പ്രിയങ്കയല്ല ഇന്ദിര ഗാന്ധി മൽസരിച്ചാലും സ്ഥാനാർഥിയെ നിർത്തുമെന്ന് സി. ദിവാകരൻ
text_fieldsകോഴിക്കോട്: വയനാട് ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി മൽസരിക്കുന്നതിനെ കുറിച്ച് പ്രതികരണവുമായി മുതിർന്ന സി.പി.ഐ നേതാവ് സി. ദിവാകരൻ. പ്രിയങ്ക ഗാന്ധിയല്ല ഇന്ദിര ഗാന്ധി മൽസരിച്ചാലും സി.പി.ഐ സ്ഥാനാർഥിയെ നിർത്തുമെന്ന് ദിവാകരൻ പറഞ്ഞു.
സി.പി.ഐക്ക് ആരെയും പേടിയില്ല. തെരഞ്ഞെടുപ്പിൽ മൽസരിക്കുക എന്നത് സി.പി.ഐയുടെ അവകാശമാണ്. ഉപതെരഞ്ഞെടുപ്പിൽ ഇപ്പോൾ ജയം അവകാശപ്പെടുന്നില്ലെങ്കിലും മികച്ച മൽസരം കാഴ്ചവെക്കുമെന്നും ദിവാകരൻ വ്യക്തമാക്കി.
രാഹുൽ ഗാന്ധി വന്നു പോയി. ഇനി സോണിയ ഗാന്ധി സംസ്ഥാനത്തെ ഒരു മണ്ഡലത്തിൽ മൽസരിച്ചാലും സന്തോഷമേയുള്ളൂ. കേരളത്തിലുള്ളവർക്ക് പ്രാദേശികമായ യാതൊരു ചിന്തയുമില്ല. ഉണ്ടായിരുന്നെങ്കിൽ രാഹുൽ ഗാന്ധി ഇത്രയും ഭൂരിപക്ഷത്തിൽ ജയിക്കുമോ എന്നും ദിവാകരൻ ചോദിച്ചു.
വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിക്കുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും നേരത്തെ വ്യക്തമാക്കിയിരുന്നു. കോൺഗ്രസ് വിരുദ്ധ വോട്ടുകൾ ബി.ജെ.പിയിലേക്ക് പോകുമെന്നും അത് തടയാനാണ് മത്സരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
ലോക്സഭ തെരഞ്ഞെടുപ്പിൽ റായ്ബറേലി അടക്കം രണ്ട് മണ്ഡലങ്ങളിൽ വിജയിച്ചതിന് പിന്നാലെയാണ് വയനാട് ഒഴിയാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തീരുമാനിച്ചത്. ഉപതെരഞ്ഞെടുപ്പിൽ രാഹുലിന് പകരം പ്രിയങ്ക ഗാന്ധിയെ വയനാട്ടിൽ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു.
വയനാട്ടിൽ 3.64 ലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് വിജയം. സി.പി.ഐയുടെ ആനിരാജ രണ്ടാം സ്ഥാനത്തും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ മൂന്നാമതുമായി. റായ്ബറേലി മണ്ഡലത്തിൽ ഇത്തവണ രാഹുൽ 3.9 ലക്ഷത്തിന്‍റെ ഭൂരിപക്ഷമാണ് നേടിയത്. ബി.ജെ.പി സ്ഥാനാർഥി ദിനേശ് പ്രതാപ് സിങ്ങിനെയാണ് പരാജയപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.