അടിത്തറ ഇടതിന്റേതെങ്കിലും സാഹചര്യങ്ങൾ സ്വാധീനിക്കുന്ന മണ്ഡലം
text_fieldsആറ്റിങ്ങൽ: പാർലമെൻറ് മണ്ഡലത്തിലെ ആറ്റിങ്ങൽ അസംബ്ലി മണ്ഡലം ഇടതുപക്ഷത്തിന് സ്വാധീനവും അടിത്തറയും ഉള്ളതെങ്കിലും സമീപകാല തദ്ദേശതെരഞ്ഞെടുപ്പിലും കഴിഞ്ഞ പാർലമെൻറ് െതരഞ്ഞെടുപ്പിലും ആധിപത്യം നിലനിർത്താനായില്ല. രാഷ്ട്രീയ അടിത്തറക്കപ്പുറം തെരഞ്ഞെടുപ്പ് കാലത്തെ ഇതര വിഷയങ്ങളും ബന്ധപ്പെട്ട ഭരണസംവിധാനത്തിലെ പാർട്ടികളുടെ പ്രസക്തിയുമുൾപ്പെടെ വോട്ടർമാരെ സ്വാധീനിക്കുന്നുവെന്ന് ഇത് വ്യക്തമാക്കുന്നു.
ഒരു നഗരസഭയും ഒമ്പത് ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് നിയോജകമണ്ഡലം. ആറ്റിങ്ങൽ നഗരസഭ എൽ.ഡി.എഫ് ഭരണത്തിലാണ്. നാല് ഗ്രാമപഞ്ചായത്തുകൾ എൽ.ഡി.എഫും നാല് ഗ്രാമപഞ്ചായത്തുകൾ യു.ഡി.എഫും ഒന്ന് ബി.ജെ.പിയും ഭരിക്കുന്നു. ദേശീയപാതയുടെ ഇരുവശത്തായി വ്യാപിച്ചുകിടക്കുകയാണ് നിയോജകമണ്ഡലം. കർഷകരും കർഷക തൊഴിലാളികളും അധിവസിക്കുന്ന ഭൂപ്രദേശം.
ചെറുകിട റബർകർഷകരും വ്യാപകമാണ്. കാർഷികമേഖലയിലെ പ്രതിസന്ധിയും വികസന വിഷയങ്ങളും രാഷ്ട്രീയ നയനിലപാടുകളുമെല്ലാം െതരഞ്ഞെടുപ്പിൽ ചർച്ചയാവുന്നു. ദേശീയരാഷ്ട്രീയവും വർത്തമാനകാല കേന്ദ്രനയങ്ങളും വിവിധ കക്ഷികളുടെ നിലപാടുകളും ചർച്ചവിഷയമാണ്.
എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികൾക്കൊപ്പം എൻ.ഡി.എയും സാന്നിധ്യം അറിയിക്കുന്നു. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിൽ എൻ.ഡി.എ രണ്ടാംസ്ഥാനത്തെത്തിയ നിയോജകമണ്ഡലങ്ങളിൽ ഒന്നാണിത്. 2019 ലെ ലോക്സഭ െതരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയിച്ചപ്പോൾ എൽ.ഡി.എഫ് രണ്ടും എൻ.ഡി.എ മൂന്നും സ്ഥാനത്തായിരുന്നു.
തുടർന്നുവന്ന അസംബ്ലി തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ഉയർന്ന ലീഡ് നേടുകയും ബി.ജെ.പി രണ്ടാംസ്ഥാനത്ത് എത്തുകയും ചെയ്തു. ലോക്സഭ തെരഞ്ഞെടുപ്പിലെ ഒന്നാം സ്ഥാനത്തായിരുന്ന യു.ഡി.എഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പഞ്ചായത്ത് തലങ്ങളിലും ഇതുതന്നെയാണ് അവസ്ഥ. ഭരണത്തിൽ തുടരുന്ന കക്ഷികൾക്കുതന്നെ പാർലമെൻറ്, നിയമസഭ തെരഞ്ഞെടുപ്പുകളിൽ ലീഡ് ഉറപ്പുവരുത്താൻ സാധിച്ചിട്ടില്ല.
