മുന്നാക്ക സംവരണത്തിൽ തട്ടി മെഡിക്കൽ സീറ്റ് വിഹിതം നിശ്ചയിക്കുന്നതിൽ പ്രതിസന്ധി
text_fieldsതിരുവനന്തപുരം: മുന്നാക്ക സംവരണത്തിന് വഴിവിട്ട് സീറ്റുകൾ അനുവദിച്ചത് സംബന്ധിച്ച കണക്കുകൾ പുറത്തുവന്നതോടെ ഇൗ വർഷത്തെ മെഡിക്കൽ സീറ്റ് വിഹിതം നിശ്ചയിക്കാനാകാതെ സർക്കാർ പ്രതിസന്ധിയിൽ. മെഡിക്കൽ, അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിന് ചൊവ്വാഴ്ച പ്രവേശന പരീക്ഷ കമീഷണർ ഒാപ്ഷൻ ക്ഷണിച്ചെങ്കിലും ഇതുവരെ കോളജുകളിലെ സീറ്റ് വിഹിതം നിശ്ചയിച്ചുള്ള കണക്ക് (സീറ്റ് മെട്രിക്സ്) ആരോഗ്യവകുപ്പ് പ്രവേശന പരീക്ഷ കമീഷണർക്ക് കൈമാറിയിട്ടില്ല.
മുന്നാക്ക സംവരണത്തിന് വഴിവിട്ട് സീറ്റ് നൽകിയെന്ന വാർത്ത പുറത്തുവന്നതോടെ കഴിഞ്ഞവർഷം സംവരണവിഭാഗങ്ങൾക്ക് അനുവദിച്ച സീറ്റ് വിഹിതത്തിെൻറ വിശദാംശങ്ങൾ ആരോഗ്യവകുപ്പ് പ്രവേശന പരീക്ഷ കമീഷണറേറ്റിൽനിന്ന് ശേഖരിച്ചു. കഴിഞ്ഞവർഷം മുന്നാക്ക സംവരണത്തിന് 130 എം.ബി.ബി.എസ് സീറ്റുകളാണ് സർക്കാർ മെഡിക്കൽ കോളജുകളിൽ അനുവദിച്ചത്. ഇൗ വർഷത്തെ മെഡിക്കൽ പ്രവേശനത്തിന് ആരോഗ്യവകുപ്പ് അംഗീകരിച്ച് നൽകിയ പ്രോസ്പെക്ടസിൽ അത്രതന്നെ സീറ്റാണ് മുന്നാക്ക സംവരണത്തിന് നീക്കിവെച്ചത്. പത്ത് ശതമാനം സംവരണമുള്ള എസ്.സി/എസ്.ടി വിഭാഗത്തിന് 104 സീറ്റും ഒമ്പത് ശതമാനമുള്ള ഇൗഴവ വിഭാഗത്തിന് 94ഉം എട്ട് ശതമാനമുള്ള മുസ്ലിം വിഭാഗത്തിന് 84 സീറ്റും അനുവദിച്ചപ്പോഴാണ് മുന്നാക്ക സംവരണത്തിന് അധിക സീറ്റ് അനുവദിച്ചത്. അഖിലേന്ത്യ ക്വോട്ട ഉൾപ്പെടെ സീറ്റുകൾ കഴിച്ചുള്ള ആകെ സീറ്റിെൻറ നിശ്ചിത ശതമാനം എടുത്താണ് പിന്നാക്ക വിഭാഗങ്ങൾക്കുള്ള സീറ്റ് സംവരണം നിശ്ചയിച്ചത്.
എന്നാൽ, കഴിഞ്ഞവർഷം അധികമായി അനുവദിച്ച 155 എം.ബി.ബി.എസ് സീറ്റിൽനിന്ന് 25 എണ്ണം അഖിലേന്ത്യ ക്വോട്ടയിലേക്ക് മാറ്റി അവശേഷിക്കുന്ന 130 സീറ്റുകൾ ശതമാനം പരിഗണിക്കാതെ മുന്നാക്ക സംവരണത്തിന് സർക്കാർ വിട്ടുനൽകുകയായിരുന്നു. ജനറൽ കാറ്റഗറി സീറ്റിൽനിന്ന് പത്ത് ശതമാനം വരെ മുന്നാക്ക സംവരണത്തിന് നൽകാനാണ് സർക്കാർ ഉത്തരവെങ്കിലും ആകെ സീറ്റിെൻറ 12.35 ശതമാനമാണ് കഴിഞ്ഞവർഷം വിട്ടുനൽകിയത്. ഇതിനെതിരെ സംവരണ സമുദായ സംഘടനകൾ മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകി.
