ഗോപിനാഥ് മുതുകാടിനെതിരെ ആരോപണവുമായി മുൻ ജീവനക്കാരൻ സി.പി. ശിഹാബ്
text_fieldsകൊച്ചി: ഗോപിനാഥ് മുതുകാടിനും മാജിക് പ്ലാനറ്റ്, ഡി.എ.സി എന്നീ സ്ഥാപനങ്ങളുടെ നടത്തിപ്പിനുമെതിരെ ആരോപണവുമായി മുൻ ജീവനക്കാരൻ. സ്ഥാപനത്തിൽ 2017 മുതൽ ജോലി ചെയ്ത മലപ്പുറം സ്വദേശിയും ഭിന്നശേഷിക്കാരനുമായ സി.പി. ശിഹാബാണ് വാർത്തസമ്മേളനത്തിൽ ആരോപണങ്ങളുന്നയിച്ചത്.
അക്കാദമിയിൽ അതിഥികൾക്കുമുന്നിൽ ഷോ ചെയ്യുമ്പോൾ സ്റ്റേജിന്‍റെ മധ്യത്തിലേക്ക് വീൽചെയറിൽ വരാൻ അനുവദിക്കാറില്ല. വേദിയിലൂടെ നിരങ്ങി വന്ന് വീൽചെയറിൽ കയറണം. എന്നാലേ സഹതാപം കിട്ടൂവെന്നായിരുന്നു മുതുകാടിന്‍റെ നിലപാട്. അന്ന് ഷോ ചെയ്തിരുന്നത് ഓട്ടിസം മുതൽ മാനസിക വെല്ലുവിളി നേരിടുന്നവരടക്കമുള്ള അഞ്ച് കുട്ടികളായിരുന്നു. ഇവർക്ക് യഥാസമയം ഭക്ഷണം നൽകാറില്ല. അതിഥികളെ തൃപ്തിപെടുത്തലായിരുന്നു പ്രധാന ജോലി. ഇത് ചോദ്യംചെയ്തതോടെ വിരോധമായി. ഭിന്നശേഷിക്കാരായ കുട്ടികളെ പരിചരിക്കാൻ പരിശീലനം ലഭിച്ച ആരുമുണ്ടായില്ല. താനും ഒരു കുട്ടിയുടെ അമ്മയുമാണ് പരിചരിച്ചിരുന്നത്. സ്ഥാപനത്തിൽ വരുംമുമ്പ് ചാനലുകളിൽ പരിപാടികൾ അവതരിപ്പിച്ചിരുന്നു. എന്നാൽ, സ്ഥാപനത്തിൽ വന്നശേഷം മുതുകാടിന്‍റെ ശ്രമഫലമായുണ്ടായ മാറ്റമാണ് തന്‍റേതെന്ന് പ്രചരിപ്പിച്ചു. പ്ലാനറ്റിൽ ആദ്യഘട്ടം അഞ്ച് കുട്ടികളുണ്ടായിരുന്നപ്പോൾ അതിഥികളോട് 25 പേരുണ്ടെന്ന് പറയാനായിരുന്നു നിർദേശം. പിന്നീട് 150 കുട്ടികളായപ്പോൾ 300 എന്നാണ് പറഞ്ഞത് –ശിഹാബ് ആരോപിച്ചു.
2018 ഏപ്രിലിലെ കുവൈത്ത് പര്യടനത്തിൽ തനിക്ക് സമ്മാനമായി ലഭിച്ച പണം വാങ്ങിയെടുക്കാൻ ശ്രമിച്ചു. ഭിന്നശേഷി കുട്ടികളുടെ ആനുകൂല്യങ്ങൾ കൈക്കലാക്കലാണ് മുതുകാടിന്‍റെ ലക്ഷ്യമെന്ന് വ്യക്തമായതോടെ താൻ എതിർത്തു. ഇതോടെ മന്ത്രി ശൈലജ ടീച്ചറുടെ നിർദേശ പ്രകാരമെന്ന പേരിൽ പിരിച്ചുവിടാൻ തീരുമാനിച്ചതായി 2018 ഒക്ടോബർ 31ന് അറിയിച്ചു. ചോദ്യംചെയ്തപ്പോൾ കാരണംകാണിക്കൽ നോട്ടീസ് നൽകി.
ജീവഭയംകൊണ്ടാണ് ഇത്രയുംകാലം മിണ്ടാതിരുന്നത്. ഇപ്പോൾ അവിടത്തെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ ചോദ്യംചെയ്ത സ്ത്രീകളെ ഒരുവിഭാഗം ആക്രമിക്കുന്നത് കണ്ടപ്പോഴാണ് സത്യം പറയാൻ തീരുമാനിച്ചത്. തനിക്കെന്തെങ്കിലും സംഭവിച്ചാൽ മുതുകാടും കൂടെയുള്ളവരും മാത്രമാണ് ഉത്തരവാദികൾ. സർക്കാർ ഫണ്ട് അനധികൃതമായി സ്ഥാപനങ്ങളിൽ എത്തുന്നുണ്ട്. മുൻ സാമൂഹിക സുരക്ഷ മിഷൻ ഡയറക്ടർക്കും ഇതിൽ പങ്കുണ്ട്. ക്രമക്കേടുകൾ വിഡിയോ സഹിതം ഡയറക്ടർക്ക് അയച്ചെങ്കിലും തന്നെ ബ്ലോക്ക് ചെയ്തു. സാമൂഹിക പ്രവർത്തകരായ ഖാദർ കരിപ്പൊടി, സായ്കൃഷ്ണ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
എന്നാൽ, ആരോപണങ്ങൾക്ക് പിന്നിൽ സ്ഥാപനത്തെ തകർക്കാനുള്ള ഗൂഡാലോചനയാണെന്ന് മുതുകാട് പറഞ്ഞു. ദിവസങ്ങളായി തനിക്കും സ്ഥാപനത്തിനുമെതിരെ ആസൂത്രിത വ്യാജ പ്രചാരണമാണ് നടക്കുന്നത്. എന്താണ് ലക്ഷ്യമെന്ന് അറിയില്ല. ശിഹാബും സഹോദരനും ഇവിടത്തെ ജീവനക്കാരായിരുന്നു. അന്നൊന്നും ഉന്നയിക്കാതിരുന്ന പരാതിവർഷങ്ങൾക്ക് ശേഷം ഉന്നയിക്കുന്നത് ദുരൂഹമാണ്. ആരോപണത്തിന് ശിഹാബിനെതിരെ യാതൊരു നടപടിക്കുമില്ലെന്നും ഗോപിനാഥ് മുതുകാട് ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.