ആശുപത്രിയിൽ യുവതിക്കുനേരെ മുൻ ഭർത്താവിന്റെ ആസിഡ് ആക്രമണം
text_fieldsപേരാമ്പ്ര (കോഴിക്കോട്): ചെറുവണ്ണൂർ ഗവ. ആയുർവേദ ആശുപത്രിയിൽ ചികിത്സക്കെത്തിയ യുവതിക്കുനേരെ മുൻ ഭർത്താവിന്റെ ആസിഡ് ആക്രമണം. കൂട്ടാലിട പൂനത്ത് കാലടി പറമ്പിൽ പ്രബിഷയാണ് (29) ആക്രമണത്തിനിരയായത്. മുഖത്തും ശരീരത്തിലും പൊള്ളലേറ്റ യുവതി കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മുൻ ഭർത്താവ് തിരുവോട് കാരിപറമ്പ് പ്രശാന്തിനെ (36) മേപ്പയ്യൂർ പൊലീസ് അറസ്റ്റുചെയ്തു.
ഞായറാഴ്ച രാവിലെ 9.30ഓടെ ആശുപത്രിയിൽ എത്തിയ പ്രശാന്ത് പ്രബിഷയുമായി സംസാരിക്കുന്നതിനിടെ മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. മുഖത്തും നെഞ്ചിലും പൊള്ളലേറ്റ് തിരിഞ്ഞോടിയ യുവതിയുടെ പിന്നിലും ഇയാൾ ആസിഡ് ഒഴിച്ചു. സ്റ്റീൽ ഫ്ലാസ്കിലാണ് ആസിഡ് കൊണ്ടുവന്നത്. ഓടിക്കൂടിയ ആശുപത്രി ജീവനക്കാരും നാട്ടുകാരും ചേർന്ന് യുവതിയെ പേരാമ്പ്ര ഗവ. താലൂക്ക് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു.
തൃശൂരിൽ ടാക്സി ഡ്രൈവറാണ് പ്രശാന്ത്. ഇവർ തമ്മിലുള്ള വിവാഹബന്ധം വേർപെടുത്തിയിട്ട് മൂന്നുവർഷമായി. എന്നാൽ, ഇതിനുശേഷവും പ്രശാന്ത് നിരന്തരം ശല്യം ചെയ്യാറുണ്ടെന്ന് പ്രബിഷയുടെ മാതാവ് സ്മിത പറഞ്ഞു. 13 വർഷം മുമ്പ് പ്രണയവിവാഹം കഴിച്ചവരാണ് ഇരുവരും. രണ്ടുകുട്ടികളുമുണ്ട്. മദ്യപിച്ചുവന്ന് നിരന്തരം പ്രബിഷയെയും മക്കളെയും അമ്മയെയും ഉപദ്രവിക്കാറുണ്ടെന്നും പറയുന്നു. ഒരുതവണ മകനെ ഉപദ്രവിച്ചതിന് ചൈൽഡ് ലൈൻ കേസെടുത്തിരുന്നതായി സ്മിത പറഞ്ഞു. പുറംവേദനയെ തുടർന്നാണ് പ്രബിഷ മാർച്ച് 18 മുതൽ ചെറുവണ്ണൂർ ആശുപത്രിയിൽ ചികിത്സ തുടങ്ങിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.