ഭവന വായ്പ തട്ടിപ്പ്: മുന്‍ വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർക്ക് രണ്ടുവർഷം കഠിന തടവ്
text_fieldsകോട്ടയം: ഭവന വായ്പ തട്ടിപ്പ് കേസിൽ മുൻ വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർക്ക് രണ്ടുവർഷം കഠിനതടവും പിഴയും. കോട്ടയം തലയോലപ്പറമ്പ് പഞ്ചായത്തിലെ വില്ലേജ് എക്സ്റ്റൻഷൻ ഓഫിസറായിരുന്ന ശ്രീദേവിയെയാണ് ഭവന വായ്പ ഇടപാടുമായി ബന്ധപ്പെട്ട പണാപഹരണ കേസിൽ കോട്ടയം വിജിലൻസ് കോടതി ജഡ്ജി രണ്ടുവർഷം കഠിന തടവിനും ഒന്നരലക്ഷം രൂപ പിഴക്കും ശിക്ഷിച്ചത്.
2006-’07ൽ തലയോലപ്പറമ്പ് വില്ലേജ് എക്സ്റ്റൻഷൻ ഓഫിസറായിരുന്ന ശ്രീദേവി പഞ്ചായത്തിന്റെ ഭവന നിർമാണ പദ്ധതി സംബന്ധിച്ച ഇടപാടുകൾ വഴി 1.85 ലക്ഷം രൂപ അപഹരിച്ചെന്ന് കോട്ടയം വിജിലൻസ് മുൻ ഡിവൈ.എസ്.പി കൃഷ്ണകുമാറിന്റെ പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
തുടർന്ന് രജിസ്റ്റർ ചെയ്ത കേസിൽ കോട്ടയം വിജിലൻസ് മുൻ ഡിവൈ.എസ്.പിയും സംസ്ഥാന ഇന്റലിജൻസ് എസ്.പിയുമായ സുരേഷ്കുമാറാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി കോട്ടയം വിജിലൻസ് പ്രോസിക്യൂട്ടർ രാജ്മോഹൻ ആർ. പിള്ള ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.