എല്ലാം സ്പോർട്സ്മാൻ സ്പിരിറ്റോടെ കാണുന്നു; ഫോർവേഡായി കളിക്കാനാണ് താൽപര്യം -വിലക്ക് വിവാദത്തിൽ മറുപടിയുമായി ശശി തരൂർ
text_fieldsകോഴിക്കോട്: രാഷ്ട്രീയം സ്പോർസ്മാൻ സ്പിരിറ്റോടെ കാണണമെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. തനിക്ക് റെഡ് കാർഡ് തരാൻ അംപയർ ഇറങ്ങിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയിലെ അപ്രഖ്യാപിത വിലക്കിനെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു തരൂർ. ''എല്ലാം സ്പോർട്സ്മാൻ സ്പിരിറ്റോടെ കാണണമെന്നാണ് ഫുട്ബോൾ നമ്മളെ പഠിപ്പിക്കുന്നത്. രാഷ്ട്രീയവും അതുപോലെ കാണണം. ഫോർവേഡായി കളിക്കാനാണ് തനിക്ക് താൽപര്യം. റെഡ് കാർഡ് തരാൻ അംപയർ ഇറങ്ങിയിട്ടില്ല''-തരൂർ പറഞ്ഞു.
എം.ടി. വാസുദേവൻ നായരെ വീട്ടിലെത്തി സന്ദർശിച്ച ശേഷമായിരുന്നു തരൂരിന്റെ പ്രതികരണം. ''എം.ടിയുമായുള്ള കൂടിക്കാഴ്ച തീർത്തും വ്യക്തിപരമായിരുന്നു. എന്റെ അച്ഛനെയും അമ്മയെയും 45 വർഷമായി അറിയുന്ന വ്യക്തിയാണ് അദ്ദേഹം. എന്റെ കുട്ടിക്കാലത്ത് ബോംബെയിലും കൊൽക്കത്തയിലുമൊക്കെ താമസിച്ചിരുന്നപ്പോൾ എം.ടി. വീട്ടിൽ വരാറുണ്ടായിരുന്നു. എന്റെ ആദ്യത്തെ കഥകളൊക്കെ വായിച്ച് അദ്ദേഹം പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. അദ്ദേഹം നയിക്കുന്ന തുഞ്ചത്ത് എഴുത്തച്ഛൻ സ്മാരക മെമ്മോറിയലിന് വേണ്ടിയായിരുന്നു ഐക്യ രാഷ്ട്രസഭ വിട്ടതിനു ശേഷം ഞാൻ കേരളത്തിൽ പങ്കെടുത്ത ഏക പരിപാടി''-ശശി തരൂർ വ്യക്തമാക്കി.
അതിനിടെ ശശി തരൂരിന് വിലക്കേർപ്പെടുത്തിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതികരിച്ചു. അപ്രഖ്യാപിത വിലക്ക് കാരണം കോഴിക്കോട് നടത്താനിരുന്ന സെമിനാറിൽ നിന്ന് യൂത്ത്കോൺഗ്രസ് പിൻമാറിയിരുന്നു. പാർട്ടിയിലെ ഉന്നതരുടെ ഇടപെടൽ മൂലമാണ് യൂത്ത്കോൺഗ്രസിന്റെ പിൻമാറ്റമെന്നാണ് സൂചന. സംഘപരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും എന്ന വിഷയത്തിലാണ് സെമിനാർ നടത്താൻ തീരുമാനിച്ചത്. യൂത്ത്കോൺഗ്രസ് പിൻമാറിയതോടെ കോൺഗ്രസ് അനുകൂല സാംസ്കാരിക സംഘടന പരിപാടിയുടെ നടത്തിപ്പ് ചുമതല ഏറ്റെടുത്ത് രംഗത്തുവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.