Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഷോൺ ജോർജ് പറഞ്ഞ ആ...

ഷോൺ ജോർജ് പറഞ്ഞ ആ കമ്പനിയല്ല ഈ കമ്പനി; വീണയെ പ്രതിരോധിച്ച് തോമസ് ഐസക്

text_fields
bookmark_border
thomas issac
cancel

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണയുടെ കമ്പനി എക്സാലോജികുമായി ബന്ധപ്പെട്ട വിദേശ അക്കൗണ്ട് വിവാദത്തിൽ പ്രതിരോധവുമായി സി.പി.എം നേതാവ് തോമസ് ഐസക്. വീണയുടെ പേരിലുള്ള എക്സാലോജിക് കമ്പനിയും ദുബൈയിലെ എക്സാലോജിക് കമ്പനിയും രണ്ടാണെന്നും തമ്മിൽ ബന്ധമില്ലെന്നുമാണ് തോമസ് ഐസക്കിന്‍റെ വാദം.

എന്നാൽ, വീണയുടെ കമ്പനിയുടെ അബൂദബിയിലെ അക്കൗണ്ടിനെക്കുറിച്ച് തന്നെയാണ് താൻ ആരോപണമുന്നയിക്കുന്നതെന്ന് ഷോൺ ജോർജ് പ്രതികരിച്ചു. തന്റെ പേരില്‍ അക്കൗണ്ടില്ലെന്ന് വീണ പറയാത്തത് എന്തുകൊണ്ടാണെന്നും എന്തുകൊണ്ട് മാനനഷ്ടക്കേസ് നല്‍കുന്നില്ലെന്നും ഷോണ്‍ ചോദിക്കുന്നു.

എക്സാലോജികിന്‍റെ പേരിൽ അബൂദബിയിലുള്ള അക്കൗണ്ടിൽ പിണറായി സർക്കാറുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ കക്ഷികളായ കമ്പനികൾ വൻതുക നിക്ഷേപിച്ചെന്നാണ് ഷോൺ ജോർജ് കഴിഞ്ഞ ദിവസം ആരോപിച്ചത്. മുഖ്യമന്ത്രിയും മകളും പ്രതികരിക്കുന്നതിന് മുമ്പാണ് തോമസ് ഐസക് ന്യായീകരണവുമായി രംഗത്തുവന്നത്.

ഷോണ്‍ ജോര്‍ജ് മെനഞ്ഞത് കള്ളക്കഥയാണെന്ന് തോമസ് ഐസക് പറയുന്നു. വീണയുടെ കമ്പനിയുടെ പേര് എക്സാലോജിക് സൊലൂഷൻസ് എന്നാണ്. ദുബൈ കമ്പനിയുടെ പേര് എക്സാലോജിക് കൺസൾട്ടിങ് എന്നാണ്. കരിമണൽ കമ്പനി സി.എം.ആർ.എല്ലിൽനിന്ന് എക്സാലോജിക് 1.72 കോടി കൈപ്പറ്റിയതുമായി ബന്ധപ്പെട്ട വിവാദം തുടരുന്നതിനിടെയാണ് വിദേശ അക്കൗണ്ടിൽ വിവാദ കമ്പനികൾ പണം നൽകിയെന്ന വിവരം പുറത്തുവന്നത്.

തോമസ് ഐസകിന്റെ കുറിപ്പ്:

ബാംഗ്ലൂരിലെ എക്സാലോജിക് കമ്പനി സിഎംആർഎൽ കമ്പനിയുമായി സർവ്വീസ് കരാറിലേർപ്പെട്ട് നിയമാനുസൃതമായി ഫീസ് വാങ്ങിയതിനെ മാസപ്പടിയായി കഴിഞ്ഞ ഏതാനും മാസങ്ങളായി മാധ്യമങ്ങളും പ്രതിപക്ഷവും ആഘോഷിച്ചുവരികയായിരുന്നു. മാത്യു കുഴൽനാടൻ അത് കോടതിയിൽകൊണ്ടുപോയി തിരിച്ചടി നേടിയശേഷം പ്രതിപക്ഷം വലിയ ഇച്ഛാഭംഗത്തിലായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് ബിജെപിയുടെ ഷോൺ ജോർജ്ജ് പുതിയൊരു ആക്ഷേപവുമായിട്ടു വരുന്നത്.

