൻ പി.ജെ. ജോസഫിെൻറതായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.