വ്യാഴവട്ടം കഴിഞ്ഞിട്ടും ആദിവാസികൾക്ക് കേന്ദ്രം അനുവദിച്ച ഭൂമിയുടെ നാലിലൊന്ന് ലഭിച്ചില്ല
text_fieldsകോഴിക്കോട്: സുപ്രീംകോടതി ഭൂരഹിതരായ ആദിവാസികളുടെ പുനരധിവാസത്തിന് അനുവദിച്ച നിക്ഷിപ്ത വനഭൂമി ഒരു വ്യാഴവട്ടം കഴിഞ്ഞിട്ടും നാലിലൊന്ന് പോലും വിതരണം ചെയ്തില്ലെന്ന് രേഖകൾ. ആദിവാസി മേഖലയിൽ നിരന്തരം കുട്ടിമരണം നേരിടുന്ന അട്ടപ്പാടി ഉൾപ്പെട്ട പാലക്കാട് ജില്ലയിലാണ് ഭൂമി നൽകാതിരുന്നത്.
റവന്യൂ വകുപ്പ് നൽകുന്ന കണക്ക് പ്രകാരം പാലക്കാട് ജില്ലിയിൽ ആദിവാസികൾക്ക് വിതരമം ചെയ്യാൻ അനുമതി ലഭിച്ച 10,772 ഏക്കർ നിക്ഷിപ്ത വനഭൂമിയിൽ 2,497 ഏക്കർ മാത്രമേ വിതരണം ചെയ്യാൻ ഇതുവരെ സർക്കാരിന് കഴിഞ്ഞിട്ടുള്ളു. അനുവദിച്ച നിക്ഷിപ്ത വനഭൂമിയുടെ ഏതാണ്ട് 21 ശതമാനമാണ് ആദിവാസികൾക്ക് ലഭിച്ചത്. കെ.എസ്.ടി നിയമം, വനാവകാശ നിയമം എന്നിവപ്രകാരമാണ് ഈ ഭൂമി വിതരണം ചെയ്തത്. അതിൽ പലതും വാസയോഗ്യമല്ലെന്നും പട്ടയം ലഭിച്ച പലർക്കും ഭൂമി ലഭിച്ചിട്ടില്ലെന്നും ആരോപണമുണ്ട്.
സെക്രട്ടേറിയറ്റിന് മുന്നിൽ 2001ൽ ആദിവാസികൾ നടത്തിയ കുടിൽകെട്ടി സമരത്തെ തുടർന്നാണ് സംസ്ഥാന സർക്കാർ 30,000 നിക്ഷിപ്ത വനഭൂമി ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് കത്തെഴുതിയത്. കേന്ദ്ര സർക്കാരുമായി നടന്ന ചർച്ചകളുടെ ഒടുവിൽ 2011 ലാണ് വ്യവസ്ഥകളോടെ 19,000 ഏക്കർ നിക്ഷിപ്ത വനഭൂമി വിതരണം ചെയ്യുന്നതിന് അനുമതി ലഭിച്ചത്. അതേസമയം, ഭൂരഹിത ആദിവാസികളുടെ പുനരധിവാസം ഉറപ്പാക്കുന്നതിൽ സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളും സംവിധാനവും പരാജയപ്പെട്ടുവെന്നാണ് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്.
കേന്ദ്ര വനം പരിസ്ഥിതി മന്ത്രായത്തിന്റെ അനുമതി പ്രകാരം മുലപ്പുറം ജില്ലയിൽ ആദിവാസി പുനരധിവാസത്തിന് 503 ഏക്കർ നിക്ഷിപ്ത വനഭൂമി വിതരണം ചെയ്യണം. എ.ജിയുടെ അന്വേഷണ റിപ്പോർട്ടിലടക്കം ആദിവാസികളുടെ ഭൂമി വിതരണത്തിൽ നിലമ്പൂരിൽ വനംവകുപ്പ് നടത്തുന്ന നിയമലംഘനം ചൂണ്ടിക്കാണിച്ചതോടെയാണ് സർക്കാർ സംവിധാനം ഉണർന്നത്. എന്നിട്ടും വനംവകുപ്പിൽനിന്ന് ആദ്യം റവന്യൂ വകുപ്പിന് കൈമാറിയകത് 25 ഏക്കർ ഭൂമിയാണ്. അത് 2019ൽ 34 പട്ടികവർഗ കുടുംബങ്ങൾക്ക് പതിച്ച് നൽകി.
2020ൽ വനംവകുപ്പിൽനിന്ന് 264 ഏക്കർ ഭൂമി കൂടി വിട്ടു നൽകി. ഈ വനഭൂമി പൊതു ആവശ്യത്തിനുള്ളവ അടക്കം 1254 പ്ലോട്ടുകളായി തിരിച്ചു. ശരാശരി ഒരു പ്ലോട്ടിൽ 21 സെന്റ് ഭൂമിയാവും. പട്ടികവർഗ വിഭാഗങ്ങളിൽനിന്ന് അപേക്ഷയും ക്ഷണിച്ചു. 1709 അപേക്ഷകളാണ് സർക്കാരിന് ലഭിച്ചത്.
അതേസമയം ലാൻഡ് ബാങ്ക് പദ്ധതി പ്രകാരം സ്വകാര്യ വ്യക്തികളിൽനിന്ന് ഭൂമി വാങ്ങി നൽകുന്നതിന് പട്ടികവർഗ വകുപ്പ് ഉദ്യോഗസ്ഥർക്ക് അതിയായ താൽപ്പര്യമുണ്ട്. ഉദാഹരണമായി ആശിക്കും ഭൂമി ആദിവാസികൾക്ക് സ്വന്തം എന്ന പദ്ധതിപ്രകാരം തൃശൂരിൽ 21 പേർക്ക് ഭൂമി വാങ്ങി നൽകി. എറണാകുളത്ത് ഈ പദ്ധതി പ്രകാരം ഒമ്പത് പേർക്ക് 25 സെന്റ് വീതവും രണ്ട് പേർക്ക് 30 സെ ന്റ് വീതവും വാങ്ങി. പത്തനംതിട്ട ജില്ലയിൽ പട്ടികവർഗ വിഭാഗത്തിലെ ഭൂരഹിതർക്ക് ഭൂമി വിതരണം ചെയ്യുന്നതിന് നാല് ഭൂവുടകളിൽനിന്ന് 2.80 കോടിക്ക് ഭൂമി വാങ്ങി.
കൊല്ലത്ത് അച്ചൻകോവിൽ മേഖലയിൽ സ്വകാര്യ വ്യക്തികളിൽ നിന്ന് വിലകൊടുത്ത് ഭൂമി വാങ്ങാനാണ് ഉദ്യോഗസ്ഥർ തീരുമാനിച്ചത്. മുതലത്തോട് പട്ടികവർഗ ഊരിൽ വളരെ പരിതാപകാരമായ അവസ്ഥയിൽ കഴിയുന്ന മലപാണ്ടര ഗോത്രവിഭാഗത്തിൽപ്പെട്ട 18 ഭൂരഹിത കുടുംബങ്ങൾക്ക് ഭൂമി വാങ്ങി നൽകാൻ തീരുമാനിച്ചു. ഉദ്യോഗസ്ഥർക്ക് താൽപര്യം ഭൂമി വിലകൊടുത്ത് വാങ്ങുന്നതിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.