മോൻസണിന്റെ തട്ടിപ്പ് ബിസിനസിൽ ഐ.ജി ലക്ഷ്മൺ പങ്കാളിയെന്ന് തെളിവുകൾ
text_fieldsകൊച്ചി: പുരാവസ്തു സാമ്പത്തിക തട്ടിപ്പുകേസിലെ പ്രതി മോൻസൺ മാവുങ്കലിെൻറ ബിസിനസ് പങ്കാളിയായി ഐ.ജി ജി. ലക്ഷ്മൺ പ്രവർത്തിച്ചിരുന്നതായി ക്രൈംബ്രാഞ്ച് റിപ്പോർട്ട്. പുരാവസ്തു വിൽപനയിൽ ഐ.ജി ഇടനിലക്കാരി വഴി പങ്കാളിയായെന്നും മോൻസണിനെതിരായ കേസുകൾ ഒതുക്കാൻ അനധികൃതമായി ഇടപെട്ടെന്നും ക്രൈംബ്രാഞ്ച് മുഖ്യമന്ത്രിക്ക് സമർപ്പിച്ച റിപ്പോർട്ടിലുണ്ട്.
ആന്ധ്ര സ്വദേശിനിയായ സുജിത എന്ന സ്ത്രീയെ ബിനാമിയാക്കിയാണ് ഐ.ജി മോൻസണുമായി കമീഷൻ ഇടപാടുകൾ നടത്തിയിരുന്നത്. വ്യാജ പുരാവസ്തു ഉരുപ്പടികൾ ആന്ധ്രയിലെ സമ്പന്നർക്ക് വൻതുകക്ക് വിറ്റഴിക്കാൻ ഇവർ മുഖേന ശ്രമിച്ചു. ആന്ധ്രയിലും തെലങ്കാനയിലുമുള്ള ബിസിനസുകാരെ ഇവർ മോൻസണിന് പരിചയപ്പെടുത്തി. കീഴുദ്യോഗസ്ഥരെയും ഐ.ജി പുരാവസ്തു കൈമാറ്റത്തിന് നിയോഗിച്ചുവെന്നും റിപ്പോർട്ടിലുണ്ട്.
പുരാവസ്തു ശേഖരത്തിലെ പ്രത്യേകതരം മത്സ്യങ്ങൾ, മുതലയുടെ തലയോട്ടി എന്നിവയുടെ വിൽപനയിൽ സുജിത നേരിട്ട് ഇടപെട്ടതിനുള്ള വാട്സ്ആപ് ചാറ്റുകളും ക്രൈംബ്രാഞ്ച് കണ്ടെത്തി. ഐ.ജിയുടെ സാന്നിധ്യത്തിൽ ഇടനിലക്കാരിയും മോൻസണും പുരാവസ്തു ഇടപാടിനായി തിരുവനന്തപുരം പൊലീസ് ക്ലബിൽ കൂടിക്കാഴ്ച നടത്തിയെന്നും തെളിഞ്ഞു. ചേർത്തലയിൽ മോൻസണിെൻറ മകളുടെ വിവാഹനിശ്ചയം നടന്ന ദിവസം ഐ.ജി തൊട്ടടുത്ത റിസോർട്ടിലുണ്ടായിരുന്നു. ഇത് മോൻസണിെൻറ ക്ഷണം സ്വീകരിച്ച് ചടങ്ങിൽ പങ്കെടുക്കാനെത്തിയതാണെന്ന് കണ്ടെത്തി. റിസോർട്ടിൽ മോൻസണാണ് ഐ.ജിക്ക് സഹായം ഒരുക്കിയത്. വിവാഹ നിശ്ചയ ചടങ്ങിനിടെയാണ് ക്രൈംബ്രാഞ്ച് മോൻസണെ അറസ്റ്റ് ചെയ്തത്.
നേരേത്ത, പ്രവാസി മലയാളി വനിത അനിത പുല്ലയിലും ഐ.ജിയും തമ്മിെല വാട്സ് ആപ് ചാറ്റ് പുറത്തുവന്നിരുന്നു. ഇതുൾപ്പെടെ ഐ.ജിക്കെതിരെ കൂടുതൽ ഡിജിറ്റൽ തെളിവുകൾ ലഭിച്ചിട്ടുണ്ട്. 2017 മുതലാണ് ഐ.ജി മോൻസണുമായി ഇടപാടുകൾ തുടങ്ങിയതെന്നാണ് വിവരം.
പോക്സോ കേസ്: മോൻസണിനെ കസ്റ്റഡിയിൽ വിട്ടു
കൊച്ചി: പുരാവസ്തു സാമ്പത്തിക തട്ടിപ്പുകേസിലെ പ്രതി മോൻസൺ മാവുങ്കലിനെ എറണാകുളം പോക്സോ കോടതി രണ്ട് ദിവസത്തേക്ക് ക്രൈംബ്രാഞ്ചിെൻറ കസ്റ്റഡിയിൽ വിട്ടു.
കൂടുതൽ തെളിവുശേഖരണത്തിന് കസ്റ്റഡിയിൽ വിടണമെന്ന അപേക്ഷ പരിഗണിച്ചാണിത്. തുടർവിദ്യാഭ്യാസത്തിന് പണം നൽകാമെന്നുപറഞ്ഞ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കലൂരിലെ വീട്ടിലും മറ്റൊരു വീട്ടിലും എത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. ബുധനാഴ്ച കസ്റ്റഡിയിൽ വിട്ട പ്രതിയെ വ്യാഴാഴ്ച വൈകീട്ട് നാലിന് തിരികെ ഹാജരാക്കാനാണ് കോടതി നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.