മുൻ എം.എൽ.എ പ്രയാർ ഗോപാലകൃഷ്ണൻ അന്തരിച്ചു
text_fieldsചടയമംഗലം (കൊല്ലം): മുന്‍ ചടയമംഗലം എം.എൽ.എയും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന പ്രയാര്‍ ഗോപാലകൃഷ്ണൻ (74) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് തിരുവനന്തപുരം വട്ടപ്പാറയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തിരുവനന്തപുരത്ത് നിന്ന് കൊല്ലം ചിതറയിലെ വീട്ടിലേക്കുള്ള യാത്രക്കിടെയാണ് ഹൃദയാഘാതമുണ്ടായത്. മില്‍മയുടെ സ്ഥാപക ചെയര്‍മാനായ പ്രയാർ മുന്നാക്ക ക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാനായും പ്രവർത്തിച്ചിട്ടുണ്ട്.
ചടയമംഗലത്തുനിന്ന് 2001-06 കാലത്താണ് നിയമസഭാംഗമായത്. 2006ലെ തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. മിൽമയെ 'കേരളം കണികണ്ടുണരുന്ന നന്മ' ആക്കിയതിൽ സുപ്രധാന പങ്ക് വഹിച്ച പ്രയാർ 1982 മുതല്‍ 2000 വരെ മില്‍മ ചെയര്‍മാനായി പ്രവർത്തിച്ചു. കേരള സ്റ്റേറ്റ് മില്‍ക്ക് കോഓപറേറ്റിവ് സൊസൈറ്റീസ് അസോസിയേഷന്‍ സ്ഥാപക പ്രസിഡന്റുമാണ്. നാഷനല്‍ ഡെയറി ഡെവലപ്‌മെന്‍റ് ബോര്‍ഡിന്റെ ഡയറക്ടറും ഇന്ത്യന്‍ ഡെയറി അസോസിയേഷന്‍ വൈസ് പ്രസിഡന്റും ഇന്റര്‍നാഷനല്‍ െഡയറി ഫൗണ്ടേഷനിലേക്കുള്ള ഇന്ത്യയുടെ ഡെലിഗേറ്റുമായിരുന്നു.
കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയ പ്രവര്‍ത്തനമാരംഭിച്ചത്. കെ.എസ്.യുവിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും കൊല്ലം ജില്ല പ്രസിഡന്‍റും തുടർന്ന് ഡി.സി.സി സെക്രട്ടറിയും കെ.പി.സി.സി എക്‌സിക്യൂട്ടിവ് അംഗവുമായി. അമേരിക്കയും റഷ്യയും ചൈനയുമടക്കം 28 രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. മുന്നാക്കക്ഷേമ കോർപറേഷനെ 'സമുന്നതി' എന്ന് നാമകരണം ചെയ്തത് പ്രയാറാണ്.
ഇന്ത്യന്‍ അഗ്രികള്‍ചര്‍ കോണ്‍ഫെഡറേഷന്റെ ഭാരത് ദൂത്ത് അവാര്‍ഡ്, യൂറോപ്യന്‍ സാമ്പത്തിക സമൂഹത്തിന്റെ ഗോള്‍ഡന്‍ ഗ്ലോബല്‍ അവാര്‍ഡ് എന്നിവ ലഭിച്ചു. കേരളത്തിലെ മികച്ച സഹകാരിക്കുള്ള സദാനന്ദന്‍ അവാര്‍ഡ്, കെ.ആര്‍. ഇലങ്കത്ത് അവാര്‍ഡ്, പ്രഫ. കെ.എം.ചാണ്ടി അവാര്‍ഡ്, തച്ചടി പ്രഭാകരന്‍ അവാര്‍ഡ്, വി.ആര്‍. കൃഷ്ണന്‍ എഴുത്തച്ഛന്‍ അവാര്‍ഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
കൊല്ലം ചിതറ പ്രയാര്‍ ഹൗസിലാണ് താമസം. അയിരക്കുഴി യു.പി സ്കൂൾ റിട്ട. ഹെഡ്മിസ്ട്രസ് എസ്. സുധർമയാണ് ഭാര്യ. ഡോ. റാണി കൃഷ്ണ (കുവൈത്ത്), ഡോ. വേണി കൃഷ്ണ (മെഡിസിറ്റി, കൊല്ലം), ഡോ. വിഷ്ണു ജി. കൃഷ്ണന്‍(ആസ്റ്റർ മെഡിസിറ്റി, കണ്ണൂർ) എന്നിവര്‍ മക്കളാണ്. മരുമക്കൾ: ഡോ.ബിധു (കരുനാഗപ്പള്ളി), പാർവതി വേണുഗോപാൽ.
