എക്സാലോജിക്-സി.എം.ആർ.എൽ ഇടപാട്: വിശദ പരിശോധന വേണമെന്ന് ആർ.ഒ.സി റിപ്പോർട്ട്
text_fieldsകൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കും സി.എം.ആർ.എല്ലും തമ്മിലെ ഇടപാട് വിശദമായി പരിശോധിക്കണമെന്ന് എറണാകുളം റജിസ്ട്രാർ ഓഫ് കമ്പനീസ് (ആർ.ഒ.സി) റിപ്പോർട്ട്. എക്സാലോജിക് മാസപ്പടി ആരോപണത്തിൽ കോർപറേറ്റ് കാര്യ മന്ത്രാലയം വിശദ അന്വേഷണത്തിന് ഉത്തരവിട്ടതിന് അടിസ്ഥാനമായ റിപ്പോർട്ടുകളിൽ ഒന്നിലെ വിവരങ്ങളാണ് പുറത്തുവന്നത്. എറണാകുളത്തിനു പുറമെ ബംഗളൂരു ആർ.ഒ.സിയുടെ റിപ്പോർട്ടും മന്ത്രാലയം പരിഗണിച്ചിരുന്നു.
പരാതിക്കാരൻ ഹാജരാക്കിയ രേഖകൾ, ആദായനികുതി വകുപ്പിലെ ഇന്‍ററിം സെറ്റിൽമെന്‍റ് ബോർഡിന്‍റെ ഉത്തരവിന് ആധാരമായ ആദായനികുതി വകുപ്പിന്‍റെ കണ്ടെത്തലുകൾ, കെ.എസ്.ഐ.ഡി.സിയും സി.എം.ആർ.എല്ലും നൽകിയ മറുപടികൾ എന്നിവ പരിശോധിച്ചശേഷമാണ് എറണാകുളം ആർ.ഒ.സി റിപ്പോർട്ട് തയാറാക്കിയത്. എക്സാലോജിക് കമ്പനിയാണോ എന്ന് പരിശോധിക്കണം എന്നതാണ് റിപ്പോർട്ടിലെ ഒരു നിർദേശം.
ചോദിച്ച കാര്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ സി.എം.ആർ.എല്ലിന് കഴിഞ്ഞില്ല. കെ.എസ്.ഐ.ഡി.സിയുടെ കണക്ക് പുസ്തകങ്ങൾ വിശദമായി പരിശോധിക്കണം. എക്സാലോജിക്കും സി.എം.ആർ.എല്ലും നൽകിയ മറുപടികൾ അവ്യക്തമാണെന്നും റിപ്പോർട്ടിലുണ്ട്.
സി.എം.ആർ.എല്ലിൽനിന്ന് സ്വന്തം അക്കൗണ്ടിലേക്ക് 55 ലക്ഷം രൂപ വന്നതിനെക്കുറിച്ച വീണയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് ബംഗളൂരു ആർ.ഒ.സിയുടെ റിപ്പോർട്ടിലുമുണ്ടായിരുന്നു. ഇന്‍ററിം സെറ്റിൽമെന്‍റ് ബോർഡ് ഉത്തരവ് ചൂണ്ടിക്കാട്ടി ബംഗളൂരു ആർ.ഒ.സി ഉന്നയിച്ച ചോദ്യങ്ങൾക്ക് വ്യക്തതയില്ലെന്നായിരുന്നു വീണയുടെ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.