അസംബ്ലി തെരഞ്ഞെടുപ്പിൽ രണ്ടാംസ്ഥാനക്കാരായ ബി.ജെ.പി തദ്ദേശതെരഞ്ഞെടുപ്പിലും പ്രാദേശികതലത്തിൽ മുന്നേറ്റം ഉണ്ടാക്കിയിട്ടുണ്ട്. ആറ്റിങ്ങൽ പാർലമെൻറ് മണ്ഡലത്തിൽ ബി.ജെ.പി ഭരിക്കുന്ന ഏക തദ്ദേശസ്ഥാപനം ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ കരവാരം ഗ്രാമപഞ്ചായത്താണ്. മണ്ഡലത്തിൽ ബി.ജെ.പിക്ക് വളർച്ചക്കൊപ്പംതന്നെ തളർച്ചയുമുണ്ട്.
ഭരണത്തിൽ തുടരുന്ന കരവാരം ഗ്രാമപഞ്ചായത്തിലെ രണ്ട് ജനപ്രതിനിധികൾ സമീപദിവസങ്ങളിൽ രാജിെവച്ച് സി.പി.എമ്മിൽ ചേർന്നിരുന്നു. ആറ്റിങ്ങൽ നഗരസഭയിലും രണ്ട് ബി.ജെ.പി കൗൺസിലർമാരും ഇത്തരത്തിൽ സി.പി.എമ്മിൽ ചേർന്നു. വക്കം ഗ്രാമപഞ്ചായത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചതിനുശേഷം ബി.ജെ.പിയുടെ അഞ്ച് ബൂത്ത് പ്രസിഡൻറുമാർ ഉൾപ്പെടെയുള്ളവർ സ്ഥാനങ്ങൾ രാജിെവച്ച് സി.പി.എമ്മിൽ ചേർന്നിട്ടുണ്ട്.
തദ്ദേശ സ്ഥാപനങ്ങളിൽ യു.ഡി.എഫും പ്രാദേശികതർക്കങ്ങളിൽ പ്രതിസന്ധിയിലാണ്. വക്കം ഗ്രാമപഞ്ചായത്തിൽ ആഭ്യന്തരപ്രശ്നങ്ങളെതുടർന്ന് പ്രസിഡൻറ് രാജിെവച്ചിരുന്നു. സമീപദിവസങ്ങളിൽ ഭരണകക്ഷിയിലെതന്നെ ഒരംഗത്തെ പഞ്ചായത്ത് പ്രസിഡൻറ്, വൈസ് പ്രസിഡൻറ് ഉൾപ്പെടെയുള്ളവർ കമ്മിറ്റി ഹാളിൽ മർദിച്ച സംഭവവുമുണ്ടായി. ഇതിലുപരി പ്രാദേശിക സംഘടനാ പ്രശ്നങ്ങൾ പൂർണമായും പരിഹരിക്കാൻ നേതൃത്വത്തിനായിട്ടില്ല.
നിലവിലെ എം.പി എന്ന നിലയിലുള്ള അടൂർ പ്രകാശിന്റെ പ്രവർത്തനങ്ങളും ഇടപെടലുകളും മുൻനിർത്തിയാണ് യു.ഡി.എഫിന്റെ പ്രചാരണം. കേന്ദ്രസർക്കാറിന്റെ വർഗീയ ഫാഷിസ്റ്റ് അജണ്ടകൾക്കെതിരായ ഉറച്ച നിലപാടുകളും സംസ്ഥാന സർക്കാറിന്റെ ജനകീയ ഇടപെടലുകളും മുൻനിർത്തിയാണ് എൽ.ഡി.എഫിന്റെ വോട്ടഭ്യർഥന. കേന്ദ്ര സഹമന്ത്രി എന്ന നിലയിൽ വി. മുരളീധരൻ നടത്തിയ ഇടപെടലുകൾ മുൻനിർത്തിയും കേന്ദ്രസർക്കാറിന്റെ വികസനങ്ങളിലൂന്നിയുമാണ് എൻ.ഡി.എയുടെ പ്രചാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.