വക്കീലായാലും അനശ്വര പൊറോട്ടയടിക്കും
text_fieldsഎരുമേലി -കാഞ്ഞിരപ്പള്ളി റോഡിൽ കുറുവാംമൂഴിയിലെ ആര്യ ഹോട്ടലിലെ പൊറോട്ട നാട്ടുകാർക്ക് പ്രിയമാണ്. പൊറോട്ട ഉണ്ടാക്കുന്ന കാഴ്ച കഴിക്കാൻ എത്തുന്നവർക്ക് കൗതുകവുമാണ്. വക്കീൽ കുപ്പായമിടാൻ ഒരുങ്ങുന്ന പെൺകുട്ടിയും സ്കൂൾ വിദ്യാർഥിനികളായ അനിയത്തിമാരും ചേർന്ന് പൊറോട്ട ഉണ്ടാക്കുന്ന കാഴ്ച ഹോട്ടലിലെ ഭക്ഷണത്തിെൻറ രുചി പോലെ തന്നെ കൗതുകവും ഉണ്ടാക്കുന്നു.
തൊടുപുഴ അൽ-അസ്ഹർ ലോ കോളജ് വിദ്യാർഥിനി അനശ്വരയാണ് ആര്യാ ഹോട്ടലിലെ പ്രധാന പൊറോട്ട നിർമാതാവ്. പഠനത്തോടൊപ്പം അമ്മ സുബിയെ സഹായിക്കാനാണ് ജീവിത മാർഗമായ ഹോട്ടലിൽ അനശ്വര പൊറോട്ട ഉണ്ടാക്കുന്നത്. അനശ്വരയുടെ അനിയത്തിമാരും പ്ലസ് വൺ, ആറാം ക്ലാസ് വിദ്യാർഥിനികളുമായ മാളവിക, അനാമിക എന്നിവരും അമ്മക്ക് സഹായവുമായി അടുക്കളയിലുണ്ടാകും.
50 വർഷം മുമ്പ് പിതാവ് ആരംഭിച്ച ഹോട്ടൽ 23 വർഷമായി സുബിയാണ് നടത്തി വരുന്നത്. സ്വന്തമായി വീടില്ലാത്ത സുബിയും സഹോദരി സതിയും സുബിയുടെ മൂന്ന് പെൺമക്കളും ഹോട്ടലിനോട് ചേർന്നാണ് താമസിക്കുന്നത്. അനശ്വരയും വല്യമ്മ സതിയും കുട്ടികൾക്ക് ട്യൂഷൻ എടുക്കുന്നുമുണ്ട്. അമ്മയാണ് ആദ്യത്തെ ഗുരുവെന്ന് അനശ്വര പറയുന്നു. ചെറുപ്രായത്തിൽ അമ്മയെ സഹായിക്കാനാണ് പൊറോട്ട ഉണ്ടാക്കി തുടങ്ങിയത്. ലോക്ഡൗണിൽ ഹോട്ടലിൽ വരുമാനം കുറഞ്ഞതോടെ മറ്റൊരു ജോലിക്ക് പോയിരുന്നു. എന്നാൽ, വക്കീൽ പഠനത്തിെൻറ തിരക്ക് ബാധിച്ചതോടെ ജോലി ഉപേക്ഷിച്ചു.
വക്കീലാകാൻ പഠിക്കുന്ന അനശ്വര പൊറോട്ട ഉണ്ടാക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഇതോടെ അനശ്വരക്ക് അഭിനന്ദന പ്രവാഹമാണ്. കോളജിലെ സഹപാഠികളും വലിയ പിന്തുണയാണ് നൽകുന്നത്. നാട്ടുകാരും, കൂട്ടുകാരും നൽകുന്ന പ്രോത്സാഹനമാണ് കൊച്ചു കുടുംബത്തിെൻറ സന്തോഷമെന്നും അനശ്വര പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.