ഓരോ കുട്ടിയും ‘വി.ഐ.പി’കളാണ്, പ്രദർശന വസ്തുവാക്കാൻ കഴിയില്ല; സർക്കാറിനോട് വിശദീകരണം തേടി ഹൈകോടതി
text_fieldsകൊച്ചി: നവകേരള യാത്രക്ക് സ്കൂൾ കുട്ടികളെ പങ്കെടുപ്പിക്കില്ലെന്ന് സർക്കാർ ഉറപ്പുനൽകിയിട്ടും ഇത് തുടരുന്നതിൽ ഹൈകോടതി സർക്കാറിന്‍റെ വിശദീകരണം തേടി. ഓരോ കുട്ടിയും ‘വി.ഐ.പി’കളാണ്. അവരെ പ്രദർശന വസ്തുവാക്കാൻ കഴിയില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. നവകേരള യാത്രക്ക് സ്കൂൾ കുട്ടികളെ വിട്ടുനൽകണമെന്ന മലപ്പുറം ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഉത്തരവിനെതിരെ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ. നവാസ് നൽകിയ ഹരജിയിലാണ് ഉത്തരവ്.
കേരള വിദ്യാഭ്യാസ ചട്ട പ്രകാരം കുട്ടികളുടെ അന്തസ്സ് മാനിക്കുന്ന രീതിയിലുള്ള പ്രവർത്തനമാണ് വേണ്ടത്. വിദ്യാർഥികളെ പങ്കെടുപ്പിക്കണമെന്ന ഉത്തരവ് തെറ്റായിരുന്നെന്ന് സർക്കാർ തന്നെ പറയുന്നു. കുട്ടികളെ പങ്കെടുപ്പിക്കില്ലെന്ന് അഡീ. എ.ജി കഴിഞ്ഞദിവസം കോടതിക്ക് ഉറപ്പുനൽകുകയും ചെയ്തു. എന്നിട്ടും കുട്ടികളെ പങ്കെടുപ്പിക്കുന്നുണ്ട്. തെറ്റുചെയ്യുന്ന ഉദ്യോഗസ്ഥർ രാജാവിനെക്കാൾ വലിയ രാജഭക്തി കാണിക്കുകയാണ്.
പങ്കെടുക്കാൻ കുട്ടികളെ നിർബന്ധിക്കുന്നില്ലെന്ന വാദം അംഗീകരിക്കാനാവില്ല. അധ്യാപകർ പറഞ്ഞാൽ കുട്ടികൾ പോകും. എന്നാൽ, ഇതും അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. തുടർന്ന് ഹരജി വ്യാഴാഴ്‌ച പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.