രമൺ ശ്രീവാസ്തവ മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേശകൻ
text_fieldsതിരുവനന്തപുരം: മുന്‍ ഡി.ജി.പി രമണ്‍ ശ്രീവാസ്തവയെ പൊലീസ് സംബന്ധിച്ച നയപരമായ വിഷയങ്ങളില്‍ മുഖ്യമന്ത്രിയുടെ ഉപദേശകനായി നിയമിക്കാന്‍ തീരുമാനിച്ചു. പ്രതിഫലമില്ലാതെ ചീഫ് സെക്രട്ടറി റാങ്കിലായിരിക്കും നിയമനം. നിലവിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിെൻറ ചീഫ് സെക്യൂരിറ്റി ഒാഫിസറാണ് ഇദ്ദേഹം. 1991ൽ പാലക്കാട്ട് സിറാജുന്നിസ എന്ന പിഞ്ചുബാലികയെ പൊലീസ് വെടിവെച്ചുകൊന്ന കേസിൽ ആരോപണ വിധേയനായ ഉദ്യോഗസ്ഥനായിരുന്നു രമൺ ശ്രീവാസ്തവ. അന്ന് ഉത്തരമേഖല ഡി.െഎ.ജി ആയിരുന്ന രമൺ ശ്രീവാസ്തവയുടെ നിർദേശപ്രകാരം ഷൊർണൂർ എ.എസ്.പിയായിരുന്ന ബി. സന്ധ്യയാണ് വെടിവെപ്പിന് ഉത്തരവിട്ടത്. െഎ.എസ്.ആർ.ഒ ചാരക്കേസിലും ഇദ്ദേഹം വിവാദനായകനായിരുന്നു. 2005ൽ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ ഇദ്ദേഹത്തെ ക്രമസമാധാന ചുമതലയുള്ള ഡി.ജി.പിയാക്കിയത് ഏറെ വിമർശനം ഉയർത്തിയിരുന്നു. അന്ന് ഇതിനെതിരെ സി.പി.എം ഉൾപ്പെടെ രംഗത്ത് വന്നിരുന്നു. എന്നാൽ, പിന്നീട് ഇടതുസർക്കാർ വന്നപ്പോഴും അദ്ദേഹം പദവിയിൽ തുടർന്നു. അത് പിന്നീട് പാർട്ടിയിലും വിവാദമായി. ബി.എസ്.എഫ് ഡയറക്ടറായാണ് ഇദ്ദേഹം സർവിസിൽനിന്ന് വിരമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.