എക്സാലോജിക്: വീണ വിജയന്‍റെ കൈയിൽ മുഴുവൻ രേഖയുമുണ്ടെന്ന് എം.എ. ബേബി
text_fieldsആലപ്പുഴ: എക്സാലോജിക് കമ്പനിയുടെ പ്രവർത്തനം സുതാര്യമാണെന്നും മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്‍റെ പക്കൽ മുഴുവൻ രേഖയുമുണ്ടെന്നും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. കരിമണൽ ഖനനവുമായി ബന്ധപ്പെട്ട് വീണയുടെ കമ്പനിക്ക് ഒരു ബന്ധവുമില്ല. അവരുടെ ബംഗളൂരുവിലെ എക്സാലോജിക് കമ്പനിക്ക് ചില സേവനം കിട്ടാൻ എഴുതി തയാറാക്കിയ സുതാര്യമായ കരാറാണ്. ആ കരാർ അനുസരിച്ച് സേവനദാതാവായ കമ്പനിക്ക് മാസം കൃത്യമായി അഞ്ചുലക്ഷം നൽകണമെന്ന് വ്യവസ്ഥയുണ്ട്.
വീണ വിജയൻ സേവനത്തിന് വാങ്ങിയ 1.72 കോടിക്ക് മുഴുവൻ രേഖയുമുണ്ട്. സേവനം കൊടുത്തിട്ടുണ്ടോയെന്ന് അന്വേഷിച്ച് കണ്ടുപിടിക്കട്ടെ. സേവനം അളന്നുതൂക്കി മൂല്യം കണക്കാക്കാനാവില്ലെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കേന്ദ്രസർക്കാർ ഏജൻസിയായ ആർ.ഒ.സിയുടെ അന്വേഷണം നടക്കുന്നതിനാൽ എസ്.എഫ്.ഐ.ഒയുടെ അന്വേഷണം ആവശ്യമുണ്ടോയെന്ന് ചോദ്യമുയർത്തിയാണ് കോടതിയിൽ പോയത്. കേരളത്തിലെ മാധ്യമപ്രവർത്തകർക്ക് സി.എം.ആർ.എൽ നൽകിയ 16 കോടിയെക്കുറിച്ച് ആരും അന്വേഷിക്കുന്നില്ല. ഏതൊക്കെ മാധ്യമങ്ങൾക്കാണ് പണം കിട്ടിയതെന്ന് ചർച്ച ചെയ്യുന്നില്ല. രാഷ്ട്രീയ നേതാക്കൾക്ക് പണം കൊടുത്തതിലും വിഷയമില്ല. വീണയുടെ കമ്പനിക്ക് സേവനത്തിനായി മാസം അഞ്ചുലക്ഷം കൊടുത്തതാണ് വലിയ വിഷയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.