സാക്ഷരതദിനത്തിലും പ്രേരക്മാരുടെ ജീവിതം ദുരിതത്തിൽ
text_fieldsതൊടുപുഴ: സാക്ഷരത മിഷന് കീഴിലുള്ള ജില്ലയിലെ പ്രേരക്മാരുടെ ജീവിതം സാക്ഷരതാദിനത്തിലും ദുരിതത്തിൽ. മാസങ്ങളായി ഇവരുടെ വേതനമടക്കം കുടിശ്ശികയാണ്.
ദിവസവും രാവിലെ 10 മുതൽ വൈകീട്ട് ഏഴുവരെയാണ് ജോലി. സാക്ഷരതമിഷനും ജില്ല കോഓഡിനേറ്റർമാരും തേദ്ദശ സ്വയംഭരണ സ്ഥാപനങ്ങളും നിശ്ചയിക്കുന്ന എല്ലാ ജോലികളും ചെയ്യാൻ ഇവർ ബാധ്യസ്ഥരാണ്.
ആദിവാസി സാക്ഷരത, തീരദേശ സാക്ഷരത, അന്തർ സംസ്ഥാന തൊഴിലാളികളെ അക്ഷരം പഠിപ്പിക്കൽ, നാലാംക്ലാസ്, ഏഴാംക്ലാസ്, പത്താംക്ലാസ്, പ്ലസ് ടു തുല്യത ക്ലാസുകൾ തുടങ്ങിയ ജോലികളാണ് പ്രേരക്മാർക്കുള്ളത്. 22 വർഷമായി ജോലിചെയ്യുന്ന പ്രേരക്മാർ വരെ ഇക്കൂട്ടത്തിലുണ്ട്.
മാർച്ച് മുതൽ തദ്ദേശ സ്ഥാപനങ്ങളിൽ കോവിഡ് ലഘൂകരണ പ്രവർത്തനങ്ങളുടെ ചുമതല കൂടി ഇവർക്കാണ്. ബിരുദധാരികൾ മുതൽ ബിരുദാനന്തര ബിരുദമുള്ളവർ വരെ ഇക്കൂട്ടത്തിലുണ്ട്. ബ്ലോക്ക് തലത്തിൽ 15,000 രൂപയും പഞ്ചായത്ത് തലത്തിൽ 12,000 രൂപയുമാണ് പ്രേരക്മാരുടെ ശമ്പളം. ദിവസം 400 രൂപ എന്ന രീതിയിലാണ് ശമ്പളം നിശ്ചയിച്ചിരിക്കുന്നത്.
വർഷങ്ങളായി പ്രേരക്മാരായി പ്രവർത്തിക്കുന്നത് മുഴുവൻ സമയ ജോലിയിലാണ്. ആയതിനാൽ മറ്റ് വരുമാനമാർഗങ്ങളില്ല. ജില്ലയിൽ 100 പ്രേരക്മാരാർ ഉണ്ടായിരുന്നുവെങ്കിൽ ഇപ്പോൾ 66 പേരാണുള്ളത്. മറ്റുള്ളവർ വേറെ വരുമാനമാർഗം തേടിപ്പോയി.
കഴിഞ്ഞ ഡിസംബറിൽ പ്രേരക്മാരെ സർക്കാർ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തിയെങ്കിലും തുടർ നടപടിയുണ്ടായില്ല. ജീവിതത്തിെൻറ ഭൂരിഭാഗവും ജോലിക്കായി സമർപ്പിച്ചിട്ടും അധികൃതരിൽനിന്ന് വേണ്ടത്ര പരിഗണന ലഭിക്കാത്തതിൽ നിരാശയിലാണ് ഇവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.