ഡ്രൈവർ മദ്യപിച്ചാലും ഇൻഷുറൻസ് നൽകാൻ കമ്പനിക്ക് ബാധ്യത -ഹൈകോടതി
text_fieldsകൊച്ചി: ഡ്രൈവർ മദ്യപിച്ചുവെന്ന കാരണത്താൽ അപകടത്തിനിരയാകുന്നയാൾക്ക് ഇൻഷുറൻസ് ആനുകൂല്യം നിഷേധിക്കാനാവില്ലെന്ന് ഹൈകോടതി. പോളിസി സർട്ടിഫിക്കറ്റിലെ വ്യവസ്ഥകൾ പ്രകാരം മദ്യപിച്ച് വാഹനമോടിക്കുന്നത് നിബന്ധനകളുടെയും വ്യവസ്ഥകളുടെയും ലംഘനമാണെങ്കിലും അപകടത്തിന് ഇരയാകുന്നയാൾക്ക് നഷ്ടപരിഹാരം നൽകാൻ ഇൻഷുറൻസ് കമ്പനി ബാധ്യസ്ഥരാണെന്ന് ജസ്റ്റിസ് സോഫി തോമസ് വ്യക്തമാക്കി.
മഞ്ചേരി മോട്ടോർ ആക്സിഡന്റ്സ് ക്ലെയിം ട്രൈബ്യൂണൽ (എം.എ.സി.ടി) നൽകിയ നഷ്ടപരിഹാരത്തുക കുറഞ്ഞു പോയതായി ചൂണ്ടിക്കാട്ടി നിലമ്പൂർ നടുവക്കാട് മുഹമ്മദ് റാഷിദ് നൽകിയ അപ്പീൽ ഹരജിയിലാണ് ഉത്തരവ്.
2013ൽ ഓട്ടോറിക്ഷയിൽ സഞ്ചരിക്കുമ്പോൾ ഒന്നാം പ്രതി ഗിരിവാസൻ ഓടിച്ച കാറിടിച്ചാണ് ഹരജിക്കാരന് ഗുരുതരമായി പരിക്കേറ്റത്. ഏഴ് ദിവസം ആശുപത്രിയിൽ ചികിത്സയിലും തുടർന്ന് ആറ് മാസം വീട്ടിൽ വിശ്രമത്തിലും കഴിഞ്ഞു. 12,000 രൂപ മാസവരുമാനമുള്ള ഡ്രൈവറായ ഹരജിക്കാരൻ നാല് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ട്രൈബ്യൂണലിനെ സമീപിച്ചെങ്കിലും 2.4 ലക്ഷം രൂപയാണ് അനുവദിച്ചത്. തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്.
അപകടത്തിനിടയാക്കിയ കാർ ഇൻഷുർ ചെയ്‌തിട്ടുണ്ടെങ്കിലും ഡ്രൈവർ മദ്യപിച്ച് വാഹനമോടിച്ചതിനാൽ നഷ്ടപരിഹാരം നൽകാൻ ബാധ്യതയില്ലെന്നായിരുന്നു ഇൻഷുറൻസ് കമ്പനിയുടെ വാദം. വാഹന ഉടമയോ ഡ്രൈവറോ ഈ വാദത്തെ എതിർത്തില്ലെന്നും വ്യക്തമാക്കി. എന്നാൽ, നഷ്ടപരിഹാരം നൽകുന്ന കാര്യത്തിൽ കമ്പനിക്ക് നിയമപരമായ ബാധ്യതയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇരക്ക് നഷ്‌ടപരിഹാരം നൽകാൻ കമ്പനി ബാധ്യസ്ഥരാണ്. അതേസമയം, ഇത് ഡ്രൈവർ, വാഹന ഉടമ എന്നിവരിൽനിന്ന് ഈടാക്കാവുന്നതാണെന്നും വ്യക്തമാക്കി. തുടർന്ന് ട്രൈബ്യൂണൽ ഉത്തരവിട്ട നഷ്‌ടപരിഹാരത്തുകക്ക് പുറമെ 39,000 രൂപ കൂടി നൽകാൻ കോടതി നിർദേശിച്ചു. ഈ തുക വർഷംതോറും ഏഴു ശതമാനം പലിശ നിരക്കിൽ ഹരജിക്കാരന്‍റെ ബാങ്ക് അക്കൗണ്ടിൽ രണ്ടു മാസത്തിനകം നിക്ഷേപിക്കാനും ഉത്തരവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.