'ഇനി ഞാൻ നാട്ടിലേക്ക് വരണമെങ്കിൽ നീയും രണ്ടുമക്കളും ചാകണം, പോയി ചത്തുകൂടെ'; കൂട്ട ആത്മഹത്യക്ക് കാരണം നോബിയുടെ ക്രൂര മാനസിക പീഡനമെന്ന് പൊലീസ് കോടതിയിൽ
text_fieldsകോട്ടയം: ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസിൽ പ്രതി നോബി ലൂക്കോസിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ജില്ല സെഷൻസ് കോടതി ബുധനാഴ്ചത്തേക്ക് മാറ്റി. നോബി ലൂക്കോസിന്‍റെ ഭാര്യ ഷൈനി, മക്കളായ അലീന, ഇവാന എന്നിവർ ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം ഹരജി പരിഗണിച്ച കോടതി പൊലീസിനോട് വിശദറിപ്പോർട്ട് ചോദിച്ചിരുന്നു. ജാമ്യത്തെ എതിർത്ത് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചു.
നോബിയുടെ ക്രൂരമായ മാനസിക പീഡനം കാരണമെന്ന് പൊലീസ് കോടതിയിൽ അറിയിച്ചു. ഷൈനി മരിക്കുന്നതിന് തലേന്ന് രാത്രി 10.30 ന് വാട്സ് ആപ്പിൽ വിളിച്ച് നോബി ഭീഷണിപ്പെടുത്തി.
"ഇനി ഞാൻ നാട്ടിലേക്ക് വരണമെങ്കിൽ നീയും രണ്ടുമക്കളും ചാകണം, നീ നിന്റെ മക്കളെയും കൊണ്ട് അവിടെ തന്നെ ഇരുന്നോ. എന്നെ ദ്രോഹിക്കാതെ നിനക്കും മക്കൾക്കും പോയി ചത്തുകൂടെ" എന്നാണ് നോബി ഷൈനിയോടെ പറഞ്ഞത്.
നോബിയുടെയും ഷൈനിയുടെയും മൊബൈൽ ഫോണുകൾ പൊലീസ് ശാസ്ത്രീയ പരിശോധനക്ക് അയച്ചിരിക്കുകയാണ്. പരിശോധനാ ഫലം വന്നതിന് ശേഷമേ കൂടുതൽ അന്വേഷണത്തിന് കഴിയൂവെന്നാണ് പൊലീസ് പറയുന്നത്.
നോബിക്ക് ജാമ്യം നൽകുന്നതിനെ എതിർത്ത് ഷൈനിയുടെ അച്ഛൻ കുര്യാക്കോസും ഹരജിയിൽ കക്ഷിചേർന്നിട്ടുണ്ട്. ഏറ്റുമാനൂർ മജിസ്ട്രേറ്റ് കോടതിയിൽ നോബി നൽകിയ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് സെഷൻസ് കോടതിയെ സമീപിച്ചത്. പ്രതിക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി 28നാണ് ഷൈനി കുര്യർ (41), മക്കളായ അലീന (11), ഇവാന (10) എന്നിവർ ട്രെയിനിന് മുന്നിൽ ചാടി മരിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.