ഭരണനയങ്ങൾ മുതൽ പാർട്ടി നിലപാട് വരെ എല്ലാം ചർച്ചയായി
text_fieldsതിരുവനന്തപുരം: പ്രചാരണത്തിൽ വിവാദങ്ങളുടെ വേലിയേറ്റം തീർത്ത് കേരളം ലോക്സഭയിലേക്ക് വിധിയെഴുതുന്നു. കേന്ദ്ര നയങ്ങളും സംസ്ഥാന സർക്കാർ നടപടികളും രാഷ്ട്രീയ കക്ഷികളുടെ നയനിലപാടുകളും ഇഴകീറി ചർച്ച ചെയ്തു. ബി.ജെ.പി വിരുദ്ധതയിൽ ചാമ്പ്യന്മാർ ആരെന്നതായിരുന്നു പ്രധാന മത്സരം.
ന്യൂനപക്ഷ വോട്ട് ആകർഷിക്കാൻ ഇരുകൂട്ടരും സർവതന്ത്രങ്ങളും പയറ്റി. പ്രധാനമന്ത്രി അടക്കം പലവട്ടം പ്രചാരണത്തിനെത്തി ബി.ജെ.പിയും കളംപിടിക്കാൻ കിണഞ്ഞുശ്രമിച്ചു. ദേശീയതല മുദ്രാവാക്യമായ മോദി ഗാരന്‍റി പ്രഖ്യാപിച്ചതുതന്നെ കേരളത്തിൽ.
സംസ്ഥാന സർക്കാറിന്‍റെ ഭരണവിരുദ്ധ വികാരം ഉയർത്താൻ യു.ഡി.എഫ് ശ്രമിച്ചപ്പോൾ കേന്ദ്രത്തിന്‍റെ പ്രതികാരമാണ് പ്രതിസന്ധി സൃഷ്ടിച്ചതെന്ന് ഭരണപക്ഷം വിശദീകരിച്ചു. യു.ഡി.എഫ് എം.പിമാർ സംസ്ഥാനത്തിന് അനുകൂല നിലപാടെടുത്തില്ലെന്ന് എൽ.ഡി.എഫ് ആരോപിച്ചപ്പോൾ കേന്ദ്രവും മുഖ്യമന്ത്രിയുമായി ഒത്തുകളിയുണ്ടെന്നായിരുന്നു യു.ഡി.എഫ് ആക്ഷേപം.
കരുവന്നൂർ അടക്കം സഹകരണ മേഖലയിലെ തട്ടിപ്പും ഇ.ഡിയുടെ വരവും പ്രതിപക്ഷം ആയുധമാക്കി. പത്തനംതിട്ടയിലെ സ്ഥാനാർഥി തോമസ് ഐസക്കിന് പലതവണ ഇ.ഡി നോട്ടീസ് വന്നു. മാസപ്പടിക്കേസിൽ അന്വേഷണം കേന്ദ്രം മുറുക്കിയതിൽ പോലും പ്രതിപക്ഷം ഒത്തുകളി മണത്തു.
കരുണാകരന്‍റെ മകൾ പത്മജ അടക്കം ബി.ജെ.പിയിലേക്ക് ചാടിയത് തെരഞ്ഞെടുപ്പിന് നടുവിൽ യു.ഡി.എഫിന് ക്ഷീണമായി. രാഹുൽ ഗാന്ധി വയനാട് മത്സരിക്കുന്നതിൽ ഇൻഡ്യ മുന്നണി ഘടകകക്ഷിയായ സി.പി.ഐക്ക് കടുത്ത എതിർപ്പുണ്ടായിരുന്നു. അത് പരസ്യമായി ഉന്നയിച്ചിട്ടും കോൺഗ്രസ് തിരുത്തിയില്ല. പൊന്നാനിയിലെ ഇടത് സ്ഥാനാർഥി ലീഗിലും അസ്വസ്ഥത സൃഷ്ടിച്ചു. ഇത് സമസ്തയിലുണ്ടാക്കിയ പ്രശ്നങ്ങൾ തീർന്നിട്ടില്ല.
അവസാന ലാപ് രാഹുൽ ഗാന്ധിയും മുഖ്യമന്ത്രിയും തമ്മിൽ വലിയ വാഗ്വാദത്തിനാണ് സാക്ഷ്യംവഹിച്ചത്. ബി.ജെ.പി രാഹുലിനെതിരെ നടത്തിയ ആക്ഷേപങ്ങൾ വരെ ഇടത് സ്വരമായി. സി.എ.എയുടെ പേരിൽ ന്യൂനപക്ഷ വോട്ട് ഉറപ്പാക്കാൻ ഇരുപക്ഷവും അവസാന നിമിഷവും ശ്രമം തുടർന്നു.
എ.കെ. ആന്‍റണിയുടെ മകനും ബി.ജെ.പി സ്ഥാനാർഥിയുമായ അനിൽ ആന്റണിക്കെതിരെ ദല്ലാൾ ടി.ജി. നന്ദകുമാറിന്‍റെ വെളിപ്പെടുത്തലും വിവാദമായി. അനിൽ ആന്‍റണി 25 ലക്ഷവും ആലപ്പുഴയിലെ സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ 10 ലക്ഷവും വാങ്ങിയെന്നായിരുന്നു വെളിപ്പെടുത്തൽ. മറുപടിയായി പ്രമുഖ സി.പി.എം നേതാവ് ബി.ജെ.പിയിലേക്ക് പോകാൻ ചർച്ച നടത്തിയെന്ന് ശോഭ വെളിപ്പെടുത്തി. വോട്ടെടുപ്പിന് തലേന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ അത് ഇ.പി. ജയരാജനാണെന്ന് വെളിപ്പെടുത്തി.
യു.ഡി.എഫുകാർക്കെതിരെ ബി.ജെ.പി ബന്ധം സി.പി.എം തുടർച്ചയായി ഉന്നയിക്കവെയാണ് അവസാനനിമിഷം വന്ന വൻ വിവാദം. തൃശൂർ പൂരം പൊലീസിന്‍റെ കാർക്കശ്യത്തിൽ അലങ്കോലമായത് പ്രചാരണത്തിലും പ്രതിഫലിച്ചു.
വോട്ടിങ് യന്ത്രത്തിൽ പരീക്ഷണം നടത്തിയപ്പോൾ ബി.ജെ.പിക്ക് വോട്ട് അധികം കിട്ടിയതും മറ്റ് ചിഹ്നങ്ങൾക്ക് കുത്തിയാലും താമരക്ക് പോകുന്നതും അടക്കം പരാതികൾ വന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.