എക്സാലോജികിന് ദുബായിയിൽ രജിസ്റ്റർ ചെയ്ത സ്ഥാപനമുണ്ടത്രേ. അതിലേക്ക് കേരള സർക്കാരുമായി ബന്ധമുള്ള പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിൽ എസ്എൻസി ലാവലിനും 2016-19 കാലത്ത് പലതവണ പണം നിക്ഷേപിച്ചിട്ടുണ്ടത്രേ. “ഈ കമ്പനി സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ” കേന്ദ്ര സർക്കാരിന്റെ നിരീക്ഷണത്തിൽ ആയിരുന്നത്രേ. ഷോൺ ഇഡിക്കും തെളിവുകൾ കൊടുത്തിട്ടുണ്ട്. അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് കോടതിയിലും അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഇന്ന് എല്ലാ പത്രങ്ങളും വളരെ പ്രാധാന്യത്തോടെ വാർത്തയും നൽകിയിട്ടുണ്ട്.

മലയാള മാധ്യമ പ്രവർത്തനത്തിന്റെ നിലവാരത്തിലേക്ക് വിരൽചൂണ്ടുന്നതാണ് ഈ സംഭവം. ഒരാൾക്കുപോലും ഗൂഗിൾ ചെയ്ത് ദുബായിയിലെ എക്സാലോജിക് കമ്പനിയുടെ വെബ്സൈറ്റ് പരിശോധിച്ചിരുന്നെങ്കിൽ അവർ ഒന്ന് കാണുമായിരുന്നു: വീണയുടെ കമ്പനിയുടെ പേര് എക്സാലോജിക് സൊല്യൂഷൻസ് എന്നാണ്. ദുബായ് കമ്പനിയുടെ പേര് എക്സാലോജിക് കൺസൾട്ടിംഗ് എന്നാണ്.

ദുബായ് കമ്പനിക്ക് വിശദീകരണം ആവശ്യപ്പെട്ട് ഒരു മെയിൽ അയച്ചിരുന്നെങ്കിൽ അവർ ഇപ്പോൾ വൈബ് സൈറ്റിൽ ഇട്ടിരിക്കുന്ന വിശദീകരണം മാധ്യമ പ്രവർത്തകർക്ക് അയച്ചുകൊടുക്കുമായിരുന്നു. ദുബായ് കമ്പനിക്ക് അഞ്ച് കോർപ്പറേറ്റ് ഓഫീസുകളാണുള്ളത്. മൂന്നെണ്ണം യുഎഇയിലും ഒരെണ്ണം ലണ്ടനിലും മറ്റൊന്ന് ബാംഗ്ലൂരുമാണ്. ബാംഗ്ലൂരിലെ കമ്പനിയിലെ പേര് എക്സാലോജികോ സിസ്റ്റംസ് ആൻഡ് സർവ്വീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്നാണ്. എന്നു മാത്രമല്ല, ഇവയല്ലാതെ മറ്റൊരു സ്ഥാപനവുമായി തങ്ങൾക്ക് ബന്ധമില്ലെന്നും ഷോൺ പറയുന്ന മലയാളികളായ ഉടമസ്ഥർക്ക് ഒരു രാഷ്ട്രീയ ബന്ധവുമില്ലെന്നും അവർ വ്യക്തമാക്കുന്നു.

ഈ കള്ളക്കഥ ആര് മെനഞ്ഞതാണ്? മറ്റു പത്രങ്ങളിലെല്ലാം ഇന്നാണ് വാർത്ത. പക്ഷേ, ഷോണിന്റെ പത്രസമ്മേളനത്തിനു മുമ്പ് ഇന്നലെ തന്നെ മനോരമ ഒരു എക്സ്ക്ലൂസീവ് പോലെ ഇതു സംബന്ധിച്ച് ഒന്നാം പേജിൽ തലക്കെട്ടായി കൊടുത്തിട്ടുണ്ട്. ആര് ആരിൽ നിന്ന് പഠിച്ച കഥയാണാവോ ഇത്? റിപ്പോർട്ടിൽ ഒരു ബോക്സിൽ എന്നെക്കുറിച്ചും പരാമർശമുണ്ട്. കിഫ്ബി മസാലബോണ്ട് കേസിൽ ഇഡി അന്വേഷണം നടത്തവേ ഇതു സംബന്ധിച്ച് ഒരു വർഷം മുമ്പ് വിവരം ലഭിച്ചിരുന്നുവത്രേ. ഇനിയാണ് ഹൈലൈറ്റ്.

