തെളിവെടുപ്പ് പൂര്‍ത്തിയായി, അഫാനെ ജയിലിലേക്ക് മടക്കി; കിളിമാനൂർ പൊലീസിന്റെ അപേക്ഷയിൽ നാളെ കസ്റ്റഡിയില്‍ വിട്ടേക്കും
text_fieldsവെഞ്ഞാറമൂട്: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പാങ്ങോട് പൊലീസ് പ്രതി അഫാന്റെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി തിരികെ ജയിലിലെത്തിച്ചു. കൊലപാതകങ്ങള്‍ക്ക് വേണ്ടി ചുറ്റിക വാങ്ങിയ വെഞ്ഞാറമൂട്ടിലെ ഹാര്ഡ്വെയര് കട, പിതൃമാതാവിന്റെ മാല പണയംവെച്ച സ്വകാര്യ പണമിടപാട് സ്ഥാപനം, ചുറ്റിക ഒളിപ്പിക്കാന്‍ ബാഗ് വാങ്ങിയ ചെരുപ്പുകട, പണയംവെച്ച പൈസ നിക്ഷേപിച്ച എ.ടി.എം കൗണ്ടര്‍ എന്നിവിടങ്ങളിലെത്തിച്ചായിരുന്നു തെളിവെടുപ്പ്.
കട ഉടമകളും പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരും പ്രതിയെ തിരിച്ചറിഞ്ഞു. എല്ലാ സ്ഥലങ്ങളിലും ആള്‍ക്കൂട്ടമുണ്ടായിരുന്നതിനാല്‍ വന്‍ പൊലീസ് സുരക്ഷയിലായിരുന്നു തെളിവെടുപ്പ്. സല്‍മാബീവിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പാങ്ങോട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് രണ്ട് ദിവസമായി തെളിവെടുപ്പ് നടന്നത്.
സംഭവദിവസം ഉച്ചക്ക് 12ഓടെ മാതാവ് ഷെമീനയുമായി വഴക്കിട്ടശേഷം അവരുടെ കഴുത്തില്‍ ഷാള്‍ മുറുക്കിയെന്ന് അഫാന് മൊഴി നല്കി. മാതാവ് മരിച്ചെന്നുകരുതിയാണ് വീട് പൂട്ടി ഇറങ്ങിയത്. പിന്നീട് പണമിടപാട് സ്ഥാപനത്തില്‍നിന്ന് പണം കടംവാങ്ങിയശേഷം ചുറ്റിക വാങ്ങി പാങ്ങോടെത്തി സല്‍മാ ബീവിയെ കൊലപ്പെടുത്തി.
സല്‍മാബീവിയെ കൊന്ന രീതി ഭാവമാറ്റമില്ലാതെയാണ് അഫാന് വിവരിച്ചത്. ഇതിനുശേഷം വീട്ടിലെത്തിയപ്പോള്‍ മാതാവ് നിലത്തുകിടന്ന് കരയുന്നത് കണ്ടു. തുടര്‍ന്ന് ചുറ്റികകൊണ്ട് അവരുടെ തലക്കടിച്ചെന്നും അഫാന് മൊഴി നൽകി.
മൊഴിയെടുപ്പിനുശേഷം ശനിയാഴ്ച ഉച്ചയോടെ നെടുമങ്ങാട് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ശേഷം പാങ്ങോട് പൊലീസ് അഫാനെ ജയിലിലെത്തിച്ചു. പ്രതിയുടെ പിതൃസഹോദരനെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസിലുള്ള തെളിവെടുപ്പാണ് ഇനി നടക്കുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.