ഉരുൾദുരന്തം; ഓണം കഴിഞ്ഞിട്ടും അതിജീവിതരുടെ വീട്ടുവാടക വിതരണം പൂർത്തിയായില്ല
text_fieldsകൽപറ്റ: മുണ്ടക്കൈ ഉരുൾപൊട്ടൽ അതിജീവിതരുടെ താൽക്കാലിക പുനരധിവാസത്തിനുള്ള വീടുകളുടെ വാടകവിതരണം ഓണം കഴിഞ്ഞിട്ടും പൂർത്തിയായില്ല. ഇത്തരം കുടുംബങ്ങളുടെ വീട്ടുവാടക ഓണത്തിനുമുമ്പ് നൽകുമെന്നാണ് റവന്യൂ മന്ത്രി കെ. രാജൻ കഴിഞ്ഞയാഴ്ച ഉറപ്പുനൽകിയത്. മാസം 6000 രൂപ എന്ന നിരക്കിലാണ് ഒരു കുടുംബത്തിന് സർക്കാർ നൽകുക. എന്നാൽ, പല കുടുംബങ്ങൾക്കും ഇതുവരെ തങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിൽ വാടക തുക വന്നിട്ടില്ല. ആഗസ്റ്റ് 25ഓടെയാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിഞ്ഞിരുന്ന 983 കുടുംബങ്ങളെ വാടക വീടുകളിലേക്കും സർക്കാർ ക്വാർട്ടേഴ്സുകളിലേക്കും മാറ്റിത്താമസിപ്പിച്ച് താൽക്കാലിക പുനരധിവാസം പൂർത്തിയാക്കിയത്.
ആഗസ്റ്റ് ആദ്യവാരത്തിൽ തന്നെ പലരെയും ഇത്തരത്തിൽ മാറ്റിയിരുന്നു. ഇവരുടെ ആഗസ്റ്റ് മാസത്തെ വീട്ടുവാടകയാണ് ഓണത്തിനുമുമ്പ് പൂർണമായും കൊടുക്കുമെന്ന് വാഗ്ദാനം നൽകിയിരുന്നത്. എന്നാൽ, തിരുവോണം കഴിഞ്ഞ് മൂന്നുദിവസം പിന്നിട്ടിട്ടും തുക വിതരണം പൂർത്തിയായിട്ടില്ല. വീടിന്റെ ഉടമസ്ഥരും താമസിക്കുന്നയാളും തമ്മിലാണ് വാടക കരാറുള്ളത്. ഇതിനാൽ മാസം പിന്നിടുമ്പോൾ ഉടമസ്ഥൻ അതിജീവിതരോടാണ് വാടക ചോദിക്കുകയെന്നതിനാൽ കുടുംബങ്ങൾ പ്രതിസന്ധിയിലായി. വാടക കിട്ടാത്ത നിരവധി പേർ ബുധനാഴ്ച മേപ്പാടി പഞ്ചായത്ത് ഓഫിസിൽ എത്തിയിരുന്നു.
ക്യാമ്പിൽ നൽകിയ വിലാസമടക്കമുള്ള വിവരങ്ങൾ ഉദ്യോഗസ്ഥർ തെറ്റായി രേഖപ്പെടുത്തിയതിനാലുള്ള സാങ്കേതിക തടസ്സമാണ് കാരണമെന്നാണ് അധികൃതർ ഇവരോട് വിശദീകരിച്ചത്.താൽക്കാലിക വീടുകളിൽ കഴിയുന്ന 535 കുടുംബങ്ങളുടെ വാടക തുക ബാങ്ക് അക്കൗണ്ടുകൾ മുഖേന നൽകുന്നതിന് വൈത്തിരി താലൂക്ക് ഓഫിസുമായി ബന്ധപ്പെടുത്തിയിരുന്നു.
ബന്ധുവീടുകളിലേക്ക് മാറി താമസിച്ച 174 പേരുടെ പുതിയ പട്ടിക മേപ്പാടി പഞ്ചായത്ത് സെക്രട്ടറിക്കും ലഭ്യമാക്കിയിരുന്നു. 24 പേർ സ്വന്തം വീടുകളിലേക്കും മാറി താമസിച്ചിട്ടുണ്ട്. വൈത്തിരി താലൂക്ക് ഓഫിസിലെ ഡിസാസ്റ്റർ മാനേജ്മെന്റ് വിഭാഗത്തിനാണ് സഹായവിതരണത്തിന്റെ ചുമതലയുള്ളത്. അതേസമയം, ബന്ധുവീടുകളിലേക്ക് മാറിതാമസിച്ചവരടക്കം 718 കുടുംബങ്ങൾക്കുള്ള വാടക തുക വിതരണം ചെയ്യാനായി ട്രഷറിയിലേക്ക് കൈമാറിയതായി താലൂക്ക് ഓഫിസ് അധികൃതർ ‘മാധ്യമ’ത്തോട് പറഞ്ഞു. ട്രഷറിയിൽ നിന്ന് അതത് അക്കൗണ്ടുകളിലേക്ക് തുക എത്താൻ കാലതാമസമുണ്ടാകാം.
അദാലത്തിൽ വന്നതടക്കമുള്ള 25ഓളം കുടുംബങ്ങളുടെ വാടക മാത്രമേ ഇനി നൽകാനുള്ളൂ. അത് അടുത്ത ദിവസങ്ങളിൽ അക്കൗണ്ടുകളിലെത്തുമെന്നും അധികൃതർ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.