ഇ.വി ചാർജിങ്; ശരാശരി വിൽപന വിലയിൽ കൂടുതൽ ഈടാക്കാൻ പാടില്ലെന്ന് കേന്ദ്ര മാർഗരേഖ
text_fieldsപാലക്കാട്: 2028 മാർച്ച് 31 വരെ ശരാശരി വിൽപന വിലയിൽ കൂടുതൽ ഇ.വി ചാർജിങ് കേന്ദ്രങ്ങളിൽനിന്ന് ഈടാക്കാൻ പാടില്ലെന്ന് കേന്ദ്ര ഊർജമന്ത്രാലയത്തിന്റെ മാർഗരേഖ. ഇലക്ട്രിക് വാഹന ചാർജിങ്ങിൽ യൂനിറ്റ് ചാർജ് മാത്രമേ പാടുള്ളൂവെന്നും നിഷ്കർഷിച്ചിട്ടുണ്ട്. നിലവിൽ ഇ.വി ചാർജിങ് കേന്ദ്രങ്ങളിൽനിന്ന് ഫിക്സഡ് ചാർജ്, എനർജി ചാർജ് എന്നിവ ഈടാക്കിവരുന്നുണ്ട്. സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമീഷനാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്.
നേരത്തേ ശരാശരി വിൽപന വിലയിൽ കൂടുതൽ ഈടാക്കാൻ പാടില്ലെന്ന് 2022 ജനുവരിയിൽ കേന്ദ്ര ഊർജമന്ത്രാലയം നിർദേശിച്ചിരുന്നെങ്കിലും സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമീഷൻ അവഗണിക്കുകയായിരുന്നു. 2025 മാർച്ച് 31 വരെയാണ് അന്ന് നിർദേശം പാലിക്കാനായി സമയപരിധി നൽകിയിരുന്നതെങ്കിൽ കഴിഞ്ഞ ദിവസമിറങ്ങിയ കേന്ദ്ര മാർഗരേഖയിൽ 2028 മാർച്ച് 31 വരെയാക്കി സമയപരിധി നിശ്ചയിച്ചിട്ടുണ്ട്.
ചാർജിങ് സ്റ്റേഷനുകളിൽനിന്ന് ലൈസൻസി വാങ്ങേണ്ട വൈദ്യുതി ചാർജ് നിശ്ചയിക്കേണ്ടത് റെഗുലേറ്ററി കമീഷനും ചാർജിങ് സ്റ്റേഷൻ ഉടമ വാഹന ഉടമയിൽനിന്ന് ഈടാക്കുന്ന സർവിസ് ചാർജിന് പരിധി നിശ്ചയിക്കേണ്ടത് സർക്കാറുമാണ്. വൈദ്യുതി ചാർജിങ് മേഖലയിലെ ലൈസൻസിക്ക് (കെ.എസ്.ഇ.ബി) രാവിലെ ഒമ്പതു മുതൽ വൈകീട്ട് നാലു വരെ ശരാശരി വിൽപന വിലയിൽനിന്ന് 30 ശതമാനം കുറച്ചും (0.7 മടങ്ങ്) മറ്റു സമയങ്ങളിൽ 30 ശതമാനം കൂട്ടിയും (1.3 മടങ്ങ്) ഈടാക്കാം. ഇതനുസരിച്ച് ഇ.വി ചാർജിങ് സ്റ്റേഷനുകളിൽ പ്രത്യേക മീറ്ററുകൾവെച്ച് ഉപഭോഗവും താരിഫും നിർണയിക്കാം.
ചാർജിങ് സ്റ്റേഷൻ ഉടമകൾക്ക് ഈടാക്കുന്ന സർവിസ് ചാർജും മാർഗരേഖയിൽ നിശ്ചയിച്ചിട്ടുണ്ട്. രാവിലെ ഒമ്പതു മുതൽ വൈകീട്ട് നാലു വരെ എ.സി വൈദ്യുതി ചാർജിങ് സ്റ്റേഷനുകളിൽനിന്ന് യൂനിറ്റിന് മൂന്നു രൂപയും മറ്റു മണിക്കൂറുകളിൽ യൂനിറ്റിന് നാലു രൂപയും ഈടാക്കാം. ഡി.സി ഫാസ്റ്റ് വൈദ്യുതി ചാർജിങ് സ്റ്റേഷനുകളിൽ വൈകീട്ട് നാലു വരെ 11 രൂപയും മറ്റു മണിക്കൂറുകളിൽ യൂനിറ്റിന് 13 രൂപയും സർവിസ് ചാർജായി ഈടാക്കാമെന്നും മാർഗരേഖ പറയുന്നു.
നിലവിൽ ഫിക്സഡ് ചാർജും എനർജി ചാർജും നൽകി നടപടിക്രമം പാലിച്ച് ഇ.വി ചാർജിങ് സ്റ്റേഷനുകൾ നടത്താൻ കൂടുതൽ പേർ മുന്നോട്ടുവരുന്നില്ല. സ്വന്തം മുതൽമുടക്കിൽ സജ്ജീകരണങ്ങളൊരുക്കേണ്ട എച്ച്.ടി ചാർജിങ് സ്റ്റേഷൻ ഉടമകളുടെയും അവസ്ഥ വ്യത്യസ്തമല്ല. ഈ സാഹചര്യത്തിലാണ് ഉപഭോക്താവിനും ചാർജിങ് നടത്തിപ്പുകാർക്കും സഹായകമായ നിർദേശമെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.