വസ്തു വിറ്റാലും ബാധ്യത നിലനിൽക്കുമെന്ന് ഹൈകോടതി
text_fieldsകൊച്ചി: കുടിശ്ശികക്കാരുടെ വസ്തുവിന്മേലുള്ള സർക്കാറിന്റെ ബാധ്യത വസ്തു ലേലംചെയ്ത് വിറ്റാലും നിലനിൽക്കുമെന്ന് ഹൈകോടതി. ബാധ്യതയുള്ള ഭൂമി വിറ്റാലും അതിൽനിന്ന് കുടിശ്ശിക പിരിച്ചെടുക്കാൻ അവകാശമുണ്ടെന്ന സർക്കാർ വാദം അംഗീകരിച്ചാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
പണയ ഭൂമിയിൽ സർഫാസി, കടം തിരിച്ചുപിടിക്കൽ, പാപ്പർ നിയമം തുടങ്ങിയവ ധനകാര്യ സ്ഥാപനങ്ങൾക്ക് നൽകുന്ന അധികാരത്തിനും മേലെയല്ല സംസ്ഥാന റവന്യൂ അധികൃതർ അവകാശപ്പെടുന്ന പ്രഥമാധികാരമെന്നടക്കം വ്യക്തമാക്കി സിംഗിൾബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കിയാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
വിവിധ നികുതി കുടിശ്ശികകൾ ഈടാക്കാനെന്ന പേരിൽ, പണയ വസ്തുക്കൾ സർക്കാർ ഏറ്റെടുക്കുന്നത് ചോദ്യം ചെയ്ത് ഒരുകൂട്ടം ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും നൽകിയ ഹരജികൾ തീർപ്പാക്കിയായിരുന്നു 2019ൽ സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. കുടിശ്ശികയുമായി ബന്ധപ്പെട്ട് പ്രഥമാവകാശമുണ്ടെന്ന് വാദിക്കാമെങ്കിലും റവന്യൂ അധികൃതർക്ക് ഭൂമിക്കുമേൽ അധികാരം ഉന്നയിക്കാനാവില്ലെന്നായിരുന്നു സിംഗിൾബെഞ്ചിന്റെ ഉത്തരവ്. ധനകാര്യ സ്ഥാപനങ്ങളുടെ കടബാധ്യത കഴിഞ്ഞുള്ള തുകയിൽനിന്ന് നികുതി കുടിശ്ശിക അവകാശപ്പെടാൻ റവന്യൂ അധികൃതർക്ക് സ്വാതന്ത്ര്യമുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു.
എന്നാൽ, ബാങ്ക് വായ്പ കുടിശ്ശിക വരുത്തിയവരുടെ വസ്തുവകകൾ ലേലം ചെയ്തു തുക ഈടാക്കാൻ ബാങ്കുകൾക്ക് അധികാരമുണ്ടെങ്കിലും പ്രസ്തുത വസ്തുവിന്മേൽ സർക്കാറിന്റെ ബാധ്യതകൾ തീർക്കാതെ വസ്തുവിന്റെ കുടിക്കട ബാധ്യത മുക്തമാവില്ലെന്ന് ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. കേരള ചരക്ക് സേവന നികുതി നിയമം (ജി.എസ്.ടി), കേരള വാറ്റ് നിയമം എന്നിവ പ്രകാരം റവന്യൂ വകുപ്പിന് ഇത്തരം ഭൂമിയിലുള്ള പ്രഥമാവകാശം പരിഗണിക്കാതെയാണ് സിംഗിൾബെഞ്ച് ഉത്തരവെന്നായിരുന്നു സർക്കാറിന്റെ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.