മോദി പ്രസംഗിച്ചു പോയാൽ വോട്ടുകിട്ടും എന്നാണ് ധാരണ, തൃശൂരിൽ താമസമാക്കിയാലും സുരേഷ് ഗോപി ജയിക്കില്ലെന്ന് എം.വി. ഗോവിന്ദൻ
text_fieldsതൃശൂരിലെ എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ഗോപിയെ ജയിപ്പിച്ചേ അടങ്ങൂ എന്ന നിലയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പ്രധാനമന്ത്രി വന്ന് പ്രസംഗിച്ചു പോയാൽ വോട്ടുകിട്ടുമെന്നാണ് ഇവരുടെ ധാരണ. മോദി തൃശൂരിൽ താമസമാക്കിയാലും സുരേഷ് ഗോപി ജയിക്കില്ല. എറണാകുളത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.പി.എമ്മിന്റെ അക്കൗണ്ട് മരവിപ്പിച്ചതു കൊണ്ട് ബി.ജെ.പി ജയിക്കാൻ പോകുന്നില്ല. സുരേഷ് ഗോപി നികുതി വെട്ടിപ്പ് നടത്തിയതും അതിനായി വ്യാജരേഖ ചമച്ചതുമായ കേസ് മാധ്യമങ്ങളടക്കം കണ്ടില്ലെന്ന് നടിക്കുകയാണ്.
പാനൂർ ബോംബ് സ്ഫോടനത്തിൽ സി.പി.എമ്മിന് പങ്കില്ല. എവിടെയോ ബോംബ് പൊട്ടിയതിന്റെ പേരിൽ സി.പി.എമ്മിനെതിരെ പ്രചാരണം നടത്തുകയാണിവിടെ. കൊലപാതകം നടത്തുകയോ ആരും മരിക്കുകയോ ചെയ്യരുത് എന്നാണ് പാർട്ടി നിലപാട്. സ്ഫോടനം ഉണ്ടായപ്പോൾ അവിടെ ഓടിക്കൂടിയവരിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരും കാണും. അത് മനുഷ്യത്വപരമായ നിലപാടാണ്. അവരെയാണിപ്പോൾ പൊലീസ് അറസ്റ്റ് ചെയ്തത്.
സി.പി.എമ്മിന് പങ്കുണ്ടോയെന്ന് പൊലീസ് നിഷ്പക്ഷമായി അന്വേഷിക്കട്ടെ. ബോംബ് സ്ഫോടനത്തിൽ ഉൾപ്പെട്ടവർ പാർട്ടി പ്രവർത്തകരെ ആക്രമിച്ച കേസുകളിലെ പ്രതികളാണ്. എന്നിട്ടും സി.പി.എമ്മിന്റെ മേൽ ആരോപണം ഉന്നയിക്കുകയാണ്. ഇങ്ങോട്ട് ആക്രമിച്ചാൽ പോലും സായുധമായി തിരിച്ചടിക്കില്ലെന്ന് 22–ാം പാർട്ടി കോൺഗ്രസിൽ സി.പി.എം തീരുമാനിച്ചിരുന്നു. അതിനു ശേഷം 27 സി.പി.എം പ്രവർത്തകർ കൊല്ലപ്പെട്ടു. ആർ.എസ്.എസും കോൺഗ്രസും ലീഗുമാണ് അതിനു പിന്നിൽ. എന്നാൽ അതിന് പ്രതികാരം വീട്ടാനോ തിരിച്ചടിക്കാനോ തയാറാകാത്ത പാർട്ടിയാണ് സി.പി.എമ്മെന്നും ഗോവിന്ദൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.