രോമം വെട്ടുന്നതിനിടെ വളർത്തുനായ് ചത്തു; ജീവനക്കാർക്കെതിരെ കേസ്
text_fieldsലഖ്‌നോ: രോമം വെട്ടുന്നതിനിടെ വളർത്തുനായ് ചത്തുവെന്ന പരാതിയിൽ വളർത്തുമൃഗങ്ങളെ പരിപാലിക്കുന്ന കമ്പനിയിലെ ജീവനക്കാർക്കെതിരെ കേസ്. ലഖ്‌നൗ ക്രിസ്ത്യൻ കോളജിലെ മുൻ പ്രിൻസിപ്പൽ പ്രൊണോതി സിങ്ങിന്റെ രണ്ടുവയസ്സുള്ള ഗോൾഡൻ റിട്രീവർ ഇനത്തിൽപെട്ട നായാണ് ചത്തത്. രോമം വെട്ടിയൊതുക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മരിച്ചുവെന്നാണ് പരാതി.
വളർത്തുമൃഗങ്ങളെ പരിചരിക്കുന്ന മൊബൈൽ വാൻ യൂനിറ്റ് ഇവരുടെ വീട്ടിലെത്തി നായെ വൃത്തിയാക്കുന്നതിനിടെയാണ് സംഭവം. കമ്പനിയുടെ ജീവനക്കാർക്ക് കൈമാറുന്നതിന് മുമ്പ് തന്റെ നായ് പൂർണ ആരോഗ്യമുള്ളതായിരുന്നുവെന്ന് പ്രൊണോതി സിങ് പറഞ്ഞു. "ഞാൻ ഏറെക്കാലമായി മൃഗങ്ങളെ വളർത്തുന്നു. എന്റെ പ്രിയപ്പെട്ട ഷാലി എന്ന നായ്ക്ക് രോമം വെട്ടിയൊതുക്കുന്നതടക്കമുള്ള പരിചരണം ആവശ്യമായിരുന്നു. എനിക്ക് സ്വയം ചെയ്യാൻ കഴിയാത്തതിനാൽ മകൻ അറിയിച്ചതുപ്രകാരം വാനിൽ വന്ന് പരിചരിക്കുന്ന കമ്പനിയെ ഓൺലൈനിൽ ബുക്ക് ചെയ്യുകയായിരുന്നു. കുളിപ്പിക്കുക, നഖം മുറിക്കുക, രോമം വെട്ടുക തുടങ്ങി എല്ലാ സൗകര്യങ്ങളുമുള്ള ഒരു വാനുമായി അവർ വീട്ടിലെത്തുന്നതിനാലാണ് ഞാൻ ഈ സൗകര്യം തെരഞ്ഞെടുത്തത്” -പ്രൊണോതി സിങ് പറഞ്ഞു.
"എന്റെ ഷാലി സന്തോഷത്തോടെയാണ് വാനിലേക്ക് പോയത്. എന്നാൽ, 10 മിനിറ്റിനുശേഷം എന്റെ വീട്ടുജോലിക്കാരി നിലവിളിക്കുന്നത് കേട്ട് വാനിനുള്ളിലേക്ക് പോയപ്പോൾ നായുടെ ചലനമറ്റിരുന്നു. അവർ ഷാലിയെ കുളിപ്പിച്ച് ഉണക്കുന്നതിനിടയിൽ വൈദ്യുതാഘാതമേറ്റതാകണം മരണകാരണമെന്ന് കരുതുന്നു’ -അവർ കൂട്ടിച്ചേർത്തു.
തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പോസ്റ്റ്‌മോർട്ടത്തിൽ ഹൃദയാഘാതമാണ് മരണകാരണമെന്ന് തെളിഞ്ഞു. എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും ഗോമതിനഗർ പൊലീസ് ഓഫിസർ ഡി.എസ്. മിശ്ര പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.