ഭൗതികദേഹം ഞായറാഴ്ച രാവിലെ 8.30ന് ചിതറയിലെ വസതിയിൽനിന്ന് കൊല്ലത്തെ ഡി.സി.സി ഓഫിസിലെത്തിക്കും. 10 മുതൽ 11 വരെ ഡി.സി.സി ഓഫിസിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് വിലാപയാത്രയായി അമ്പലമുക്ക്, ഇളമാട്, ചടയമംഗലം, നിലമേൽ കടയ്ക്കൽ വഴി ചിതറയിലെ വസതിയിലെത്തിക്കും. ഉച്ചക്ക് രണ്ടിന് സംസ്കാര ചടങ്ങുകൾ നടക്കും.
രാഷ്ട്രീയ സംശുദ്ധതയിലും സത്യസന്ധതയിലും കണിശത പുലർത്തിയ നേതാവ് -വി.ഡി സതീശന്‍
മുതിർന്ന നേതാവും മുൻ എം.എൽ.എയുമായ പ്രയാർ ഗോപാലകൃഷ്ണന്‍റെ നിര്യാണം കോൺഗ്രസ് പ്രസ്ഥാനത്തിന് തീരാനഷ്ടമാണ്. രാഷ്ട്രീയ സംശുദ്ധതയിലും സത്യസന്ധതയിലും കണിശത പുലർത്തിയ നേതാവായിരുന്നു അദ്ദേഹം. കേരളത്തിലെ ഏറ്റവും വലിയ സഹകരണ സംഘങ്ങളിൽ ഒന്നായ മിൽമയെ സംസ്ഥാനത്തിന്‍റെ അഭിമാന സ്ഥാപനമായി വളർത്തിയെടുത്തത് പ്രയാറായിരുന്നു. മിൽമ എന്ന പേരും മുന്നാക്ക വികസന കോർപറേഷന് സമുന്നതി എന്ന പേരും പ്രയാറിന്‍റെ സംഭാവനയാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡ് അധ്യക്ഷൻ എന്ന നിലയിലും അദ്ദേഹത്തിന്‍റെ നിലപാടുകൾ ശ്രദ്ധേയമായിരുന്നു.
ചടയമംഗലത്തെ പ്രതിനിധീകരിച്ച് നിയമസഭയിൽ എത്തിയ അദ്ദേഹം മണ്ഡലത്തിന്‍റെ സമഗ്ര വികസനത്തിൽ അതീവ ശ്രദ്ധ പുലർത്തിയ സാമാജികനായിരുന്നു. ഇത് വരെയുള്ള തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഒരു തവണ മാത്രമാണ് ചടയമംഗലം യു.ഡി.എഫിനൊപ്പം നിന്നത്. എന്നിട്ടും ചടയമംഗലത്തിന്റെ വികസന നായകൻ എന്ന പേര് പ്രയാറിന് സ്വന്തമാണ്. പ്രയാർ ഗോപാലകൃഷ്ണന്റെ വിയോഗത്തിൽ സഹപ്രവർത്തകരുടെയും കുടുംബാംങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.
