മുൻ എം.എൽ.എ പണാറത്ത് കുഞ്ഞിമുഹമ്മദ് നിര്യാതനായി
text_fieldsനാദാപുരം: മുൻ എം.എൽ.എയും മുസ്‍ലിം ലീഗ് സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന പണാറത്ത് കുഞ്ഞിമുഹമ്മദ് (80) നിര്യാതനായി. 1977ൽ മേപ്പയൂരിൽ അഖിലേന്ത്യാ ലീഗിലെ എ.വി. അബ്ദുറഹ്മാൻ ഹാജിയെ പരാജയപ്പെടുത്തിയാണ് നിയമസഭയിലേക്കെത്തിയത്.
എടച്ചേരി ഗ്രാമപഞ്ചായത്ത് മെമ്പറായാണ് ആദ്യമായി ജനപ്രതിനിധിയാകുന്നത്. പഞ്ചായത്ത് വൈസ് പ്രസിഡന്റായി 12 വർഷം സേവനമനുഷ്ടിച്ചിട്ടുണ്ട്. പ്രമുഖ സിപിഎം നേതാവ് ഇ.വി.കുമാരനായിരുന്നു പ്രസിഡന്റ്. അടിയന്തരാവസ്ഥ കാലത്ത് ഇ.വി.കുമാരനെ അറസ്റ്റ് ചെയ്ത് ജയിലിലാക്കിയ 2 വർഷം പണാറത്ത് പ്രസിഡന്റുമായി.
1965ൽ നാദാപുരം മണ്ഡലത്തിൽ ലീഗ് സ്ഥാനാർഥിയായാണ് നിയമസഭയിലേക്കുള്ള ആദ്യ മത്സരം. സി.പി.എമ്മിലെ സി.എച്ച്. കണാരനോട് പരാജയപ്പെട്ടു. 1985ൽ പെരിങ്ങളം ഉപതെരഞ്ഞെടുപ്പിൽ ഇ.ടി. മുഹമ്മദ് ബഷീറിനോടും തോറ്റു.
ഹൈസ്കൂൾ പഠനകാലത്ത് എം.എസ്.എഫിലൂടെയായിരുന്നു രാഷ്ട്രീയത്തിലേക്കിറങ്ങിയത്. ഇടക്ക് സോഷ്യലിസ്റ്റ് പാർട്ടികളുടെ കൂടെ കൂടിയെങ്കിലും വീണ്ടും മുസ്‍ലിം ലീഗിൽ തിരിച്ചെത്തി. പതിറ്റാണ്ടുകളോളം നാദാപുരം നിയോജക മണ്ഡലം മുസ്‍ലം ലീഗ് പ്രസിഡന്റായിരുന്ന ഇദ്ദേഹം വടകര താലൂക്ക് പ്രസിഡന്റായും ചുമതല വഹിച്ചിട്ടുണ്ട്. കുറച്ച് കാലമായി അസുഖം കാരണം വീട്ടില്‍ വിശ്രമിക്കുകയായിരുന്നു.
മയ്യിത്ത് നമസ്കാരം ഇന്ന് രാവിലെ 11മണിക്ക് എടച്ചേരി നെല്ലൂർ പള്ളിക്ക് സമീപമുള്ള മദ്റസയിൽ നിർവഹിക്കും.
ഭാര്യ: പരേതയായ കുഞ്ഞാമി ഹജ്ജുമ്മ. മക്കൾ: അസീസ് (റിട്ട. അധ്യാപകൻ ടി ഐഎം ഗേൾസ്എച്ച്എസ്എസ് നാദാപുരം, നാസർ (റിട്ട. ക്ലാർക്ക് ടിഐഎം ജിഎച്ച്എസ്എ സ്) ഹാരിസ് (അധ്യാപകൻ എംഐഎംഎച്ച്എസ്എസ് പേരോട് ), ജമീല. മരുമക്കൾ: അബ്‌ദുറഹിമാൻ പനോളിപ്പിടിക, ശരീഫ പാറാട്, സീനത്ത് വൈക്കിലശ്ശേരി, സലൂജ നാദാപുരം. സഹോദരങ്ങൾ: കുഞ്ഞാമി ഹജ്ജുമ്മ, സുലൈഖ ഹജ്ജുമ്മ, സാറ ഹജ്ജുമ്മ, ബിയ്യാത്തു ഹജ്ജുമ്മ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.