യുക്രെയിനിൽനിന്ന് ഒഴിപ്പിക്കൽ: ബദൽ മാർഗങ്ങൾ ആസൂത്രണം ചെയ്യുന്നു - മന്ത്രി വി. മുരളീധരൻ
text_fieldsതൃശൂർ: യുക്രെയിനിൽ പതിനെണ്ണായിരത്തോളം ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും ഇവരെ സുരക്ഷിതമായി മടക്കിക്കൊണ്ടുവരാൻ വിദേശകാര്യമന്ത്രാലയം മാർഗങ്ങൾ ആസൂത്രണം ചെയ്യുകയാണെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. യുക്രെയിൻ വ്യോമപാത അടച്ചിട്ടതിനാൽ ആ മാർഗം അടഞ്ഞിരിക്കുകയാണ്. ബദൽ മാർഗങ്ങൾ ആസൂത്രണം ചെയ്യുകയാണ്. ഇന്ത്യൻ എംബസിയെ സഹായിക്കാൻ കൂടുതൽ നയതന്ത്ര ഉദ്യോഗസ്ഥരെ അയക്കും. സുരക്ഷ ഉറപ്പുവരുത്തുക എന്നതാണ് കേന്ദ്രസർക്കാരിൻറെ ലക്ഷ്യം. അതിനുള്ള അടിയന്തര നടപടികൾ ആസുത്രണം ചെയ്യുകയാണ്.
അവിടെയുള്ള മലയാളി വിദ്യാർഥികളുമായി താൻ നേരിട്ട് സംസാരിച്ചു. കിഴക്കൻ പ്രദേശങ്ങളിലുള്ള വിദ്യാർഥികൾ ആശങ്കയിലാണ്. അതേസമയം പടിഞ്ഞാറൻ പ്രദേശത്തുള്ളവർക്ക് അത്ര ആശങ്കയില്ല. കേന്ദ്ര വിദേശകാര്യ മന്ത്രിയും മന്ത്രാലയവും നിരന്തരമായി ഇടപെടുന്നുണ്ട്. ഇന്ത്യൻ എംബസിയും നിരന്തരം ബന്ധപ്പെടുന്നുണ്ട്. കേന്ദ്രം സദാ സന്നദ്ധരാണ്. വിദ്യാർഥികളും രക്ഷിതാക്കളും പരിഭ്രാന്തരാവരുതെന്നും യുദ്ധമുഖത്ത് നിന്നും ഇന്ത്യക്കാരെ സുരക്ഷിതമായി എത്തിച്ച മുൻ അനുഭവമുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള അടിയന്തര ബദൽ സംവിധാനങ്ങൾ ഒരുക്കുകയാണ്. യുക്രെയിനിൽനിന്നും ഇന്ത്യൻ എംബസി പുറപ്പെടുവിച്ചതനുസരിച്ച് ഇൻസ്റ്റഗ്രാം എം.ഇ.എ ട്വിറ്റർ, എഫ്ബി പേജുകൾ നിരന്തരം ശ്രദ്ധിക്കണമെന്നും ടെലിഫോണിനെ മാത്രം ആശ്രയിക്കരുതെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർഥികളുടെ രക്ഷിതാക്കൾ മന്ത്രിയെ നേരിൽ സന്ദർശിച്ച് നിവേദനം നൽകിയിരുന്നു. ഇവരിൽ പലരുമായി നേരിട്ട് മന്ത്രി സംസാരിച്ചതിന് ശേഷമാണ് പ്രതികരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.