സർക്കാർ ജീവനക്കാരുടെ ജാതി, സമുദായ കണക്ക് പുറത്തുവിടാൻ ഇടതുസർക്കാരിനു പോലും ആർജവമില്ല -ഡോ. വി. അബ്ദുൽ ലത്തീഫ്
text_fieldsകോഴിക്കോട്: വിവിധ സർക്കാർ ജോലികളിലെ ജാതി-സമുദായം തിരിച്ചുള്ള കണക്കു പുറത്തു വന്നാൽ സവർണ്ണജാതി വിഭാഗങ്ങൾക്ക് ഇപ്പോൾ ലഭ്യമായ 10 ശതമാനം സംവരണം ചോദ്യം ചെയ്യപ്പെടുമെന്ന് സി.പി.എം സഹയാത്രികനും സംസ്കൃത സർവകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിലെ മലയാള വിഭാഗം അധ്യാപകനുമായ ഡോ. വി.അബ്ദുൽ ലത്തീഫ്. സർക്കാർ ജീവനക്കാരുടെ ജാതി, സമുദായ കണക്ക് പുറത്തുവിടാൻ ഇടതുസർക്കാരിനു പോലും ആർജവമില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ എഴുതിയ സുദീർഘമായ കുറിപ്പിൽ പറഞ്ഞു.
'സമുദായം തിരിച്ചുള്ള പ്രാതിനിധ്യം എത്രയെന്നതിന് നാം ഇന്നും ആശ്രയിക്കുന്നത് 1935ലെ ജനസംഖ്യാ കണക്കാണ്. 2011ലെ സെൻസസിൽ ജാതി തിരിച്ചുള്ള കണക്കെടുത്തെങ്കിലും അത് പുറത്തു വിട്ടില്ല. കോവിഡ് കാരണം നീട്ടിവെച്ച പുതിയ സെൻസസ് ഏതാണ്ട് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലുമാണ്. പല സംസ്ഥാനങ്ങളിലും മുന്നോക്കക്കാർ എന്നു പറയുന്ന വിഭാഗം മൊത്തം ജനസംഖ്യയുടെ പത്തു ശതമാനം വരില്ല.
അപ്പോൾ അവരിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ (തലമുറയായി ഭൂസ്വത്തും വലിയ അധികാരമുള്ള ജോലിയും കൈവശം വച്ചവരിൽ) എത്ര ശതമാനമുണ്ടാകും? കേരള സർക്കാർ ജീവനക്കാരുടെ ജാതി, സമുദായം തിരിച്ചുള്ള കണക്ക് എളുപ്പത്തിൽ ലഭ്യമാക്കാമെന്നിരിക്കെ അതിനുള്ള ആർജ്ജവം ഇടതുസർക്കാരിനു പോലും ഇല്ല. പല ഏജൻസികളുടെയും കണക്കനുസരിച്ച് കേരളത്തിലെ മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ മൊത്തം ജനതയുടെ മൂന്നോ നാലോ ശതമാനം ഉണ്ടായാലായി. അവർക്കാണ് തൊഴിൽ-വിദ്യാഭ്യാകാര്യങ്ങളിൽ 10 ശതമാനം നീക്കിവെച്ചിരിക്കുന്നത്' -ഡോ. വി. അബ്ദുൽ ലത്തീഫ് ചൂണ്ടിക്കാട്ടി.
ഇടതുപക്ഷവും വലതുപക്ഷവും ഒരുപോലെ കൈയൊഴിഞ്ഞ ഈ പ്രാതിനിധ്യപ്രശ്നം ഇനി രാഷ്ട്രീയമായോ കോടതി വഴിയോ പരിഹരിക്കുക എളുപ്പമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തൊഴിലിലും അധികാരത്തിലും മതിയായ പ്രാതിനിധ്യമില്ലാത്ത പിന്നോക്ക സമുദായങ്ങൾ ഇനി മറ്റു വഴികൾ തേടേണ്ടതുണ്ട്. സംഘടിച്ചു ശക്തരാവുക, വിദ്യകൊണ്ട് പ്രബുദ്ധരാവുക എന്ന ഗുരുവചനത്തിൽ അതിലേക്കുള്ള വിത്തുകളുണ്ട്. കേരളത്തിന് ഇക്കാര്യത്തിൽ ഇന്ത്യയ്ക്ക് മാതൃകയാകാൻ സാധിക്കും.
