അരശുമൂട് – കുഴിവിള റോഡിൽ കാൽനട പോലും അസാധ്യം: സംയുക്ത പരിശോധനക്ക് മനുഷ്യാവകാശ കമീഷൻ
text_fieldsതിരുവനന്തപുരം: ആറ്റിപ്ര, കുളത്തൂർ പൗണ്ട് കടവ് വാർഡുകളിലൂടെ കടന്നുപോകുന്ന അരശുംമൂട് – കുഴിവിള റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനായി പൊതുമരാമത്ത് – ജലഅതോറിറ്റി ഉദ്യോഗസ്ഥർ സംയുക്ത സ്ഥല പരിശോധന നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ്. അലക്സാണ്ടർ തോമസ്.
2018 ലാണ് സ്വീവേജ് ലൈനിന് വേണ്ടി പൊതുമരാമത്ത് വകുപ്പ് ജല അതോറിറ്റിക്ക് റോഡ് കൈമാറിയത്. എന്നാൽ കാൽനടയാത്ര പോലും അസാധ്യമാകും വിധം പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞിരിക്കുകയാണെന്നാണ് പരാതി.ജലഅതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ സമർപ്പിച്ച റിപ്പോർട്ടിൽ കരാർ ഏറ്റെടുത്ത കമ്പനിയുടെ അനാസ്ഥ കാരണമാണ് നിർമ്മാണം വൈകിയതെന്ന് പറയുന്നു. പൈപ്പ് സ്ഥാപിക്കുന്ന ജോലികൾ പൂർത്തിയാക്കി 2024 മേയ് എട്ടിന് റോഡ് പൊതുമരാമത്ത് വകുപ്പിന് കൈമാറിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ ജല അതോറിറ്റി സ്ഥാപിച്ച മാൻഹോളുകളിൽ നിന്നും വെള്ളം അനിയന്ത്രിതമായി ഒഴുകുകയാണെന്നും ജല അതോറിറ്റിയുടെ പണികൾ പൂർത്തിയായിട്ടില്ലെന്നും പരാതിക്കാരൻ അറിയിച്ചു. തുടർന്നാണ് സംയുക്ത പരിശോധനക്ക് കമീഷൻ നിർദേശം നൽകിയത്.
പൊതുമരാമത്ത്, ജല അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർമാർ സ്ഥലപരിശോധന നടത്തണമെന്നാണ് ഉത്തരവ്. മാൻഹോളിൽ നിന്നും വെള്ളം അനിയന്ത്രിതമായി ഒഴുകുകയാണെങ്കിൽ അത് പരിഹരിക്കാൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ നടപടിയെടുക്കണം. സ്വീകരിച്ച നടപടികൾ പൊതുമരാമത്ത്, ജല അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർമാർ നാലാഴ്ച്ചക്കുള്ളിൽ കമ്മീഷനിൽ സമർപ്പിക്കണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു. കേസ് ജനുവരി 16 ന് പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.