നെയ്യാറ്റിൻകരയിലെ കുടിയൊഴിപ്പിക്കൽ: റവന്യൂ വകുപ്പ് ഇരുട്ടിൽ തപ്പുന്നു
text_fieldsതിരുവനന്തപുരം: നെയ്യാറ്റിൻകര പൊങ്ങയിലെ ലക്ഷംവീട് കോളനിയിൽ കുടിയൊഴിപ്പിക്കൽ നടപടിക്കിടെ തീപ്പൊള്ളലേറ്റ് മരിച്ച രാജൻ-അമ്പിളി ദമ്പതികൾ താമസിച്ചിരുന്ന ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച് റവന്യൂ വകുപ്പ് ഇരുട്ടിൽ തപ്പുന്നു.
രാജനെയും അമ്പിളിയെയും അടക്കംചെയ്ത ഭൂമി വിലക്കുവാങ്ങി നൽകാമെന്ന വാഗ്ദാനവുമായി ബോബി ചെമ്മണ്ണൂർ എത്തിയതോടെയാണ് കുട്ടികൾ ലക്ഷം വീട് കോളനിയുടെ പട്ടയം കൈമാറ്റം ചെയ്യാനാകില്ലെന്ന പ്രശ്നം ഉന്നയിച്ചത്.
1972ലാണ് മന്ത്രി എം.എൻ. ഗോവിന്ദൻ നായരുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് 'ലക്ഷം വീട്' എന്ന പേരിൽ ഭവനപദ്ധതി തുടങ്ങിയത്. പദ്ധതിപ്രകാരമുള്ള കോളനിയാണിതെന്ന് അവിടെ താമസിക്കുന്നവരുടെ പട്ടയങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
പദ്ധതിയുമായി ബന്ധപ്പെട്ട് 1988 ജൂൺ 18, 1997 മേയ് 20, 2015 ജൂൺ 30 തീയതികളി മൂന്ന് ഉത്തരവുകൾ റവന്യൂ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഈ ഉത്തരവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ ലക്ഷംവീട് കോളനിയിലെ ഭൂമി കൈമാറ്റം ചെയ്യാൻ കഴിയൂ. 1988 ജൂലൈ 18നാണ് പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് ചില വ്യവസ്ഥകൾക്ക് വിധേയമായി പട്ടയം നൽകാൻ ആദ്യ ഉത്തരവിറങ്ങിയത്.
അനുവദിച്ച സ്ഥലത്ത് താമസിക്കുന്നവരെ മാത്രമേ ഗുണഭോക്താക്കളായി അന്ന് പരിഗണിച്ചുള്ളൂ. ലക്ഷംവീട് നിവാസികൾക്ക് അവരുടെ കൈവശമുള്ള ഭൂമിയിൽ അവകാശം നൽകാൻ 1988ൽ തീരുമാനിച്ചു. തുടർന്ന് 1989ലാണ് നെയ്യാറ്റിൻകരയിൽ ഭൂമിക്ക് പട്ടയം നൽകിയത്.
ലക്ഷംവീട് കോളനികളിലെ പട്ടയങ്ങൾ പലരും കൈക്കലാക്കുന്നത് തിരിച്ചറിഞ്ഞ് റവന്യൂ സെക്രട്ടറിയായിരുന്ന കെ. മോഹൻദാസ് വ്യവസ്ഥകൾ പുതുക്കി 1997 മേയ് 20ന് ഉത്തരവിട്ടു. ചികിത്സ, മകളുടെ വിവാഹം തുടങ്ങിയ ആവശ്യങ്ങൾക്ക് സാമ്പത്തിക പരാധീനതമൂലം ഭൂമി കൈമാറ്റം ചെയ്യാമെന്ന് 2015ൽ ഉത്തരവായി. നെയ്യാറ്റിൽകരയിൽ വിവാദഭൂമിയുടെ ആദ്യ കൈമാറ്റം 2001ലും രണ്ടാമത്തേത് 2006ലുമാണ് നടന്നത്.
അവിടെ പട്ടയവ്യവസ്ഥ ലംഘിച്ചാണ് കൈമാറ്റം നടത്തിയതെന്ന് വ്യക്തം. തഹസിൽദാരുടെ അന്വേഷണ റിപ്പോർട്ടാണ് ഇക്കാര്യത്തിൽ നിർണായകം. എന്നാൽ, ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച് വ്യക്തത വരുത്തുന്നതിൽ റവന്യൂ ഉദ്യോഗസ്ഥർ അനാവശ്യ കാലതാമസം വരുത്തുന്നെന്നും അതിൽ ദുരൂഹതയുണ്ടെന്നും ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.