പരസ്പരം സഹകരിച്ച് സാധ്യമായത്ര വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുകയും സമുദായാംഗങ്ങളെ വിലപേശൽ ശേഷിയുള്ളവരാക്കി വളർത്തിക്കൊണ്ടുവരികയും ചെയ്യുക എന്നതാണ് മുഖ്യം. ദലിത്-ആദിവാസി പിന്നോക്ക വിഭാഗം എന്ന പരിഗണന കൂടാതെ എല്ലാ വിഭാഗം ജനങ്ങളെയും ഈ മുന്നേറ്റത്തിൽ ഒപ്പം നിർത്തുക എന്നതും പ്രധാനമാണ്. കുട്ടികളെ ഇംഗ്ലീഷ് പഠിപ്പിക്കുക, കേരളത്തിലെയും ഇന്ത്യയിലെയും മുൻനിരവിദ്യാലയങ്ങളിലേക്ക് അവർ എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുക, ലോകോത്തര വിദ്യാലയങ്ങളിലേക്ക് അവർക്ക് വഴി കാണിച്ചുകൊടുക്കുക -അബ്ദുൽ ലത്തീഫ് പറഞ്ഞു.
കുറിപ്പിന്റെ പൂർണരൂപം:
സംവരണവിധിയുടെ ബാക്കിപത്രം
ഇന്ത്യയിലെ തൊഴിൽ-വിദ്യാഭ്യാസ-പാർലമെന്ററി മേഖലകളിൽ ചെറിയൊരു കാലത്തേക്ക് വളരെ പരിമിതമായി നിലനിന്ന ഒരു സംവിധാനം എന്ന് സംവരണത്തെ വിശേഷിപ്പിക്കേണ്ടി വരും. 1920-കളിൽ മദ്രാസ് സംസ്ഥാനത്താണ് ആദ്യമായി സംവരണം എന്ന ആശയം നടപ്പിലാകുന്നത്. ക്രമമായി അത് മറ്റ് ദക്ഷിണേന്ത്യൻ പ്രവിശ്യകളിലേക്കും സ്വാതന്ത്യാനന്തരം പുതിയ സംസ്ഥാനങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു.
കേരളത്തെ സംബന്ധിച്ച് സംവരണത്തിന് അഞ്ചു തട്ടുകൾ കാണാം. ഒന്ന് മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാറിലെ പിന്നോക്ക ജനവിഭാഗത്തിന് ലഭ്യമായ സംവരണമാണ്. അടുത്ത ഘട്ടം അത് തിരുവിതാംകൂറിലേക്കും കൊച്ചിയിലേക്കും വികസിക്കുകയും മൂന്നാം ഘട്ടത്തിൽ തിരുക്കൊച്ചിയിലേക്ക് വ്യാപിക്കുകയും ചെയ്തു. നാലാംഘട്ടത്തിലാണ് മലബാറിലെയും തിരുക്കൊച്ചി സംസ്ഥാനത്തെയും സംവരണവ്യവസ്ഥകൾ ഏകീകരിച്ച് കേരളത്തിന് ഏകോപിതമായ ഒരു സംവരണവ്യവസ്ഥ നിലവിൽ വരുന്നത്. സവർണ്ണസംവരണത്തോടെ സംവരണത്തിന്റെ അഞ്ചാം ഘട്ടവും മിക്കവാറും അന്ത്യഘട്ടവും സംഭവിച്ചിരിക്കുന്നു.
അഖിലേന്ത്യാ തലത്തിൽ ഗാന്ധി-അംബേദ്കർ ആശയസംഘർഷങ്ങളുടെ അനന്തരഫലമായ പൂനാ പാക്ടുമായും 1935-ലെ ഗവമെന്റ് ഓഫ് ഇന്ത്യ ആക്ടുമായും സംവരണത്തെ ബന്ധിപ്പിക്കാവുന്നതാണ്.
