നവീൻ ബാബുവിന്‍റെ മരണ ശേഷവും അദ്ദേഹത്തെ അഴിമതിക്കാരനാക്കാൻ ശ്രമം നടന്നു-പ്രതിപക്ഷ നേതാവ്
text_fieldsകൊച്ചി: എ.ഡി.എം നവീൻ ബാബുവിൻ്റെ മരണ ശേഷവും അദ്ദേഹത്തെ അഴിമതിക്കാരനാക്കാൻ ശ്രമം നടന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. നവീന്‍ ബാബുവിന്റെ ആത്മഹത്യ നടന്ന് എട്ട് ദിവസം കഴിഞ്ഞാണ് കേരളത്തിലെ മുഖ്യമന്ത്രി ഇതു സംബന്ധിച്ച് പ്രതികരിച്ചത്. ഇത്രയും ദിവസം അദ്ദേഹം മൗനത്തിലായിരുന്നു. സര്‍ക്കാരിലെ പ്രധാനപ്പെട്ട ഒരു ഉദ്യോഗസ്ഥന് ദൗര്‍ഭാഗ്യകരമായ ഒരു അന്ത്യം തന്റെ ജില്ലയില്‍ വെച്ച് സ്വന്തം പാര്‍ട്ടിക്കാരിയില്‍നിന്നുണ്ടായിട്ടുപോലും മുഖ്യമന്ത്രി മൗനത്തില്‍ ഒളിക്കുകയാണ്. നവീന്റെ വീട് സന്ദര്‍ശിച്ച സി.പി.ഐ.എം പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്‍ നവീൻ ബാബുവിന്റെ കുടുംബത്തോടൊമൊപ്പമാണ് പറയുകയും വേട്ടക്കാരോടൊപ്പം നില്‍ക്കുകയും ചെയ്യുന്ന നിലപാടാണ് പാർട്ടിയും സർക്കാരും ഇക്കാര്യത്തില്‍ സ്വീകരിച്ചിട്ടുള്ളതെന്ന് വി.ഡി സതീശൻ പറഞ്ഞു
യഥാര്‍ഥത്തില്‍ നവീന്‍ ബാബുവിന്റെ മരണശേഷവും അദ്ദേഹത്തെ അഴിമതിക്കാരനാക്കാന്‍ വേണ്ടിയുളള ശ്രമമാണ് നടക്കുന്നത്. പ്രശാന്തന്റെ പരാതി വ്യാജമാണ്. അയാളുടെ ഒപ്പും വ്യാജമാണ്. അയാള്‍ പാട്ടക്കരാറിനുവേണ്ടി കൊടുത്ത ഒപ്പും എന്‍.ഒ.സി.ക്കുവേണ്ടി കൊടുത്ത അപേക്ഷയിലെ ഒപ്പും രണ്ടും ഒന്നാണ്.എന്നാൽ അയാൾ നൽകിയ പരാതിയിലെ ഒപ്പ് വേറെയാണ്. അയാളുടെ പരാതി എ.കെ.ജി.സെന്ററിലാണ് രൂപപ്പെട്ടത്. യഥാര്‍ഥത്തില്‍ ഈ കേസിന്റെ കാരണങ്ങള്‍ അന്വേഷിച്ചുപോയാല്‍ എ.കെ.ജി. സെന്ററിലേക്കും മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുടെ ഓഫീസിലെ പരാതി പരിഹാര സെല്ലില്‍ ഇങ്ങനെ ഒരു പരാതി കിട്ടിയിട്ടുണ്ടോ? ഇ മെയിലില്‍ കിട്ടിയിട്ടുണ്ടോ? നേരിട്ടു കിട്ടിയിട്ടുണ്ടോ? അങ്ങനെയെങ്കില്‍ എന്താണ് അതിന്റെ തെളിവ്. ഈ പരാതി മരണശേഷം അദ്ദേഹത്തെ അപമാനിക്കുന്നതിന് വേണ്ടി അദ്ദേഹത്തെ അഴിമതികാരനാക്കുന്നതിനുവേണ്ടി മനപ്പൂര്‍വ്വം പാര്‍ട്ടിയുടെയും മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും അനുമതിയോടുകൂടി കെട്ടിച്ചമച്ച ഒന്നാണെന്ന് എല്ലാവര്‍ക്കും വ്യക്തമാണ് .
മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമാണ് ഈ മരണത്തിനു പിറകിലും മരണശേഷം നടന്ന അതിനേക്കാള്‍ കഠിനമായ കാര്യങ്ങളുടെയും പിറകിലുമുള്ളത്. പി.പി. ദിവ്യയെ പൊലീസ് ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. പിന്നെ എങ്ങനെ എം.വി.ഗോവിന്ദനും പിണറായി വിജയനും നവീൻ്റെ കുടുംബത്തോടൊപ്പമാണെന്ന് പറയാന്‍ കഴിയും. വേട്ടക്കാരെ മുഴുവന്‍ സംരക്ഷിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘത്തിന് വേണ്ടപ്പെട്ടവരാണ് ഈ കേസിലെ പ്രതികള്‍. അവരെ ഇപ്പോഴും പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിട്ടില്ലല്ലോ. അവര്‍ ഇന്ന് എന്താണ് മുന്‍കൂര്‍ ജാമ്യത്തിനുവേണ്ടി കോടതിയില്‍ പറഞ്ഞത്? നവീൻ അഴിമതിക്കാരനാണ്. താൻ അഴിമതിക്ക് എതിരെയാണ് ശബ്ദിച്ചത് എന്നാണ്. നവീന്‍ ബാബുവിനെ അഴിമതിക്കാരനാക്കാന്‍ മുന്‍കൂര്‍ ജാമ്യത്തിനുവേണ്ടി കോടതിയില്‍ വാദിക്കുന്നു . പാര്‍ട്ടിക്കാരിയായ അവർ നവിൻ്റെ കുടുംബത്തെ അപമാനിക്കുകയാണ്. അതിനെ മുഖ്യമന്ത്രിയും പാര്‍ട്ടിയും സംരക്ഷിക്കുകയാണ്. ഇത് ഇരട്ടത്താപ്പാണ്.
കുടുംബത്തോടൊപ്പമാണെന്ന് പറയുകയും എന്നിട്ട് സ്വന്തം പാര്‍ട്ടിക്കാരിയെക്കൊണ്ട് നവീൻ അഴിമതിക്കാരനാണെന്ന് ഇപ്പോഴും ഉറക്കെ വിളിച്ചു പറയിപ്പിക്കുകയുമാണ് ചെയ്യുന്നത്. നവീൻ അഴിമതിക്കാരനായിരുന്നുവെന്ന് കോടതിയിൽ പോയി പറയുന്നു . അഴിമതിക്ക് എതിരായ വിമര്‍ശനമാണ് അവര്‍ നടത്തിയതെങ്കില്‍ പിണറായി വിജയനും എം.വി. ഗോവിന്ദനും പട്ടും വളയും കൊടുത്ത് അവരെ സ്വീകരിക്കുകയല്ലേ ചെയ്യേണ്ടത്. എന്ത് ഇരട്ടത്താപ്പാണ് കാണിക്കുന്നത്. യഥാര്‍ത്ഥത്തില്‍ നവീൻ്റെ കുടുംബത്തെയും സത്യസന്ധനായ ആ മനുഷ്യനെയും അപമാനിക്കുകയും കബളിപ്പിക്കുകയും പരിഹസിക്കുകയും ചെയ്യുകയാണ് സി.പി.എമ്മും സർക്കാരും ചെയ്യുന്നത്. ഇത് ശരിയായ നടപടിയല്ലെന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.