വിജിലൻസിൽ ഡെപ്യൂട്ടേഷന് ഇനി പരീക്ഷ ആദ്യ പരീക്ഷ ഏപ്രിൽ ഒന്നിന്
text_fieldsതിരുവനന്തപുരം: വിജിലൻസിലേക്ക് ഡെപ്യൂട്ടേഷൻ ഇനി എളുപ്പമല്ല. യോഗ്യത പരീക്ഷ പാസായാൽ മാത്രമേ വിജിലൻസിൽ ജോലി ലഭിക്കൂ. ‘എളുപ്പപണിയുള്ള സങ്കേതം’ എന്ന നിലയിൽ പൊലീസിൽ പലരും വിജിലൻസിലേക്ക് ഡെപ്യൂട്ടേഷൻ വാങ്ങുന്ന രീതിക്കാണ് മാറ്റം വരുന്നത്. യോഗ്യത പരീക്ഷ പാസാകുന്ന ഉദ്യോഗസ്ഥന്റെ മുൻകാല പ്രവർത്തനങ്ങൾ കൂടി പരിശോധിച്ച് മാത്രമാകും നിയമനം. അഴിമതി, ക്രിമിനൽ കേസുകളിൽ ആരോപണവിധേയരായവരെ അഴിമതിക്കെതിരായ പോരാട്ടം നടത്തുന്ന വിജിലൻസിൽ നിയമിക്കരുതെന്ന് നിലവിൽ വ്യവസ്ഥയുണ്ട്. സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടുകളുടെ ഉൾപ്പെടെ അടിസ്ഥാനത്തിലായിരിക്കണം നിയമനമെന്നാണ് ചട്ടം.
വിജിലൻസിലെ ചില ഉന്നതോദ്യോഗസ്ഥർ തന്നെ കൈക്കൂലി വാങ്ങി അഴിമതിക്കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചതായും മണ്ണ്, മണൽ മാഫിയക്കായി ഇടനിലക്കാരനായി പ്രവർത്തിച്ചെന്നുമൊക്കെ കണ്ടെത്തിയ സാഹചര്യത്തിലാണ് തീരുമാനം. പൊലീസ് സേനാംഗങ്ങൾ സർവിസ് കാലയളവിൽ വിജിലൻസിലും സേവനമനുഷ്ഠിച്ചെന്ന് ഉറപ്പുവരുത്താനുള്ള നീക്കവും ആരംഭിച്ചിട്ടുണ്ട്.
പരീക്ഷക്കായുള്ള പരീക്ഷ നടത്തിപ്പിനുള്ള നിർദേശങ്ങളും സിലബസും വിജിലൻസ് പുറത്തിറക്കി. ഏപ്രിൽ ഒന്നിന് ആദ്യ പരീക്ഷ നടത്തും. നിലവിൽ ക്രൈംബ്രാഞ്ച് നിയമനത്തിന് യോഗ്യത പരീക്ഷയുണ്ട്. അതേ രീതിയാണ് വിജിലൻസിലും അവലംബിക്കുക. 100 മാർക്കിനാണ് എഴുത്തുപരീക്ഷ. 600 പൊലീസുകാർക്കാണ് ആദ്യ പരീക്ഷ എഴുതാൻ അവസരം. കുറഞ്ഞത് മൂന്നുവർഷം വിജിലൻസിൽ സേവനമനുഷ്ഠിക്കണമെന്ന് ഉറപ്പുവരുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.