മുന്നാക്ക സംവരണം; ഹൈകോടതി സർക്കാറിന്‍റെ വിശദീകരണം തേടി
text_fieldsകൊച്ചി: സംസ്ഥാനത്ത് വിവിധ മേഖലകളിൽ നടപ്പാക്കിയ മുന്നാക്ക സംവരണത്തിന്‍റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് ഫ്രറ്റേണിറ്റി മൂവ്മെൻറ് സമർപ്പിച്ച ഹരജിയിൽ ഹൈകോടതി സർക്കാറിനോട് വിശദീകരണം തേടി. ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന സെക്രട്ടറി പി.കെ. നുജൈം ആണ് ഹൈകോടതിയിൽ ഇതുസംബന്ധിച്ച് പൊതുതാൽപര്യ ഹർജി ഫയൽ ചെയ്തത്.
സാമ്പത്തിക സംവരണത്തെ അംഗീകരിച്ചാൽ പോലും കേരളത്തിലെ ജനസംഖ്യപ്രകാരം 10 ശതമാനം മുന്നാക്ക സംവരണം അനുവദിക്കുക എന്നത് തികച്ചും അനീതിയാണെന്ന് ഹരജിയിൽ പറയുന്നു. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മുന്നാക്ക സമുദായ ജനസംഖ്യ വളരെ കുറഞ്ഞ സംസ്ഥാനമാണ് കേരളം. കൂടാതെ യാതൊരു തരത്തിലുള്ള പഠനമോ വ്യക്തമായ കണക്കുകളോ ഇല്ലാതെയാണ് എല്ലാ മേഖലകളിലും ഒരുപോലെ 10 ശതമാനം മുന്നാക്ക സംവരണം നടപ്പിലാക്കിയിട്ടുള്ളത്.
അതുകൊണ്ടുതന്നെ നിലവിൽ അനുവദിക്കപ്പെട്ട 10 ശതമാനം സീറ്റുകൾ ഭൂരിഭാഗവും ഒഴിഞ്ഞുകിടക്കുന്ന അവസ്ഥയാണ് വിദ്യാഭ്യാസ മേഖലയിൽ ഉള്ളത്. ഇത് എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങൾക്കുള്ള അവസരങ്ങളാണ് നഷ്ടപ്പെടുത്തുന്നത്.
സാമൂഹ്യ പിന്നാക്കാവസ്ഥയാണ് സംവരണത്തിനുള്ള മാനദണ്ഡമായി ഭരണഘടന സ്വീകരിച്ചിട്ടുള്ളത്. ഇത് സംബന്ധിച്ച സുപ്രീം കോടതി വിധിയും നിലവിലുണ്ട്. അതേസമയം സാമ്പത്തിക പിന്നാക്കാവസ്ഥയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ മുന്നാക്ക സംവരണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നും ഫ്രറ്റേണിറ്റി ഹരജിയിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.