ആദിവാസി ദലിത് ജനതയുടെ സംവരണവും ഒ.ബി.സി.വിഭാഗങ്ങളുടെ സംവരണവും രണ്ടായി മനസ്സിലാക്കണം. ഇന്ത്യ സ്വതന്ത്രമാകുമ്പോൾ മിക്ക സംസ്ഥാനങ്ങളിലും ദലിത് ആദിവാസി വിഭാഗങ്ങൾക്കും ഒ.ബി.സി.വിഭാഗങ്ങൾക്കും സംവരണമുണ്ട്. എന്നാൽ ഭരണഘടന നിലവിൽ വന്നപ്പോൾ ഭരണഘടനാപരമായ അവകാശമായി ദലിത്-ആദിവാസി വിഭാഗങ്ങൾക്കു മാത്രമാണ് സംവരണമുണ്ടായിരുന്നത്. ഒ.ബി.സി സംവരണം പാർലമെന്റിൽ ചർച്ച ചെയ്ത് തീരുമാനിക്കട്ടെ എന്നായിരുന്നു ഭരണഘടനാ നിർമാണസമിതിയുടെ തീരുമാനം. സ്വാതന്ത്ര്യലബ്ധിക്ക് പത്തോ ഇരുപതോ വർഷംമുമ്പുതന്നെ ലഭ്യമായിരുന്നതും പല സംസ്ഥാനങ്ങളും തുടർന്നിരുന്നതുമായ സംവരണം പിന്നോക്ക വിഭാഗങ്ങൾക്ക് ലഭ്യമാകാൻ 1990കൾവരെ കാത്തിരിക്കേണ്ടിവന്നു.
1979ലെ മൊറാർജി സർക്കാർ നിയോഗിച്ച മണ്ഡൽ കമ്മീഷൻ വിപി. സിംഗിന്റെ ജനതാദൾ സർക്കാർ നടപ്പിലാക്കുമ്പോഴേക്ക് കാലമെത്രയോ പോയി. മണ്ഡൽ വിവാദ/ലഹളക്കാലത്ത് നിർദ്ദേശിക്കപ്പെട്ടതാണ് സവർണ്ണവിഭാഗങ്ങൾക്ക് 10 ശതമാനം സംവരണം എന്നത്. അത് സുപ്രീംകോടതി തള്ളിക്കളഞ്ഞു. ഇതിനെ മറികടക്കാനാണ് മോദി സർക്കാർ ഭരണഘടനാഭേദഗതി കൊണ്ടുവന്നത്. അതു ചോദ്യംചെയ്തുകൊണ്ടുള്ള നിരവധി ആക്ഷേപങ്ങൾ സർക്കാർ വാദം അംഗീകരിച്ചുകൊണ്ട് സുപ്രീംകോടതിയുടെ ഭരണഘടനാബഞ്ച് തള്ളിക്കളയുകയും ചെയ്തു.
1992ലെ ഇന്ദിരാ സാഹ്നി കേസിലാണ് സംവരണക്രമത്തിൽ സാമ്പത്തികം ഒരു ഘടകമാകുന്നത്. മറ്റ് പിന്നോക്ക വിഭാഗങ്ങൾക്കുള്ള സംവരണത്തിൽനിൽനിന്ന് സമുദായത്തിലെ സാമ്പത്തികമായി മുന്നിട്ടുനിൽക്കുന്നവർ ഒഴിവാക്കപ്പെട്ടു. സാമുദായികപ്രാതിനിധ്യം എന്ന തത്വമാണ് ഇതുവഴി അട്ടിമറിക്കപ്പെട്ടത്. (പിന്നോക്കക്കാരിലെ മുന്നോക്കക്കാർ എന്ന ആശയവും സവർണ്ണവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് 10-ശതമാനം സംവരണം എന്ന ആശയവും ഇ.എം.എസ് നമ്പൂതിരിപ്പാടിന്റേതായിരുന്നു. പല ഘട്ടത്തിലും പാർട്ടി ഈ ആശയത്തെ തള്ളിക്കളഞ്ഞിരുന്നെങ്കിലും ഒടുവിൽ ഇ.എം.എസിന്റെ ആശയം പാർട്ടിയും പാർലമെന്റും കോടതിയുമൊക്കെ അംഗീകരിച്ചു). സമ്പന്നതയും മേൽത്തട്ടും ഒന്നാണോ എന്നൊരു ചോദ്യം ഇക്കാലത്ത് ഉയർന്നുവന്നിരുന്നു. ആ ചോദ്യം ഇന്നും പരിഗണിക്കപ്പെടാതെ കിടക്കുന്നു.
