അരൂക്കുറ്റിയിൽ ഇ.വി. രാമസ്വാമി നായ്ക്കർക്ക് സ്മാരകം; സർക്കാർ 58 സെന്റ് ഭൂമി വിട്ടുനൽകി
text_fieldsഅരൂർ: പെരിയാർ ഇ.വി. രാമസ്വാമി നായ്ക്കറുടെ സ്മാരകം പണിയാൻ അരൂക്കുറ്റിയിലെ അര ഏക്കറോളം സ്ഥലം കേരള സർക്കാർ തമിഴ്നാടിന് നൽകി. അരൂക്കുറ്റി ചൗക്കക്ക് സമീപമുള്ള ആരോഗ്യവകുപ്പിന്റെ 58 സെൻറാണ് തമിഴ്നാട് സർക്കാരിന് എല്ലാ രേഖകളും സഹിതം കൈമാറിയത്. മാസങ്ങൾക്ക് മുമ്പാണ് സ്മാരകം നിർമിക്കുന്നതിനെ കുറിച്ചുള്ള ആലോചനക്കായി തമിഴ്നാട് പൊതുമരാമത്ത് മന്ത്രി ഇ.വി വേലു, പ്രിൻസിപ്പൽ സെക്രട്ടറി ചന്ദ്രമോഹൻ അടക്കമുള്ളവരുടെ സംഘം അരൂക്കുറ്റിയിൽ എത്തിയത്. ഇവർ ആദ്യം കണ്ടെത്തിയ സ്ഥലം എക്സൈസ് വകുപ്പിന്റെ കായലോരത്തുള്ള സ്ഥലമാണ്. തീരദേശ പരിപാലന നിയമത്തിന്റെ പരിധിയിൽപ്പെടുന്ന ഈ സ്ഥലം ഒഴിവാക്കി ആരോഗ്യവകുപ്പിന്റെ കീഴിലുള്ള റോഡിന്റെ തെക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന സ്ഥലമാണ് തമിഴ്നാടിന് നൽകിയത്.
വൈക്കം സത്യാഗ്രഹത്തിലെ നേതാക്കളെ തിരുവിതാംകൂർ രാജാവിന്റെ നിർദേശ പ്രകാരം അറസ്റ്റ് ചെയ്തപ്പോൾ നേതൃത്വം ഏറ്റെടുത്താണ് രാമസ്വാമി നായ്ക്കർ എത്തിയത്. തമിഴ്നാട്ടിൽ അയിത്തോച്ചാടനത്തിനെതിരെ സമരം നയിച്ച രാമസ്വാമി നായ്ക്കർ പ്രസംഗങ്ങളിലൂടെ ആയിരങ്ങളെ സമരത്തിന്റെ ഭാഗമാക്കി. സമരം ശക്തമായതോടെ രാമസ്വാമി നായ്ക്കർ അടക്കമുള്ള സമര നേതാക്കളെ അറസ്റ്റ് ചെയ്ത് തടവിലാക്കിയത് അരൂക്കുറ്റി ചൗക്ക ജയിലിലായിരുന്നു. രാമസ്വാമി നായ്ക്കതെ ജയിലിൽ പാർപ്പിച്ച സ്ഥലത്ത് സ്മാരകം ഉണ്ടാക്കുമെന്ന് തമിഴ്നാട് നിയമസഭയിൽ മുഖ്യമന്ത്രി സ്റ്റാലിൻ പ്രഖ്യാപിച്ചിരുന്നു. അരൂക്കുറ്റിയും വൈക്കം സത്യഗ്രഹവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും നിയമസഭയിൽ അദ്ദേഹം വിശദീകരിച്ചിരുന്നു. ഇങ്ങനെയൊരു സ്മാരകം വരുന്നതോടെ അരൂക്കുറ്റിയിൽ വാട്ടർ മെട്രോയും ഹൗസ് ബോട്ടുകളും മറ്റു ജലയാനങ്ങളും വന്നണയുന്നതോടെ വാട്ടർ ടൂറിസത്തിന്റെ ഹബായി മാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.