വിശ്വാസ സംരക്ഷണ പോരാട്ടത്തില്‍ മുന്‍പന്തിയിൽ നിന്ന പ്രയാര്‍ - കെ. സുധാകരന്‍
തിരുവനന്തപുരം: അന്തരിച്ച മുന്‍ എം.എൽ.എയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റുമായിരുന്ന പ്രയാര്‍ ഗോപാലകൃഷ്ണന്‍റെ നിര്യാണത്തില്‍ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്‍ എം.പി അനുശോചിച്ചു. കെ.എസ്.യു വിദ്യാര്‍ഥി സംഘടനയിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്ന പ്രയാര്‍ മരണം വരെ ത്രിവര്‍ണ്ണക്കൊടി നെഞ്ചോട് ചേര്‍ത്ത് പിടിച്ച് കോണ്‍ഗ്രസ് വികാരം മനസില്‍ സൂക്ഷിച്ച നേതാവായിരുന്നു. ചിരിക്കുന്ന മുഖത്തോടെ ഏത് വെല്ലുവിളിയും ഏറ്റെടുക്കാന്‍ തന്‍റേടം കാട്ടിയ നേതാവാണ് പ്രയാര്‍. കേരളത്തില്‍ ചിതറി കിടന്നിരുന്ന ക്ഷീരകര്‍ഷകരെ സംഘടിത ശക്തിയായി വളര്‍ത്തിയെടുക്കുന്നതില്‍ പ്രയാര്‍ വഹിച്ച പങ്ക് വളരെ വലുതായിരുന്നു. ക്ഷീരകര്‍ഷക മേഖലയില്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍ ആവിഷ്കരിക്കാന്‍ അദ്ദേഹം പ്രയത്നിച്ചു.
മില്‍മ സൊസൈറ്റിയുടെ രൂപീകരണത്തിനും വളര്‍ച്ചക്കും പ്രയാര്‍ നടത്തിയ ഇടപെടലുകള്‍ കേരളത്തിലെ ക്ഷീരകര്‍ഷകര്‍ക്ക് മറക്കാനാവില്ല. ക്ഷീരകര്‍ഷകര്‍ക്ക് തങ്ങളുടെ സംഘടിത ശക്തിയുടെ ആവശ്യം മനസിലാക്കി കൊടുക്കാന്‍ പ്രയാര്‍ നടത്തിയ സേവനം പ്രശംസനീയമാണ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റായിരുന്ന കാലത്ത് ശബരിമല വിഷയത്തില്‍ അദ്ദേഹം സ്വീകരിച്ച നിലപാടുകള്‍ വിശ്വാസികള്‍ വളരെ ആവേശത്തോടെയാണ് സ്വീകരിച്ചത്. വിശ്വാസ സംരക്ഷണത്തിനായി അദ്ദേഹം തുടര്‍ച്ചയായി വാദിച്ചു. സി.പി.എം അദ്ദേഹത്തെ സംഘ്പരിവാറുകാരനായി ചിത്രീകരിക്കാനും വേട്ടയാടാനും ശ്രമിച്ചത് അദ്ദേഹത്തിന്‍റെ മനസിനെ വല്ലാതെ ഉലച്ചിരുന്നു. വിശ്വാസ സംരക്ഷണ പോരാട്ടത്തില്‍ പ്രയാര്‍ മുന്‍പന്തിയിലായിരുന്നു. അത് ഞാന്‍ നേരിട്ട് അനുഭവിച്ചറിഞ്ഞതാണ്.
