തെളിവെടുപ്പ് പൂർത്തിയാക്കി; സനു മോഹനെ കൊച്ചിയിലെത്തിച്ചു
text_fieldsകാക്കനാട്: വൈഗ കൊലക്കേസിൽ പ്രതിയും കുട്ടിയുടെ പിതാവുമായ സനു മോഹനെ കൊച്ചിയിൽ തിരികെയെത്തിച്ചു.
സംസ്ഥാനത്തിനുപുറത്ത് ആറ് ദിവസത്തെ തെളിവെടുപ്പ് പൂർത്തിയാക്കിയാണ് തൃക്കാക്കര പൊലീസ് സ്റ്റേഷനിലെത്തിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ കൊല്ലൂരിൽനിന്ന് തിരിച്ച പൊലീസ് സംഘം ചൊവ്വാഴ്ച പുലർച്ചയാണ് തൃക്കാക്കരയിലെത്തിയത്. മൂകാംബികയിൽ ഇയാൾ താമസിച്ച ബീന റെസിഡൻസിയിലാണ് അവസാനം തെളിവെടുപ്പ് നടത്തിയത്.
ഒരുമാസത്തോളം ഒളിവിലായിരുന്ന ഇയാളെക്കുറിച്ച് അന്വേഷണസംഘത്തിന് വിവരം ലഭിച്ചത് ഇവിടെ െവച്ചാണ്. ഞായറാഴ്ച രാത്രി മൂകാംബികയിലെത്തിയ അന്വേഷണസംഘം അവിടെ താമസിച്ചശേഷം തിങ്കളാഴ്ച രാവിലെതന്നെ ബീന റെസിഡൻസിയിലും സമീപത്തും തെളിവെടുപ്പ് പൂർത്തിയാക്കി. ഹോട്ടൽ ജീവനക്കാർ പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്.
ചോദ്യം ചെയ്യൽ ചൊവ്വാഴ്ച പുനരാരംഭിക്കും. ഇതിന് നേരേത്ത ഇയാൾ നൽകിയ മൊഴികളും തെളിവെടുപ്പിനിടെ അന്വേഷണസംഘം കണ്ടെത്തിയ കാര്യങ്ങളും ഒത്തുനോക്കും.
പല മൊഴികളിലും പൊരുത്തക്കേടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. വൈഗയെ കൊലപ്പെടുത്തിയശേഷം പലതവണ ആത്മഹത്യശ്രമം നടത്തിയെന്ന മൊഴി തെറ്റാണെന്ന് കണ്ടെത്തിയിരുന്നു. മൊഴിയിൽ പൊരുത്തക്കേടുള്ള സാഹചര്യത്തിൽ കേസ് കൂടുതൽ ദുരൂഹമാവുകയാണ്. മറ്റാർക്കെങ്കിലും സംഭവത്തിൽ പങ്കുണ്ടോ എന്നും അന്വേഷിക്കേണ്ടതുണ്ട്. ഭാര്യ ഉൾെപ്പടെ ബന്ധുക്കളോടൊപ്പം ഇരുത്തി ചോദ്യം ചെയ്യാനും നീക്കമുണ്ട്.
29നാണ് കസ്റ്റഡി കാലാവധി അവസാനിക്കുന്നത്. അഞ്ച് സംസ്ഥാനത്തായി ആയിരക്കണക്കിന് കിലോമീറ്ററാണ് സനു മോഹനുമൊത്ത് പൊലീസ് സഞ്ചരിച്ചത്. വൈഗയുടെ മരണശേഷം കോയമ്പത്തൂരിലേക്ക് കടന്ന സനു 28 ദിവസത്തോളം സേലം, ബംഗളൂരു, മുംബൈ, ഗോവ, പനാജി, മുരുദേശ്വർ, കൊല്ലൂർ, കാർവാർ എന്നിവിടങ്ങളിൽ ഒളിവിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.