സത്യത്തിൽ ഇന്ത്യാരാജ്യത്ത് ആയിരക്കണക്കിനു വർഷങ്ങളായി സംവരണം നിലനിൽക്കുന്നുണ്ട്. ശാരീരികാധ്വാനം കുറഞ്ഞതും പണം, അധികാരം, സാമൂഹികപദവി എന്നിവ ഉറപ്പുവരുത്തുന്നതുമായ എല്ലാ ജോലികളും ഇന്ത്യയിലെ സവർണ്ണർക്കുവേണ്ടി മാറ്റിവെച്ചതായിരുന്നു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ പ്രധാനമന്തി, രാഷ്ട്രപതി, മുഖ്യമന്ത്രിമാർ, ഗവർണർമാർ, ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർ, യൂണിവേഴ്സിറ്റി വൈസ് ചാൻസലർമാർ ഒക്കെ 99-ശതമാനവും ബ്രാഹ്ണരോ ക്ഷത്രിയരോ ഒക്കെ ആയിരിക്കുന്നത് നൂറ്റാണ്ടുകളായി നിലനിന്ന സംവരണത്തിന്റെ ബാക്കിപത്രമാണ്. ദലിത്-ആദിവാസി, പിന്നോക്കവിഭാഗങ്ങൾക്ക് അതിലൊരു പങ്ക് നീക്കിവെച്ചു കിട്ടാനുള്ള നിരന്തരശ്രമങ്ങളുടെ ഭാഗമായാണ് ബ്രിട്ടീഷിന്ത്യയിലും സ്വതന്ത്ര ഇന്ത്യയിലും ദളിത്, പിന്നോക്ക വിഭാഗങ്ങൾക്കു ലഭിച്ച സംവരണം.
വിവിധ സർക്കാർ ജോലികളിൽ സമുദായം തിരിച്ചുള്ള പ്രാതിനിധ്യം എത്രയെന്നതിന് നാം ഇന്നും ആശ്രയിക്കുന്നത് 1935ലെ ജനസംഖ്യാ കണക്കാണ്. 2011ലെ സെൻസസിൽ ജാതി തിരിച്ചുള്ള കണക്കെടുത്തെങ്കിലും അത് പുറത്തു വിട്ടില്ല. കോവിഡ് കാരണം നീട്ടിവെച്ച പുതിയ സെൻസസ് ഏതാണ്ട് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലുമാണ്. ജാതി-സമുദായം തിരിച്ചുള്ള കണക്കു പുറത്തു വന്നാൽ സവർണ്ണജാതിവിഭാഗങ്ങൾക്ക് ഇപ്പോൾ ലഭ്യമായ 10 ശതമാനം സംവരണം ചോദ്യം ചെയ്യപ്പെടും. പല സംസ്ഥാനങ്ങളിലും മുന്നോക്കക്കാർ എന്നു പറയുന്ന വിഭാഗം മൊത്തം ജനസംഖ്യയുടെ പത്തു ശതമാനം വരില്ല.
അപ്പോൾ അവരിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ (തലമുറയായി ഭൂസ്വത്തും വലിയ അധികാരമുള്ള ജോലിയും കൈവശം വച്ചവരിൽ) എത്ര ശതമാനമുണ്ടാകും? കേരള സർക്കാർ ജീവനക്കാരുടെ ജാതി, സമുദായം തിരിച്ചുള്ള കണക്ക് എളുപ്പത്തിൽ ലഭ്യമാക്കാമെന്നിരിക്കെ അതിനുള്ള ആർജ്ജവം ഇടതുസർക്കാരിനു പോലും ഇല്ല. പല ഏജൻസികളുടെയും കണക്കനുസരിച്ച് കേരളത്തിലെ മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ മൊത്തം ജനതയുടെ മൂന്നോ നാലോ ശതമാനം ഉണ്ടായാലായി. അവർക്കാണ് തൊഴിൽ-വിദ്യാഭ്യാകാര്യങ്ങളിൽ 10 ശതമാനം നീക്കിവെച്ചിരിക്കുന്നത്.
ഇന്ത്യയിലെ ഇടതുപക്ഷവും വലതുപക്ഷവും ഒരുപോലെ കൈയൊഴിഞ്ഞ ഈ പ്രാതിനിധ്യപ്രശ്നം ഇനി രാഷ്ട്രീയമായി പരിഹരിക്കുക എളുപ്പമല്ല. കോടതി എന്ന പരിഹാരവും ഏതാണ്ട് അസ്തമിച്ചു. സംവരണവിഷയത്തിലെ പുതിയ കോടതിവിധി മുൻ ഭരണഘടനാ ബഞ്ചുകളുടെ തന്നെ ലംഘനമാണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. എത്ര ശതമാനം സംവരണമാകാം എന്ന കാര്യത്തിൽ ഇതിനകം കോടതി തീർപ്പു പറഞ്ഞതാണ്. സംവരണത്തിൽ സാമ്പത്തികം ഘടകമാകരുത് എന്നും കോടതി മുമ്പ് നിർദ്ദേശിച്ചിരുന്നു. നിലവിലെ ഇന്ത്യൻ സാഹചര്യത്തിൽ ഇനിയൊരു ജുഡീഷ്യൽ സ്ക്രൂട്ടിനി എളുപ്പമല്ല.