“മസാലബോണ്ട് കേസ് അന്വേഷണത്തിനെതിരെ മുൻമന്ത്രി തോമസ് ഐസക്ക് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ കിഫ്ബിയുമായി നേരിട്ട് ബന്ധമില്ലാത്തവരുടെയും കുടുംബാംഗങ്ങളുടെയും സ്വത്ത്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ തേടുന്നത് സ്വകാര്യതയുടെ ലംഘനമാണെന്ന വാദം ഉയർത്തിയിരുന്നു. എന്നാൽ ഈ വ്യക്തികളും കുടുംബാംഗങ്ങളും ആരാണെന്നു വ്യക്തമാക്കിയിരുന്നില്ല.”ഹോ... എന്തൊരു ദുരൂഹത!

ആറ് ശതമാനം പലിശയ്ക്ക് വായ്പ കിട്ടുമായിരുന്നത് വേണ്ടെന്നുവച്ചിട്ടാണ് 9.7 ശതമാനത്തിന് കനേഡിയൻ പെൻഷൻ ഫണ്ടിന് ബോണ്ട് വിറ്റതത്രേ. ഈ പലിശ വ്യത്യാസത്തിന്റെ ലാഭവും ദുബായ് കമ്പനിയിലേക്ക് ഒഴുകിയിട്ടുണ്ടത്രേ. കനേഡിയൻ പെൻഷൻ ഫണ്ട് ലാവലിന്റെ ഉപകമ്പനിയാണെന്നും നിരീക്ഷണമുണ്ട്. പെൻഷൻ ഫണ്ട് മറ്റുപല കമ്പനികളിലെന്നപോലെ ലാവിന്റെ ഷെയറും വാങ്ങിയിട്ടുണ്ടാകാം. അത് എങ്ങനെ പെൻഷൻ ഫണ്ടിനെ ലാവിന്റെ ഉപകമ്പനിയാക്കും?

മസാലബോണ്ട് മാർക്കറ്റ് എങ്ങനെയാണു പ്രവർത്തിക്കുന്നതെന്ന പ്രാഥമിക വിവരമുള്ള ഒരുത്തൻ ഇങ്ങനെ പറയുമോ? റിസർവ്വ് ബാങ്കിന്റെ ചട്ടപ്രകാരം മസാലബോണ്ട് ഇറക്കുന്നതിന് അംഗീകൃത ബാങ്കുകളായ ഏജൻസികളെ ചുമതലപ്പെടുത്തണം. അവർ ടെണ്ടർ വിളിച്ച് ഏറ്റവും താഴ്ന്ന് നിരക്ക് ക്വാട്ട് ചെയ്യുന്നവരുടെ വിവരം കിഫ്ബിയെ അറിയിക്കും. അതിന്റെ അടിസ്ഥാനത്തിലാണ് ബോണ്ട് വിൽക്കുന്നത്. ഇതൊക്കെ സംബന്ധിച്ച് പ്രാഥമിക ധാരണപോലും ഇല്ലാത്തവരാണ് ഇത്തരം വാർത്തകൾ ചമയ്ക്കുന്നത്.

ആരോപണം തെറ്റെങ്കിൽ തനിക്കെതിരെ മാനനഷ്ട കേസ് കൊടുക്കട്ടേയെന്നാണ് ഷോൺ ജോർജിന്റെ വെല്ലുവിളി. ബഹുമാനപ്പെട്ട കോടതിയോട് വിനീതമായ ഒരു അഭ്യർത്ഥനയേയുള്ളൂ. ഇദ്ദേഹത്തെപോലുള്ള ശല്യക്കാരനായ വ്യവഹാരി നൽകിയിരിക്കുന്ന ഉപഹർജി പിൻവലിക്കാൻ അനുവദിക്കരുത്. കുഴൽനാടൻ കേസിലെന്നപോലെ ഒരു തീർപ്പുണ്ടാക്കണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thomas isaacExalogicVeena Vijayan
News Summary - Exalogic: Thomas Isaac defends Veena
Next Story