പ്രകടമായത് സമസ്തയിലെ ആശയക്കുഴപ്പം
text_fieldsകോഴിക്കോട്: മദ്റസ വാർഷിക പരിപാടിയിൽ പെൺകുട്ടികൾക്ക് വേദിയിൽ വിലക്ക് ഏർപ്പെടുത്തിയ സമസ്ത വിദ്യാഭ്യാസ ബോർഡ് ജന. സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‍ലിയാരുടെ നടപടിയെ തുടർന്നുണ്ടായ വിവാദത്തോട് പ്രതികരിക്കുന്നതിൽ സമസ്ത നേതാക്കൾക്ക് ആശയക്കുഴപ്പം.
പ്രശ്നത്തെ എങ്ങനെ അഭിമുഖീകരിക്കണമെന്നതു സംബന്ധിച്ച് നേതാക്കൾക്കിടയിലുണ്ടായ അഭിപ്രായ ഭിന്നതയാണ് കോഴിക്കോട് നടന്ന വാർത്തസമ്മേളനത്തിൽ പ്രകടമായത്. വിഷയത്തെ പെൺകുട്ടികളുടെ 'ലജ്ജ'യുമായി ബന്ധപ്പെടുത്തി ലഘൂകരിക്കാൻ ജിഫ്രി തങ്ങൾ ശ്രമിച്ചപ്പോൾ അതിനെ തിരുത്തുന്ന നിലപാടാണ് ജന. സെക്രട്ടറി ആലിക്കുട്ടി മുസ്‍ലിയാരും സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‍ലിയാരും സ്വീകരിച്ചത്.
പൊതുവേദിയിൽ സ്ത്രീകൾ കയറരുതെന്നതാണ് സമസ്തയുടെ പ്രഖ്യാപിത നിലപാടെന്ന് മുതിർന്ന നേതാവ് 'മാധ്യമ'ത്തോട് പറഞ്ഞു. ഇതിന് വിരുദ്ധമായ രീതിയിൽ പത്താം ക്ലാസുകാരി പെൺകുട്ടിയെ വേദിയിലേക്ക് ക്ഷണിച്ചതിനെയാണ് എ.ടി. അബ്ദുല്ല മുസ്‍ലിയാർ പരസ്യമായി എതിർത്തത്. സമസ്തയുടെ ഇതപര്യന്തമുള്ള നയനിലപാടിലൂന്നിയാണ് എം.ടി പ്രവർത്തിച്ചത് എന്നതിനാലാണ് പൊതുസമൂഹത്തിൽനിന്ന് കടുത്ത വിമർശനമുണ്ടായപ്പോഴും സംഘടന ഇതിനെ ന്യായീകരിച്ചത്. സമസ്തയുടെ ഒരു വേദിയിലും സ്ത്രീകൾക്ക് ഇടം നൽകാറില്ല. സ്ത്രീകളും പുരുഷന്മാരും ഇടപഴകുന്ന രീതി ഇസ്‍ലാമികമല്ലെന്ന നിലപാടാണ് സമസ്തക്കുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, മാറിയ കാലത്ത് ഈ നിലപാടിലൂടെ സംഘടന ഏറെ പഴികേൾക്കുന്നുണ്ട്. രാഷ്ട്രീയ വേദികളിൽ ജിഫ്രി തങ്ങൾ ഉൾപ്പെടെയുള്ള സമസ്ത നേതാക്കൾ മുൻകാലത്ത് സ്ത്രീകൾക്കൊപ്പം വേദികൾ പങ്കിട്ടിട്ടുമുണ്ട്. ഇക്കാര്യത്തിൽ നേതാക്കൾക്ക് വ്യക്തമായ വിശദീകരണം നൽകാൻ കഴിയുന്നില്ല. തദ്ദേശ സ്ഥാപനങ്ങളിൽ സ്ത്രീ സംവരണം വർധിപ്പിച്ചപ്പോൾ മുസ്‍ലിം സ്ത്രീകൾ മത്സരിക്കുന്നതിനെതിരെ സംഘടന പരസ്യനിലപാട് എടുത്തില്ല.
സ്ത്രീകൾ പൊതുരംഗത്തേക്ക് വരാൻ പാടില്ലെന്ന നിലപാടിൽ ഉറച്ചുനിന്നുകൊണ്ടുതന്നെയാണ് സംഘടന ഈ വിഷയത്തിൽ കണ്ണടക്കുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മുസ്‍ലിം ലീഗ് സ്ഥാനാർഥിയായി അഡ്വ. നൂർബിന റഷീദ് മത്സരിച്ചപ്പോൾ ജിഫ്രി തങ്ങളുടെ അനുഗ്രഹം വാങ്ങാൻ കോഴിക്കോട്ടെ സമസ്ത കാര്യാലയത്തിലെത്തിയിരുന്നു. ജിഫ്രി തങ്ങൾ അവർക്കു വേണ്ടി പ്രാർഥിക്കുകയും ചെയ്തു. രാഷ്ട്രീയ വേദികളിൽ വിഷയത്തിൽ കടുംപിടുത്തം പിടിക്കേണ്ടതില്ലെന്ന നിലപാടാണ് സമസ്ത സ്വീകരിച്ചുപോരുന്നത്. എന്നാൽ, പള്ളി പ്രവേശനം ഉൾപ്പെടെ സ്ത്രീകളെ വിലക്കുന്ന നിലപാട് തുടരുമ്പോഴും നേർച്ച പോലുള്ള പൊതു പരിപാടികളിൽ സ്ത്രീകൾ ഒഴുകിയെത്തുന്നതിനെ വിലക്കാത്തതിനെതിരെയും സംഘടന വിമർശനം നേരിടുന്നുണ്ട്.
നബിദിന ഘോഷയാത്രയിലും പരിപാടികളിലും പെൺകുട്ടികളെ പങ്കെടുപ്പിക്കരുതെന്ന് നേരത്തെ സമസ്ത സർക്കുലർ ഇറക്കിയിരുന്നു. ചില മദ്റസ പരിപാടികളിൽ പെൺകുട്ടികളെ പങ്കെടുപ്പിച്ചതിനെ തുടർന്നായിരുന്നു ഇത്. സംഘടന പിന്തുടരുന്ന ഈ നിലപാട് തന്നെയാണ് എം.ടി. അബ്ദുല്ല മുസ്‍ലിയാർ മദ്റസ വാർഷിക പരിപാടിയിലും സ്വീകരിച്ചത്.
അതുകൊണ്ടാണ് യുവജന സംഘടന ഉൾപ്പെടെ അദ്ദേഹത്തെ ന്യായീകരിച്ചുകൊണ്ട് രംഗത്തുവന്നതും. അതേസമയം, പുതിയ കാലത്തും യാഥാസ്ഥിതിക നിലപാടിൽ ഉറച്ചുനിൽക്കുന്നത് മൂലമുണ്ടാകുന്ന വിമർശനങ്ങളെ യുക്തിസഹമായി നേരിടാനാകാത്തതാണ് സംഘടനയെ കുഴക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.