തൊഴിലിലും അധികാരത്തിലും മതിയായ പ്രാതിനിധ്യമില്ലാത്ത പിന്നോക്ക സമുദായങ്ങൾ ഇനി മറ്റു വഴികൾ തേടേണ്ടതുണ്ട്. സംഘടിച്ചു ശക്തരാവുക, വിദ്യകൊണ്ട് പ്രബുദ്ധരാവുക എന്ന ഗുരുവചനത്തിൽ അതിലേക്കുള്ള വിത്തുകളുണ്ട്. കേരളത്തിന് ഇക്കാര്യത്തിൽ ഇന്ത്യയ്ക്ക് മാതൃകയാകാൻ സാധിക്കും.
വിദ്യാഭ്യാസത്തിലൂടെ മുന്നേറിയതിന്റെ ഒരു ദലിത് മാതൃക (പിൽക്കാലത്ത് അട്ടിമറിക്കപ്പെട്ടെങ്കിലും) കേരളത്തിലുണ്ട്. പരസ്പരം സഹകരിച്ച് സാധ്യമായത്ര വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുകയും സമുദായാംഗങ്ങളെ വിലപേശൽ ശേഷിയുള്ളവരാക്കി വളർത്തിക്കൊണ്ടുവരികയും ചെയ്യുക എന്നതാണ് മുഖ്യം. ദലിത്-ആദിവാസി പിന്നോക്ക വിഭാഗം എന്ന പരിഗണന കൂടാതെ എല്ലാ വിഭാഗം ജനങ്ങളെയും ഈ മുന്നേറ്റത്തിൽ ഒപ്പം നിർത്തുക എന്നതും പ്രധാനമാണ്. ബ്രിട്ടീഷിന്ത്യയിൽ ജാത്യതീതമായ സംവിധാനങ്ങളായിരുന്നു സവർണ്ണതയെ വെല്ലുവിളിച്ച് മുന്നേറാൻ പിന്നോക്ക സമുദായങ്ങളെ സഹായിച്ചതെങ്കിൽ നിലവിലത് കമ്പോളത്തിന്റെ സാധ്യതകളാണ്. കുട്ടികളെ ഇംഗ്ലീഷ് പഠിപ്പിക്കുക, കേരളത്തിലെയും ഇന്ത്യയിലെയും മുൻനിരവിദ്യാലയങ്ങളിലേക്ക് അവർ എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുക, ലോകോത്തര വിദ്യാലയങ്ങളിലേക്ക് അവർക്ക് വഴി കാണിച്ചുകൊടുക്കുക.
ആവശ്യമെങ്കിൽ സ്വന്തമായി വിദ്യാഭ്യാസസ്ഥാപനങ്ങളും തൊഴിലിടങ്ങളും വ്യവസായസംരംഭങ്ങളും ആരംഭിക്കുക. സർക്കാർ സംവിധാനങ്ങളിൽ മാത്രമല്ല, സ്വകാര്യ സ്ഥാപനങ്ങളിലും വ്യവസായ സംരംഭങ്ങളിലുമുള്ള പ്രാതിനിധ്യത്തിന്റെ യഥാർത്ഥ കണക്കുകൾ പുറത്തുകൊണ്ടുവരാൻ നിരന്തരമായി ശ്രമിച്ചുകൊണ്ടിരിക്കണം.
സംവരണവിരുദ്ധവാദികൾ പറയുന്നതുതന്നെ ആയുധമാക്കാം, പിന്നോക്കവിഭാഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിൽ ജനകീയ പാർട്ടികളും ഭരണകൂടസംവിധാനങ്ങളും പരാജയപ്പെട്ടിടത്ത് സ്വാതന്ത്ര്യപൂർവ്വ കാലത്തിന്റെ പോരാട്ടവീര്യങ്ങളിൽനിന്ന് തുടർച്ചകളുണ്ടാക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.