പഴയിടത്തെ വിളിച്ചത് കുഴിമന്തി ഉണ്ടാക്കാനല്ലല്ലോ; കലോത്സവ ഭക്ഷണത്തിൽ ജാതി കലർത്തിയവരുടെ രാഷ്ട്രീയം എല്ലാവർക്കും അറിയാം -ഷാഫി പറമ്പിൽ
text_fieldsസ്കൂൾ കലോത്സവത്തിലെ ഭക്ഷണത്തിൽ ജാതി കലർത്തിയത് ആരാണെന്നും അവരുടെ രാഷ്ട്രീയം എന്താണെന്നും എല്ലാവർക്കും അറിയാമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ. എത്രയോ വർഷങ്ങളായി വലിയ പരാതികൾക്കൊന്നും ഇടയില്ലാത്തവിധം സ്കൂൾ കലോത്സവം പോലുള്ള ഏഷ്യയിലെ വലിയൊരു ഇവന്റിന് കൃത്യമായി ഭക്ഷണം നൽകിയിരുന്ന ഒരാളാണ് പഴയിടം. അദ്ദേഹത്തെ പോലൊരാൾക്ക് ജാതി കലർത്തിയതായി ഒരാശങ്ക വരുന്ന തരത്തിലുള്ള പ്രതികരണങ്ങൾ എവിടെനിന്നാണ് ഉണ്ടായതെന്നാണ് പരിശോധിക്കേണ്ടത്. അശോകന്‍ ചരുവിലിനെ പോലുള്ളവര്‍ ഒരു കലോത്സവത്തിന് കൊടുക്കുന്ന ഭക്ഷണത്തെ നവോത്ഥാന പ്രവര്‍ത്തനമായും അതിലെ ജാതീയതയുമൊക്കെ കാണാന്‍ ശ്രമിച്ചത് ഖേദകരമാണ്.
കൊടുക്കുന്നത് വെജിറ്റേറിയൻ ഭക്ഷണമായത് കൊണ്ടും നന്നായി ചെയ്യുന്നത് കൊണ്ടും പഴയിടത്തെ വിളിക്കുന്നു, അദ്ദേഹം കൊടുക്കുന്നു. ചിക്കൻ കുഴിമന്തി ഉണ്ടാക്കാൻ വേണ്ടിയല്ലല്ലോ സർക്കാർ അദ്ദേഹത്തെ വിളിച്ചുവരുത്തിയത്, വെജിറ്റേറിയൻ ഭക്ഷണം ഉണ്ടാക്കി നൽകാനല്ലേ. അതദ്ദേഹം ഇത്രയും കാലം കൊടുത്തുകൊണ്ടിരുന്നു. അത് പ്രായോഗികതയുടെ പേരിൽ എടുത്ത തീരുമാനമാണെന്നാണ് നമ്മൾ ഇത്രയും കാലം മനസ്സിലാക്കിയത്. ഭക്ഷണം എന്ത് കൊടുക്കണമെന്ന് തീരുമാനിക്കുന്നത് പഴയിടം അല്ലല്ലോ? ഒരു ഇവന്റിൽ കൊടുക്കുന്ന ഭക്ഷണം അത് സംഘടിപ്പിക്കുന്നവരുടെ തീരുമാനമാണ്. സർക്കാറാണ് തീരുമാനിക്കുന്നത്, എന്താണ് കൊടുക്കേണ്ടതെന്ന്.
ഇനി മറിച്ചൊരു തീരുമാനം പ്രായോഗികമായി, സുരക്ഷിതമായി കൊടുക്കാൻ കഴിയുമെന്ന കോൺഫിഡൻസ് സർക്കാറിന് ഉണ്ടെങ്കിൽ അതിന് പറ്റിയ ആളുകളെ സർക്കാറിന് വിളിക്കാം. ഭക്ഷണത്തിൽ ജാതി കലർത്തിയത് ആരാണ്, അവരുടെ രാഷ്ട്രീയം എന്താണ്, അവരുടെ പ്രൊഫൈലുകൾ എന്താണ് എന്നുള്ളതൊക്കെ നമുക്കെല്ലാവർക്കും അറിയാം. ഭക്ഷണത്തിൽ ജാതികലർത്തുമ്പോഴും സാധാരണക്കാരൻ കഴിക്കുന്ന ഭക്ഷണത്തിൽ വിഷം കലർത്തുമ്പോഴും കാഴ്ചക്കാരായി നിൽക്കുകയാണ് സർക്കാർ.
കഴിക്കുന്ന ഭക്ഷണത്തിൽ വിഷം കലർന്ന് ആളുകൾ മരിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞയാഴ്ച രണ്ടുപേർ മരിച്ചു. അത്തരത്തിൽ വാർത്ത പുറത്തുവരുമ്പോൾ നടത്തുന്ന റെയ്ഡുത്സവങ്ങൾക്കപ്പുറത്തേക്ക് സ്ഥിരമായി ഇതിനെ പ്രതിരോധിക്കാനാവുന്ന നടപടികളോ മതിയായ സ്റ്റാഫോ സംവിധാനമോ ഏർപ്പെടുത്തുന്നതിൽ സർക്കാർ പരിപൂർണ പരാജയമാണ്. വകുപ്പു മന്ത്രിയും വകുപ്പും ജനങ്ങൾക്ക് ഒരു ബാധ്യതയായി മാറുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.