തെളിവ് നശിപ്പിച്ചു; ഫോണിലും കൃത്രിമം
text_fieldsകൊച്ചി: നടിയെ ആക്രമിച്ച സംഭവം അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ച കേസ് അട്ടിമറിക്കാൻ നടൻ ദിലീപടക്കം പ്രതികൾ മൊബൈൽ ഫോണുകളിൽ കൃത്രിമം കാണിച്ചതായി ക്രൈംബ്രാഞ്ച് ഹൈകോടതിയിൽ. ജനുവരി 31ന് ഫോണുകൾ ഹാജരാക്കാൻ ഹൈകോടതി 29ന് ഉത്തരവിട്ടതിനുശേഷം അന്നും പിറ്റേന്നുമാണ് കൃത്രിമം കാണിച്ചത്. നിർണായകമായ വിവരങ്ങൾ നീക്കിയ ശേഷമാണ് കോടതി നിർദേശപ്രകാരം ഫോണുകൾ ഹാജരാക്കിയത്.
കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹരജിയിലാണ് ക്രൈംബ്രാഞ്ച് എസ്.പി എം.പി. മോഹനചന്ദ്രൻ റിപ്പോർട്ട് നൽകിയത്. ദിലീപിനുപുറമെ സഹോദരൻ അനൂപ്, സഹോദരീഭർത്താവ് ടി.എൻ. സുരാജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരാണ് ഈ കേസിൽ പ്രതികൾ. ദിലീപും മറ്റുപ്രതികളും കോടതിയിൽ ഹാജരാക്കിയ ആറു മൊബൈൽ ഫോണിന്‍റെ ഫോറൻസിക് പരിശോധന റിപ്പോർട്ട് ചൂണ്ടിക്കാട്ടിയാണ് ഇവർ തെളിവു നശിപ്പിച്ചെന്ന് അന്വേഷണസംഘം ആരോപിക്കുന്നത്.
അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ദിലീപ് ഗൂഢാലോചന നടത്തിയെന്ന സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയതിനെത്തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. വെളിപ്പെടുത്തൽ വന്നതോടെ പ്രതികൾ ഫോണുകൾ മാറ്റി. ദിലീപിനോട് ഫോൺ ഹാജരാക്കാൻ ആവശ്യപ്പെട്ടപ്പോൾ മുംബൈയിലെ ലാബിൽ പരിശോധനക്ക് നൽകിയെന്നായിരുന്നു മറുപടി. മുംബൈയിലെ ലാബ് സിസ്റ്റംസ് ഇന്ത്യയിൽ ഐ ഫോൺ ഉൾപ്പെടെ നാലുഫോണാണ് ദിലീപ് നൽകിയത്. ഇതിൽ രണ്ടെണ്ണം ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടവയാണ്. ശേഷിച്ചതിൽ ഒന്ന് സുരാജിന്‍റേതാണ്.
ദിലീപിന്റെ സിനിമകളുടെ പ്രൊഡക്ഷൻ കൺട്രോളറായ റോഷൻ ചിറ്റൂരിന്റെ പേരിലെ സിം കാർഡാണ് ഐ ഫോണിൽ ഉപയോഗിച്ചത്. ഇങ്ങനെയൊരു ഫോൺ ഉപയോഗിച്ച കാര്യം ചോദ്യം ചെയ്യലിൽ ദിലീപ് വെളിപ്പെടുത്തിയില്ല. അഭിഭാഷകൻ വഴിയാണ് ഫോണുകൾ മുംബൈയിൽ അയച്ചത്.
മുംബൈയിലെ ലാബിൽനിന്ന് ഫോൺ വിവരങ്ങൾ പകർത്തിയ ഹാർഡ് ഡിസ്ക് പിടിച്ചെടുത്തു. ലാബ് ഡയറക്ടറെയും നാലുജീവനക്കാരെയും ചോദ്യം ചെയ്തു. പിടിച്ചെടുത്ത ഹാർഡ് ഡിസ്ക് പരിശോധനക്ക് ഫോറൻസിക് ലാബിലേക്ക് അയക്കുകയും ചെയ്തു.
ദിലീപിന്റെ അഭിഭാഷകനടക്കം നാല് അഭിഭാഷകർ മുംബൈയിലെ ലാബിൽ ജനുവരി 30ന് എത്തുകയും ഫോണിലെ വിവരങ്ങൾ പരിശോധിക്കുകയും ചെയ്തു. ലാബുടമയുമായി അഭിഭാഷകരെ പരിചയപ്പെടുത്തിയ വിൻസെന്റ് ചൊവ്വല്ലൂരും ഇവർക്കൊപ്പമുണ്ടായിരുന്നു. ഇയാളുടെയും അഭിഭാഷകരുടെയും സഹായത്തോടെ പ്രതികൾ നിർണായക തെളിവുകൾ നശിപ്പിച്ചെന്ന് ഇതിൽനിന്ന് വ്യക്തമാണ്.
ദിലീപിന്റെ വീട്ടിൽ വാച്ച്മാനായിരുന്ന ദാസൻ ചില കാര്യങ്ങൾ പറഞ്ഞെന്ന ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തൽ വന്നശേഷം അനൂപ് ഇയാളെ വിളിച്ചുവരുത്തി തങ്ങളുടെ അഭിഭാഷകന് മുന്നിലെത്തിച്ചു. ബാലചന്ദ്ര കുമാറിനോട് താൻ ഒന്നും വെളിപ്പെടുത്തിയിട്ടില്ലെന്ന് അഭിഭാഷകനോട് പറഞ്ഞപ്പോൾ, പൊലീസ് ചോദിക്കുമ്പോഴും ഇതുതന്നെ പറയണമെന്ന് അഭിഭാഷകൻ നിർദേശിച്ചതായും ക്രൈംബ്രാഞ്ചിന്‍റെ റിപ്പോർട്ടിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.