അഖിലേന്ത്യ ക്വോട്ട, സംവരണ സീറ്റുകൾ കഴിഞ്ഞാൽ ജനറൽ കാറ്റഗറിയിൽ അവശേഷിക്കുന്നത് 713 എം.ബി.ബി.എസ് സീറ്റുകളാണ്. ഇതിെൻറ പത്ത് ശതമാനം വരെ എന്ന കണക്കിൽ പരമാവധി 71 സീറ്റുകളാണ് മുന്നാക്ക സംവരണത്തിന് നീക്കിവെക്കാനാകുന്നത്. ആരോഗ്യവകുപ്പ് അംഗീകാരത്തിനുശേഷം പ്രവേശന പരീക്ഷ കമീഷണർ നേരത്തേ പുറത്തിറക്കിയ പ്രോസ്പെക്ടസിൽ നീക്കിവെച്ച 130 സീറ്റിൽ മാറ്റം വരുത്തിയില്ലെങ്കിൽ മുന്നാക്ക സംവരണത്തിെൻറ മറവിലെ സംവരണ അട്ടിമറി തുടരാൻതന്നെയാണ് സർക്കാർ തീരുമാനമെന്ന് വ്യക്തമാകും.
ഒാപ്ഷൻ വിജ്ഞാപനത്തിൽ മൗനം
മെഡിക്കൽ, അനുബന്ധ കോഴ്സുകളിലെ ആദ്യ അലോട്ട്മെൻറിനുള്ള ഒാപ്ഷൻ ക്ഷണിച്ചപ്പോൾ മുന്നാക്ക സംവരണത്തെക്കുറിച്ച് മൗനം. കഴിഞ്ഞദിവസം പ്രവേശന പരീക്ഷ കമീഷണർ പുറത്തിറക്കിയ വിജ്ഞാപനത്തിൽ മെറിറ്റ് സീറ്റിെൻറയും സംവരണ സീറ്റിെൻറയും ശതമാനം പറയുന്നുണ്ടെങ്കിലും മുന്നാക്ക സംവരണം (ഇ.ഡബ്ല്യു.എസ്) എത്ര ശതമാനമെന്ന് പറഞ്ഞിട്ടില്ല.
'എം.സി.ഐ/ സർക്കാർ അംഗീകരിച്ചു നൽകുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സംവരണേതര വിഭാഗക്കാർക്കായി മാറ്റിവെക്കപ്പെടുന്ന സീറ്റുകൾ' എന്ന് പറയുന്നുണ്ടെങ്കിലും ശതമാനം നൽകിയിട്ടില്ല. കഴിഞ്ഞ വർഷത്തേതിന് സമാനമായി മറ്റ് സീറ്റുകളുമായി ചേർക്കാതെ 130 സീറ്റ് പ്രത്യേക പൂൾ ആക്കി അലോട്ട്മെൻറ് നടത്താനുള്ള സർക്കാർ നീക്കത്തിെൻറ ഭാഗമാണിതെന്ന് ആക്ഷേപമുണ്ട്. അധികം അനുവദിച്ച സീറ്റിൽനിന്ന് മുന്നാക്ക സംവരണത്തിന് പ്രത്യേകം അലോട്ട്മെൻറ് നടത്തിയാണ് കഴിഞ്ഞവർഷം സംവരണ അട്ടിമറി നടത്തിയത്.
സർക്കാർ ഉത്തരവ് ലഭിക്കാത്തതുകാരണമാണ് മുന്നാക്ക സംവരണം വിജ്ഞാപനത്തിൽ ഉൾപ്പെടുത്താത്തതെന്ന് പ്രവേശന പരീക്ഷ കമീഷണറേറ്റ് വിശദീകരിക്കുന്നു. നവംബർ 15നകം സീറ്റ് വിഹിതം നിശ്ചയിച്ചുള്ള ഉത്തരവ് സർക്കാർ നൽകിയില്ലെങ്കിൽ 16ന് നിശ്ചയിച്ച ആദ്യ അലോട്ട്മെൻറ് പ്രസിദ്ധീകരണം തടസ്സപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.