ഉത്തരവിട്ട് 48 വർഷം കഴിഞ്ഞിട്ടും ലാൻഡ് ബോർഡ് മിച്ചഭൂമി ഏറ്റെടുത്തില്ലെന്ന് റവന്യൂ രേഖകൾ
text_fieldsകോഴിക്കോട് : ഉത്തരവിട്ട് 48 വർഷം കഴിഞ്ഞിട്ടും ലാൻഡ് ബോർഡ് മിച്ചഭൂമി ഏറ്റെടുത്തില്ലെന്ന് റവന്യൂ രേഖകൾ. സംസ്ഥാന ലാൻഡ് ബോർഡിന്റെ ഫയലുകൾ പരിശോധനയിലാണ് അക്കൗണ്ടന്റ് ജനറലാണ് (എ.ജി) ഇക്കാര്യം കണ്ടെത്തിയത്. ഇടുക്കി മഞ്ഞുമല വില്ലേജിലെ ( പഴയ പീരുമേട് വില്ലേജ് ) രേഖകളുടെ പരിശോധനയിൽ ചൂരക്കുളം തേയില എസ്റ്റേറ്റ് (പ്രൈവറ്റ് ) ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് 11.20 ഏക്കർ മിച്ചഭൂമി കണ്ടെത്തിയിരുന്നു.
1976 ൽ പീരുമേട് താലൂക്ക് ലാൻഡ് ബോർഡ് (ടി.എൽ.ബി) മിച്ചഭൂമി വിട്ടുനൽകാൻ ഉത്തരവിട്ടതാണ്. എന്നാൽ, എസ്റ്റേറ്റ് ഉടമ ലാൻഡ് ബോർഡ് ഉത്തരവിനെതിരെ ഹൈകോടതിയിൽ ഹർജി നൽകി. 1977 നവംമ്പർ 16ന് ടി.എൽ.ബിയുടെ ഉത്തരവ് ഹൈകോടതി റദ്ദാക്കി. രേഖകളുടെ പുതിയ പരിശോധനക്കും തീർപ്പിനുമായി കേസ് വീണ്ടും ടി.എൽ.ബി യിലേക്ക് കൈമാറി. ടീ എസ്റ്റേറ്റ് സമർപ്പിച്ച രേഖകളുടെയും ടി.എൽ.ബി അംഗങ്ങൾ ഭൂമി പരിശോധിച്ചതിൻറെയും അടിസ്ഥാനത്തിൽ മഞ്ഞുമല വില്ലേജിലെ സർവേ നമ്പർ 137 ൽ ടീ എസ്റ്റേറ്റിന് വിട്ടുനൽകാൻ മിച്ചഭൂമി ഇല്ലെന്ന് കണ്ടെത്തി. മിച്ചഭൂമി ഇല്ലെന്ന് സ്ഥിരീകരിച്ച് 2014 ഒക്ടബർ ഒന്നിന് ടി.എൽ.ബി നടപടികൾ പുറപ്പെടുവിച്ചു.
നടപടിക്രമങ്ങളും അനുബന്ധ രേഖകളും കൂടുതൽ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ, 1964 ഏപ്രിൽ ഒന്നിന് ശേഷം നൽകിയ ടീ ബോർഡ് സർട്ടിഫിക്കറ്റ് അടിസ്ഥാനമാക്കി എസ്റ്റേറ്റ് ഇളവ് അവകാശപ്പെട്ടതായി ശ്രദ്ധയിൽപ്പെട്ടു. എന്നാൽ, ഇപ്പോഴുള്ള സർട്ടിഫിക്കറ്റുകൾ 1990-91 വർഷത്തിലേതാണ്. മഞ്ഞുമല വില്ലേജിലെ സർവേ 137 ലെ ഭൂമി തേയിലത്തോട്ടങ്ങളായി പരിപാലിക്കപ്പെട്ടിരുന്നില്ലെന്നും പരിശോധനയിൽ വ്യക്തമായി. തോട്ടം ഭൂമി ഉടമം റിസോർട്ടുകൾ നിർമിക്കാൻ ഉപയോഗിച്ചുവെന്നും കണ്ടെത്തി.
തോട്ടം ഭൂമി തരംമാറ്റൽ നടത്തിയിട്ടും, ഇളവ് അവകാശപ്പെട്ട് ടീ എസ്റ്റേറ്റ് ഹാജരാക്കിയ രേഖകളുടെ സാധുത പരിശോധിക്കുന്നതിൽ ടി.എൽ.ബി പരാജയപ്പെട്ടു. ഈ വസ്തുതകളുടെ വെളിച്ചത്തിൽ, 2014 ഒക്ടോബർ ഒന്നിലെ ടി.എൽ.ബിയുടെ ഉത്തരവിനെതിരെ സംസ്ഥാന ചീഫ് സെക്രട്ടറി 2016 ജനുവരി 20 ന് ഹൈകോടതിയിൽ സിവിൽ റിവിഷൻ പെറ്റീഷൻ ഫയൽ ചെയ്തു. കേസ് രേഖകൾ വിശദമായി പരിശോധിക്കാതെ ടി.എൽ.ബി യുടെ തീരുമാനമെടുത്തുവെന്നാണ് എ.ജിയുടെ കണ്ടെത്തൽ. ഈ കേസിൽ തീരുമാനമെടുക്കുന്നതിൽ ലാൻഡ് ബോർഡിന്റെ അലംഭാവം പ്രാരംഭ ഘട്ടത്തിൽ തന്നെ പ്രകടമായിരുന്നു.
1977 നവംമ്പർ 16 ലെ കോടതി കേസ് ടി.എൽ.ബി ക്ക് കൈമാറിയെങ്കിലും, പുതിയ പരിശോധനക്കും തീർപ്പാക്കലിനും വേണ്ടി ടി.എൽ.ബി 37 വർഷം തള്ളി നീക്കി. ഒടുവിൽ 2014 ഒക്ടോബർ ഒന്നിന് മാത്രമാണ് നടപടി ക്രമങ്ങൾ പുറപ്പെടുവിച്ചത്. നാളിതുവരെ മിച്ചഭൂമി കണ്ടത്താനും അത് ഏറ്റെടുക്കാനും ലാൻഡ് ബോർഡിന് കഴിഞ്ഞില്ല. ഇത് റവന്യൂ വകുപ്പിന്റെ ഗുരുതരമായ വീഴ്ചയാണെന്ന് എ.ജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ഈ കേസ് ഏറ്റവും കാര്യക്ഷമമായി നടത്താൻ എസ്.എൽ.ബി അഡ്വക്കേറ്റ് ജനറലിനോട് അഭ്യർഥിച്ചിട്ടുണ്ടെന്ന് മറുപടി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.