ശബരിമല വിശ്വാസ സംരക്ഷണ വിഷയം കേരളത്തില്‍ കത്തിപടര്‍ന്ന് നില്‍ക്കുന്ന കാലത്ത് നിരപരാധികളായവരെ പൊലീസുകാര്‍ തടവുകാരായി പിടിച്ചുവെച്ചെന്ന് അറിഞ്ഞ് ഞാന്‍ നേരിട്ട് പമ്പ പൊലീസ് സ്റ്റേഷനില്‍ എത്തിയ സംഭവം ഞാന്‍ ഈ അവസരത്തില്‍ ഓര്‍ക്കുന്നു. പൊലീസ് സ്റ്റേഷനിലേക്ക് അന്ന് ഞാന്‍ കടന്ന് ചെല്ലുമ്പോള്‍ വിശ്വാസപോരാട്ടത്തില്‍ പങ്കെടുത്തതിന്‍റെ പേരില്‍ പൊലീസ് പ്രയാര്‍ ഗോപാലകൃഷ്ണനെ അറസ്റ്റ് ചെയ്ത് സ്റ്റേഷനില്‍ നിര്‍ത്തിയിരിക്കുന്ന കാഴ്ച എന്നെ വല്ലാതെ അസ്വസ്ഥനാക്കി. ആഹാരം കഴിക്കാനോ വേഷം മാറാനോ അദ്ദേഹത്തെ പൊലീസ് അനുവദിച്ചിരുന്നില്ല.
ഞാന്‍ പൊലീസ് ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിച്ചു. പ്രയാര്‍ ചെയ്ത കുറ്റം എന്താണെന്ന് ചോദിച്ചു. വിശ്വാസ സംരക്ഷണ പോരാട്ട സമരത്തിന് നേതൃത്വം നല്‍കിയതാണ് കുറ്റമെന്ന് അവര്‍ എന്നെ അറിയിച്ചു. സമരം നയിച്ചവരെ അറസ്റ്റ് ചെയ്ത് പീഡിപ്പിക്കാന്‍ പൊലീസിനെ അനുവദിക്കില്ലെന്ന് പറഞ്ഞ് ഞാന്‍ പ്രയാറിന്‍റെ കൈയ്യും പിടിച്ച് പൊലീസ് സ്റ്റേഷന് പുറത്തേക്ക് വരുമ്പോള്‍ സുസ്മേരവദനനായി എന്‍റെയൊപ്പം നടന്ന് വന്ന പ്രയാറിന്‍റെ മുഖം ഇന്നും എന്‍റെ ഓര്‍മ്മയില്‍ നിന്ന് മാഞ്ഞിട്ടില്ല. നിലപാടുകൾ കൊണ്ട് ഏവരെയും എന്നും ഞെട്ടിച്ച പൊതുപ്രവര്‍ത്തകനായിരുന്നു അദ്ദേഹം.
ചടയമംഗലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയ അദ്ദേഹം മണ്ഡലത്തിന്‍റെ വികസന കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചു. ചടയമംഗലം കണ്ട എക്കാലത്തെയും മികച്ച എം.എൽ.എ കൂടിയായിരുന്നു അദ്ദേഹം. ഏറ്റെടുത്ത പദവികള്‍ പൂര്‍ണ ഉത്തരവാദിത്തത്തോടെ നിര്‍വഹിച്ച് പ്രയാര്‍ ഗോപാലകൃഷ്ണന്‍റെ വിയോഗം കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് കനത്ത നഷ്ടമാണെന്നും അനുശോചന സന്ദേശത്തിൽ കെ. സുധാകരന്‍ വ്യക്തമാക്കി.
പിണറായിയുടെ ധാർഷ്ട്യത്തിന് മുമ്പിൽ മുട്ടുമടക്കാത്ത അയ്യപ്പ വിശ്വാസി -കെ. സുരേന്ദ്രൻ
പ്രയാർ ഗോപാലകൃഷ്ണന്‍റെ നിര്യാണത്തിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ അനുശോചിച്ചു. ശബരിമല വിശ്വാസികളെ സംബന്ധിച്ചത്തോളം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എന്ന നിലയിൽ അദ്ദേഹത്തിന്‍റെ പ്രവർത്തനം മറക്കാനാവാത്തതാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ ധാർഷ്ട്യത്തിന് മുമ്പിൽ മുട്ടുമടക്കാത്ത അയ്യപ്പ വിശ്വാസിയായിരുന്നു അദ്ദേഹമെന്നും സുരേന്ദ്രൻ അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.